ടെസ്റ്റിൽ പുതിയ നായകനെ തേടി ഇന്ത്യ
text_fieldsന്യൂഡൽഹി: ഏകദിനത്തിലും ട്വന്റി20യിലും രോഹിത് ശർമക്കുശേഷം ദേശീയ ടീമിനെ ആരു നയിക്കുമെന്ന കാര്യത്തിൽ ഏറക്കുറെ ധാരണയുണ്ടെങ്കിലും പുതിയ ടെസ്റ്റ് ക്യാപ്റ്റനെ തീരുമാനിക്കുന്നത് അത്ര എളുപ്പമാവില്ല ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്. പരിമിത ഓവർ ക്രിക്കറ്റിൽ ഹാർദിക് പാണ്ഡ്യയെ ടീമിന്റെ മുഴുസമയ ചുമതല ഏൽപിക്കുന്നത് ഏകദിന ലോകകപ്പ് കഴിഞ്ഞാൽ സംഭവിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, പരമ്പരാഗത ഫോർമാറ്റിൽ രോഹിതിനുശേഷം ആരെ കപ്പിത്താനാക്കുമെന്നത് വലിയ പ്രശ്നമായി ബി.സി.സി.ഐക്ക് മുന്നിലുണ്ട്.
വ്യക്തിഗത പ്രകടനവും പോരാ
2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് സൈക്കിളിലേക്ക് കടക്കുകയാണ് ടീം ഇന്ത്യ. ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന രണ്ടു മത്സര പരമ്പരയോടെ ആരംഭിക്കും. കളിക്കാൻ രോഹിത് ലഭ്യമാണെങ്കിൽ നയിക്കാനും 36കാരൻ ഉണ്ടാവും. എന്നാൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ദയനീയ പരാജയവും ബാറ്ററെന്ന നിലയിൽ രോഹിത് താളം കണ്ടെത്താൻ വിഷമിക്കുന്നതും സെലക്ടർമാരെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നുണ്ട്.
2022 ആദ്യം വിരാട് കോഹ്ലിയിൽനിന്ന് നായകത്വം ഏറ്റെടുത്തശേഷം ഏഴു ടെസ്റ്റിലാണ് രോഹിത് കളിച്ചതും നയിച്ചതും. 35.45 ശരാശരിയിൽ 390 റൺസാണ് സ്കോർ ചെയ്തത്. ഒരു തവണ സെഞ്ച്വറി നേടിയപ്പോൾ എടുത്തുപറയാൻ വേറെ അർധ ശതകങ്ങൾ പോലുമില്ല.
ചർച്ചകളിൽ രഹാനെ മുതൽ ഗിൽ വരെ
കോഹ്ലിക്കുശേഷം കെ.എൽ. രാഹുലിനെ ടെസ്റ്റ് ക്യാപ്റ്റൻസി ഏൽപിക്കാനായിരുന്നു ബി.സി.സി.ഐയുടെ നീക്കം. എന്നാൽ, മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ ലഭിച്ച അവസരം വിജയകരമാക്കുന്നതിൽ രാഹുൽ പരാജിതനായി. വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിൽ തിരിച്ചടിയുണ്ടായാൽ രോഹിത് ഒഴിയാൻ നിർബന്ധിതനാവുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കോഹ്ലിയെ ഒരിക്കൽക്കൂടി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആലോചനയുണ്ട്. അദ്ദേഹം തയാറായില്ലെങ്കിൽ മധ്യനിര ബാറ്റർ അജിൻക്യ രഹാനെ, സ്പിന്നർ ആർ. അശ്വിൻ, യുവ ഓപണർ ശുഭ്മൻ ഗിൽ തുടങ്ങിയവരിലേക്ക് ചർച്ചകൾ നീളും. അശ്വിന് 36ഉം രഹാനെക്ക് 35ഉം വയസ്സാണ് പ്രായം. ഗില്ലിനാവട്ടെ, 23 വയസ്സേ ആയുള്ളൂ. പരിക്ക് ഭേദമായി ഋഷഭ് പന്ത് കളത്തിൽ സജീവമായാൽ ആ വഴിക്കൊരു നീക്കവും നടന്നുകൂടെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.