നാല് റൺസ് കൂടി ചേർത്ത് ഇന്ത്യ പുറത്ത്; ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ട് അശ്വിൻ
text_fieldsധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 477 റൺസിന് പുറത്ത്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റൺസെന്ന ശക്തമായ നിലയിലായിരുന്ന ആതിഥേയർക്ക് മൂന്നാം ദിനം സ്കോർ ബോർഡിൽ നാല് റൺസ് കൂടിയേ ചേർക്കാനായുള്ളൂ. 259 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് സ്വന്തമാക്കിയത്.
27 റൺസുമായി ക്രീസിലുണ്ടായിരുന്ന കുൽദീപ് യാദവിനെ മൂന്ന് റൺസ് കൂടി ചേർത്തപ്പോഴേക്കും ജെയിംസ് ആൻഡേഴ്സണും 19 റൺസുമായി പിടിച്ചുനിന്ന ബുംറയെ ഒരു റൺസ് കൂടി ചേർത്തപ്പോഴേക്കും ശുഐബ് ബഷീറും വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈയിലെത്തിച്ചതോടെ ഇന്ത്യൻ ഇന്നിങ്സിനും വിരാമമായി. മുഹമ്മദ് സിറാജ് റൺസൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് ബൗളർമാരിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശുഐബ് ബഷീർ മികച്ചുനിന്നപ്പോൾ ജെയിംസ് ആൻഡേഴ്സണും ടോം ഹാർട്ട്‍ലിയും രണ്ടുപേരെ വീതവും ബെൻ സ്റ്റോക്സ് ഒരാളെയും മടക്കി.
വൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് തുടക്കത്തിലേ നേരിട്ടത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ കറങ്ങിത്തിരിയുന്ന പന്തുകൾക്ക് മുമ്പിൽ മുട്ടുവിറച്ച ഇംഗ്ലീഷ് ബാറ്റർമാരിൽ മൂന്നുപേർ ഇതിനകം മടങ്ങിക്കഴിഞ്ഞു. 15 ഓവർ പിന്നിടുമ്പോൾ മൂന്നിന് 76 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. 25 പന്തിൽ 22 റൺസുമായി ജോ റൂട്ടും 21 പന്തിൽ 26 റൺസുമായി ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ.
സ്കോർ ബോർഡിൽ രണ്ട് റൺസ് ചേർത്തപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ട് റൺസെടുത്ത ബെൻ ഡക്കറ്റിനെ അശ്വിൻ ബൗൾഡാക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ ടോപ് സ്കോറർ സാക് ക്രോളിയുടെ ഊഴമായിരുന്നു അടുത്തത്. 16 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതിരുന്ന താരത്തെ അശ്വിന്റെ പന്തിൽ സർഫറാസ് ഖാൻ പിടികൂടി. 23 പന്തിൽ 19 റൺസെടുത്ത ഒലീ പോപിനെയും വൈകാതെ അശ്വിൻ തന്നെ മടക്കി. ഇത്തവണ ക്യാച്ച് ജയ്സ്വാളിനായിരുന്നു.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 218 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമയും (103) ശുഭ്മൻ ഗില്ലും (110) സെഞ്ച്വറിയുമായും യശസ്വി ജയ്സ്വാളും (57) ദേവ്ദത്ത് പടിക്കലും (65) സർഫറാസ് ഖാനും (56) അർധസെഞ്ച്വറികളുമായും കളം നിറഞ്ഞതോടെയാണ് വൻ ലീഡ് നേടിയത്. ആദ്യ അഞ്ചുപേരും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടർന്നെത്തിയ രവീന്ദ്ര ജദേജ (15), ധ്രുവ് ജുറേൽ (15), രവിചന്ദ്രൻ അശ്വിൻ (0) എന്നിവർ പെട്ടെന്ന് മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.