വാരുമോ ചരിത്രം; ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്
text_fieldsരാജ്കോട്ട്: ആസ്ട്രേലിയക്കെതിരെ ഇന്നോളം ഒരു ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ ജയം നേടിയിട്ടില്ല. നിലവിലെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ആതിഥേയർ ബുധനാഴ്ച മൂന്നാം അങ്കത്തിനിറങ്ങുമ്പോൾ ലക്ഷ്യം ഒന്നേയുള്ളൂ. ആസന്നമായ ലോകകപ്പിനു മുമ്പ് കളിക്കുന്ന അവസാന ഏകദിനവും നേടി തൂത്തുവാരൽ.
അങ്ങനെ സംഭവിച്ചാൽ അതൊരു ചരിത്രമാവും. ക്യാപ്റ്റൻ രോഹിത് ശർമ, മറ്റു സീനിയർ താരങ്ങളായ വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ വിശ്രമത്തിനുശേഷം ഇന്ത്യൻ സംഘത്തിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഏഷ്യൻ ഗെയിംസ് ടീമിലെ ഋതുരാജ് ഗെയ്ക് വാദും തിലക് വർമയും മൂന്നാം ഏകദിന സംഘത്തിലില്ല. ഇവർക്കുപുറമെ ഓപണർ ശുഭ്മൻ ഗില്ലും ഓൾറൗണ്ടർമാരായ ശാർദുൽ ഠാകുറും അക്സർ പട്ടേലും രാജ്കോട്ടിൽ ടീമിനൊപ്പമില്ല. രോഹിതും കോഹ്ലിയും ഓൾ റൗണ്ടർ ഹാർദിക്കും ഇല്ലാത്ത ബാറ്റിങ് നിര ഇന്ദോറിൽ 399 റൺസ് അടിച്ചുകൂട്ടിയത് ഇന്ത്യക്ക് നൽകുന്ന ആവേശം വലുതാണ്.
ഉജ്ജ്വല പ്രകടനം തുടരുന്ന ഗില്ലും കെ.എൽ. രാഹുലും ഫോം വീണ്ടെടുത്ത ശ്രേയസ് അയ്യരും സൂര്യകുമാർ യാദവുമെല്ലാം ലോകകപ്പ് ഒരുക്കത്തിൽ ആത്മവിശ്വാസം കൂട്ടുന്നു. പേസർമാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ബൗളിങ്ങിൽ മികവ് പുലർത്തുന്നുണ്ട്. സ്പിൻ ഡിപ്പാർട്മെന്റിൽ കുൽദീപും രവീന്ദ്ര ജദേജയും സജ്ജരാണ്. ആസ്ട്രേലിയയെ സംബന്ധിച്ച് ആദ്യ രണ്ടു മത്സരങ്ങളിൽ ഏറ്റുവാങ്ങിയ കനത്ത തോൽവിയുടെ ആഘാതം മാറാൻ ആശ്വാസ ജയം അനിവാര്യം.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ.
ആസ്ട്രേലിയ: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർനസ് ലബൂഷാൻ, അലക്സ് കാരി, ജോഷ് ഇംഗ്ലിസ്, മാത്യു ഷോർട്ട്, സീൻ അബോട്ട്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, സ്പെൻസർ ജോൺസൺ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ് വെൽ, തൻവീർ സംഘ, മിച്ചൽ സ്റ്റാർക്, ആദം സാംപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.