ഓസീസിനെതിരെ രണ്ടാം ട്വന്റി20 ഇന്ന്, ബുംറ കളത്തിലിറങ്ങിയേക്കും
text_fieldsനാഗ്പുർ: ബൗളിങ് വട്ടപ്പൂജ്യമായിപ്പോയ ആദ്യ അങ്കത്തിലെ തോൽവിക്കു പകരംചോദിച്ച് കങ്കാരുക്കൾക്കെതിരെ ആതിഥേയർ ഇന്നിറങ്ങുമ്പോൾ ഒരേ ചോദ്യമാണെങ്ങും- സ്റ്റാർ പേസർ ബുംറക്ക് എന്തുപറ്റി? ഇംഗ്ലണ്ട് പര്യടനം അവസാനിച്ചതു മുതൽ െപ്ലയിങ് ഇലവനിലില്ലാത്ത താരം പുറംവേദന കാരണം ഏഷ്യകപ്പിൽ കളിച്ചിരുന്നില്ല.
പാകിസ്താനോടും ശ്രീലങ്കയോടും തോറ്റ് ടീം ആദ്യമേ പുറത്താകുകയും ചെയ്തു. ഇന്ത്യ സന്ദർശിക്കുന്ന ആസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ആദ്യ ട്വന്റി20ക്കിറങ്ങുമ്പോൾ ബുംറയുണ്ടാകുമെന്ന് കരുതിയെങ്കിലും അതും സംഭവിച്ചില്ല.
പേസർമാർ എറിഞ്ഞ 14 ഓവറിൽ ഓസീസ് ബാറ്റർമാർ അടിച്ചുകൂട്ടിയത് 150 റൺസ്. ആദ്യം ബാറ്റുചെയ്ത് 200ലേറെ റൺസുമായി സുരക്ഷിത ടോട്ടലിലെത്തിയെന്ന് തോന്നിച്ചിടത്തായിരുന്നു പേസർമാരുടെ സംഭാവനയിൽ ടീം തോൽവി ചോദിച്ചുവാങ്ങിയത്.
ഭുവനേശ്വർ കുമാറും യുസ്വേന്ദ്ര ചഹലുമടക്കം എല്ലാവരും തല്ലുവാങ്ങി. ഓൾറൗണ്ടർ രവീന്ദ്ര ജദേജക്കു പകരമെത്തിയ അക്സർ പട്ടേൽ 17 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റുമായി തിളങ്ങിയത് മാത്രമായിരുന്നു ആശ്വാസം. 19ാം ഓവർ എറിയാനെത്തിയ ഭുവിയെ ഓസീസിനു പുറമെ കഴിഞ്ഞ കളികളിൽ പാകിസ്താനും ശ്രീലങ്കയും കണക്കിന് പ്രഹരിച്ചിരുന്നു.
18ാം ഓവർ എറിഞ്ഞ ഹർഷൽ പട്ടേൽ 22 റൺസാണ് സംഭാവന നൽകിയത്. ലോകകപ്പിന് വേദിയുണരാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെയാണ് ദയനീയ പ്രകടനം. ഇത് പരിഹരിച്ച് ബുംറ ഇന്നിറങ്ങുമെന്നാണ് സൂചന. ഉമേഷ് യാദവിനെ കളിപ്പിച്ച് ബുംറക്ക് സമയം നീട്ടിനൽകിയ ടീം മാനേജ്മെന്റ് ഇനിയും പരീക്ഷണത്തിന് നിൽക്കില്ലെന്നാണ് സൂചന.
ബൗളിങ്ങിൽ മാത്രമല്ല, ഫീൽഡിങ്ങിലും ദയനീയ പരാജയമായിരുന്നു ടീം. മൂന്നു വിലപ്പെട്ട ക്യാച്ചുകളാണ് കഴിഞ്ഞ കളിയിൽ വെറുതെ കളഞ്ഞത്. ബാറ്റിങ്ങിൽ രോഹിത് ശർമയും വിരാട് കോഹ്‍ലിയും നേരത്തേ മടങ്ങിയപ്പോഴും ഹാർദിക്, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ ടീം മനോഹരമായി കളിച്ച് സ്കോർ മുന്നോട്ടുനയിച്ചു.
മറുവശത്ത്, ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് തുടങ്ങിയവരൊന്നുമില്ലാതിരുന്നിട്ടും പുതുനിരയുമായി വന്ന് കളംപിടിക്കുന്നതായിരുന്നു ഓസീസ് കാഴ്ച. രണ്ടാം ട്വൻറി20 കളിച്ച ഓൾറൗണ്ടർ കാമറോൺ ഗ്രീൻ 21 പന്തിൽ 45 അടിച്ച് വാർണറുടെ പകരക്കാരനായി.
അതേ മികവോടെ മറ്റുള്ളവർ കൂട്ടുനൽകുകയും ചെയ്തു. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഗ്രീൻ എന്നിവരടങ്ങിയ ബൗളിങ് നിര പക്ഷേ, മൊഹാലിയിൽ റൺ നന്നായി വിട്ടുനൽകിയതാണ് ഇന്ത്യക്ക് പ്രതീക്ഷയേകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.