ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്
text_fieldsചെന്നൈ: ആദ്യം ബാറ്റ് ചെയ്തവർക്കും 200 റൺസിനപ്പുറം സ്കോർ ചെയ്യാൻ കഴിയാതിരുന്ന ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമിനും ഓരോ ജയവുമായി പരമ്പര 1-1ൽ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിന് ഇന്ത്യയും ആസ്ട്രേലിയയും ബുധനാഴ്ച എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ രണ്ടു കൂട്ടർക്കും ജയം അനിവാര്യം.
ടെസ്റ്റ് പരമ്പരക്കു പിന്നാലെ ഏകദിന കിരീടവും ലക്ഷ്യമിടുന്ന ആതിഥേയർക്ക് രണ്ടാം മത്സരത്തിലെ കനത്ത തോൽവിയുടെ ക്ഷീണമുണ്ട്. ഏകദിന പരമ്പരയെങ്കിലും കൈപ്പിടിയിലൊതുക്കാനാണ് ഓസീസിന്റെ പടപ്പുറപ്പാട്.
ടോപ് ഓർഡർ ബാറ്റർമാരുടെ പരാജയമാണ് ഇന്ത്യയെ ഇപ്പോഴും അലട്ടുന്ന പ്രശ്നം. ആദ്യ മൂന്നു ടെസ്റ്റിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഒന്നാം ഏകദിനത്തിൽ ആസ്ട്രേലിയയെ 188 റൺസിന് പുറത്താക്കിയിട്ടും നാലു വിക്കറ്റിന് 39ലേക്ക് തകർന്ന ടീം മധ്യനിരയുടെ കരുത്തിൽ കരകയറി ജയം പിടിച്ചു.
വിശാഖപട്ടണത്ത് പക്ഷേ, ബാറ്റർമാരും ബൗളർമാരും ഒരുപോലെ ആയുധംവെച്ച് കീഴടങ്ങി. ഇന്ത്യയെ 117ൽ ചുരുട്ടിക്കൂട്ടിയ കംഗാരു നാട്ടുകാർ ഒരു വിക്കറ്റുപോലും നഷ്ടപ്പെടാതെ വെറും 66 പന്തിൽ 121 റൺസടിച്ച് ജയംപിടിച്ചു. ട്വന്റി20യിൽ ലോക ഒന്നാം നമ്പറായ സൂര്യകുമാർ യാദവ് ടെസ്റ്റിൽ കിട്ടിയ അവസരം വിനിയോഗിച്ചിരുന്നില്ല.
ഏകദിനത്തിൽ അതിനെക്കാൾ പരിതാപകരമായി സൂര്യയുടെ സ്ഥിതി. രണ്ടു മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ മിച്ചൽ സ്റ്റാർക്കിനു മുന്നിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഡെക്കായി തിരിഞ്ഞുനടന്നു താരം.
മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണെപ്പോലുള്ളവർ ടീമിൽ ഇടംലഭിക്കാതെയിരിക്കുമ്പോൾ സൂര്യയെ വീണ്ടും വീണ്ടും പരിഗണിക്കുന്നതിൽ ആരാധക രോഷമുയർന്നിട്ടുണ്ട്. ഇന്ത്യൻ ഇലവനിൽ വലിയ പരീക്ഷണങ്ങൾക്ക് സാധ്യത കാണുന്നില്ല. ഡൽഹി ടെസ്റ്റിനിടെ പരിക്കേറ്റ് പുറത്തായ ഓസീസ് ഓപണർ ഡേവിഡ് വാർണർ ടീമിൽ മടങ്ങിയെത്തിയെങ്കിലും രണ്ടു മത്സരങ്ങളിലും ഇറങ്ങിയിരുന്നില്ല. വാർണറെ തിരിച്ചുകൊണ്ടുവന്നാൽ മിച്ചൽ മാർഷ് നമ്പർ മൂന്നിലേക്കോ നാലിലേക്കോ മാറേണ്ടിവരും.
സാധ്യത ടീം: ഇന്ത്യ -രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്/വാഷിങ്ടൺ സുന്ദർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ആസ്ട്രേലിയ -ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ മാർഷ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, സീൻ അബോട്ട്/ആഷ്ടൺ അഗർ/ നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.