ഒടുവിൽ ഗ്രീൻഫീൽഡിലെ മണ്ണിൽ റൺ ഉറവ പൊട്ടി
text_fieldsതിരുവനന്തപുരം: ഒടുവിൽ ഗ്രീൻഫീൽഡിലെ മണ്ണിൽ ട്വന്റി20ക്കായി റൺ ഉറവ പൊട്ടി. കുത്തിയൊലിച്ചെത്തിയ റൺ പ്രളയത്തിൽ ക്രിക്കറ്റിനെ സ്നേഹിക്കുന്ന പതിനയ്യായിരത്തോളം വരുന്ന കാണികളെ ഇന്ത്യയും ആസ്ട്രേലിയയും മുക്കിയെടുത്തപ്പോൾ ബൗണ്ടറിക്കുമുകളിൽ മൂളിപ്പറക്കുന്ന ഓരോ പന്തും അവർക്ക് ആഘോഷമായിരുന്നു. ഒപ്പം ട്വന്റി20യുടെ മാദകഭംഗി മനംനിറയെ കൺകുളിർക്കെ, കണ്ടതിന്റെ ആവേശവും ഗാലറിയിൽ തുള്ളി തീർത്താണ് ഓരോ ക്രിക്കറ്റ് പ്രേമിയും കാര്യവട്ടത്തുനിന്ന് മടങ്ങിയത്.
വൈകീട്ട് നാലോടെ, സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. ശനിയാഴ്ച പരിശീലനം മഴയെടുത്തതോടെ ആസ്ട്രേലിയൻ സംഘം നാലോടെ ഗ്രൗണ്ടിലെത്തി. ഏകദിന ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ്, സൂപ്പർ താരം ഗ്ലൻ മാക്സ് വെൽ, മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അടക്കമുള്ളവർ നെറ്റിൽ പരിശീലനത്തിന് ആദ്യമിറങ്ങി. അരമണിക്കൂർ നീണ്ട ബാറ്റിങ് പരിശീലനത്തിനു ശേഷമാണ് മൂവരും ഗ്രൗണ്ടിലേക്കെത്തിയത്. അപ്പോഴും മറ്റ് ടീം അംഗങ്ങൾ ഫീൽഡിങ്, ബൗളിങ് പരിശീലനം ആരംഭിച്ചു കഴിഞ്ഞിരുന്നു
വൈകീട്ട് 5.40 ഓടെയാണ് ഇന്ത്യൻ സംഘം സ്റ്റേഡിയത്തിലെത്തിയത്. ആർപ്പുവിളികളോടെയായിരുന്നു ആരാധകർ വരവേറ്റത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ശിവം ദുബൈ, ഇഷാൻ കിഷൻ, റിങ്കു സിങ്ങുമെല്ലാം ആരാധകരുടെ സ്നേഹത്തിൽ നന്ദിയറിയിച്ച് കൈവീശി ഡ്രസിങ് റൂമിലേക്ക് കയറി.
ആറോടെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം ബാറ്റിങ് പരിശീലനം നടത്തിയതിനാൽ ആരും നെറ്റ്സിലേക്ക് എത്തിയില്ല. പകരം ബൗളിങ്, ഫീൽഡിങ് പരിശീലനത്തിലായിരുന്നു ഏറെ ശ്രദ്ധ. പരിശീലകൻ വി.വി.എസ്. ലക്ഷ്മൺ യശ്വസി ജയ്സ്വാളിന് നൽകിയത് സ്ലിപ് ക്യാച്ചിങ് പരിശീലനമായിരുന്നു. താരങ്ങളുടെ പരിശീലനത്തെ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് ആരാധകർ കണ്ടത്.
6.30 ഓടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ആസ്ട്രേലിയൻ ക്യാപ്റ്റൻ മാത്യുവെയ്ഡും ടോസിങ്ങിനായി ക്രീസിലേക്കെത്തി. 7.30ന് പിച്ചിലെ ഈർപ്പം കണക്കിലെടുത്ത് ആസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. ടീമിലേക്ക് ഗ്ലൻ മാക്സിവെല്ലും സ്പിന്നർ ആഡം സാമ്പയുമെത്തിയെന്ന് അറിഞ്ഞതോടെ സ്റ്റേഡിയത്തിലെത്തിയ ആസ്ട്രേലിയൻ ആരാധകരും ആവേശത്തിലായി. 6.56 ഓടെ മൊബൈൽ ലൈറ്റുകൾ തെളിയിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഗാലറി ഒന്നാകെ താരങ്ങളെയും അമ്പയർമാരെയും വരവേറ്റു. മത്സരത്തിന്റെ മൂന്നാം പന്തിൽ മർക്കസ് സ്റ്റോനിസിനെ ബൗണ്ടറി കടത്തി വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്ക് വാദ് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ഗാലറികളും ഉണർന്നു.
ഗ്രീൻഫീൽഡിന്റെ യശസ്സുയർത്തി ജയ്സ്വാൾ
ട്വന്റി-20യിൽ ഗ്രീൻഫീൽഡിലെ റൺ വരൾച്ചക്ക് വിരാമമിട്ടുകൊണ്ട് യശ്വസി ജയ്സ്വാൾ-ഗെയ്ക് വാദ് സഖ്യം അടിതുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയായിരുന്നു കുട്ടിക്രിക്കറ്റിലെ മുൻ രാജാക്കന്മാർ. ആസ്ട്രേലിയയുടെ പേസ് കുന്തമുന സീൻ അബോട്ടിന്റെ ആദ്യ ഓവറിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 24 റൺസാണ് ജയ്സ്വാൾ അടിച്ചുകൂട്ടിയത്.
കളിയുടെ ആദ്യ ആറ് ഓവറിൽ തന്നെ ഗ്രീൻഫീൽഡിലേത് ബൗളിങ് പിച്ചാണെന്ന ഖ്യാതി ഇന്ത്യ ഓപ്പണർമാർ തിരുത്തിയെഴുതി. പിന്നീട്, എത്തിയവരും ബൗളർമാരുടെ മുഖം നോക്കാതെ അടിതുടങ്ങിയതോടെ ട്വന്റി20യിൽ കാര്യവട്ടത്തെ ഏറ്റവും വലിയ സ്കോറിലേക്കാണ് യുവ ഇന്ത്യ പറന്നെത്തിയത്. 20 ഓവറിൽ 13 സിക്സുകളും 19 ഫോറുകളുമാണ് ഇന്ത്യ സന്ദർശകർക്കെതിരെ അടിച്ചുകൂട്ടിയത്.
ജേഴ്സി കച്ചവടക്കാർ നിരാശയിൽ
തിരുവനന്തപുരം: കാണികൾ കുറഞ്ഞത് കാര്യവട്ടത്ത് പ്രതീക്ഷയോടെ എത്തിയ ജേഴ്സി കച്ചവടക്കാരെയും നിരാശയിലാഴ്ത്തി. മുൻവർഷങ്ങളിൽ 30,000ത്തോളം ജേഴ്സികൾ വിറ്റുപോയിരുന്നിടത്ത് ഇന്നലെ പരമാവധി വിറ്റുപോയത് 8000ത്തോളം മാത്രമാണെന്ന് തിരുവനന്തപുരത്ത് സ്ഥിരമായി എത്താറുള്ള തമിഴ്നാട് സ്വദേശി രങ്കൻ പറഞ്ഞു. ടീമിലില്ലെങ്കിലും രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും ജേഴ്സികൾക്കായിരുന്നു ഇത്തവണയും ആരാധകരേറെ. മലയാളി താരം സഞ്ജു സാംസണിന്റെ ജേഴ്സി അന്വേഷിച്ചെത്തിയവരും ഏറെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.