ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്നു മുതൽ
text_fieldsഇന്ദോർ: ആദ്യ രണ്ടു ടെസ്റ്റിലും ഉജ്ജ്വല വിജയം സ്വന്തമാക്കി ബോർഡർ-ഗവാസ്കർ ട്രോഫിയുടെ കൈവശാവകാശം നിലനിർത്തിയ ഇന്ത്യ പരമ്പരനേട്ടം ഉറപ്പിക്കാൻ ആസ്ട്രേലിയക്കെതിരെ ബുധനാഴ്ച ഇറങ്ങുന്നു. രവീന്ദ്ര ജദേജ- രവിചന്ദ്രൻ അശ്വിൻ-അക്സർ പട്ടേൽ സ്പിൻ ഓൾറൗണ്ട് ത്രയങ്ങളുടെ മികവ് മൂന്നാം മത്സരത്തിലും അനുഗ്രഹമാവുമെന്നും അതുവഴി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കടക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് രോഹിത് ശർമയും സംഘവും.
ജയം തുടർന്നാൽ ഐ.സി.സി ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അതിവിദൂരമല്ലാതെ ഇന്ത്യക്കു മുന്നിലുണ്ട്. പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയതിനാൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്.
മുൻനിര ബാറ്റർമാർ പ്രതീക്ഷിച്ചപോലെ റൺസ് കണ്ടെത്താത്തത് ഇന്ത്യക്ക് തലവേദനയായുണ്ട്. പ്രത്യേകിച്ച് ഓപണർ കെ.എൽ. രാഹുൽ കഴിഞ്ഞ കുറെ നാളായി വൻ പരാജയമാണ്. രാഹുലിന്റെ ഉപനായക സ്ഥാനം എടുത്തുകളഞ്ഞ ടീം മാനേജ്മെന്റ് താരത്തിന് ഇനിയും അവസരം നൽകണോയെന്ന കാര്യത്തിൽ പുനരാലോചന നടത്തുന്നുണ്ടെന്ന് വ്യക്തം.
ഫോമിലുള്ള ശുഭ്മാൻ ഗിൽ കരക്കിരിക്കുമ്പോഴാണ് രാഹുലിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നത്. വിരാട് കോഹ്ലി, ചേതേശ്വർ പുജാര തുടങ്ങിയവരും ഇതുവരെ വലിയ സ്കോർ കണ്ടെത്തിയിട്ടില്ല. ഓൾറൗണ്ടർമാരായ ജദേജയും അശ്വിനും അക്സറും പന്തും ബാറ്റുംകൊണ്ട് ഇന്ത്യയെ വിജയങ്ങളിലേക്ക് നയിക്കുന്നതാണ് കാണുന്നത്.
ആസ്ട്രേലിയയെ സംബന്ധിച്ച് ഇന്ത്യയിലെത്തിയതു മുതൽ തിരിച്ചടികൾ മാത്രമാണ്. പേസർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ പരിക്കു കാരണം ആദ്യ രണ്ടു ടെസ്റ്റുകളിലും ഇറങ്ങിയില്ല. രണ്ടാം മത്സരത്തിൽ തലക്ക് പന്തു തട്ടിയ ഡേവിഡ് വാർണറും കളി നിർത്തി. കമ്മിൻസിനെ കൂടാതെ വാർണറും ഹേസൽവുഡും സ്പിന്നർ ആഷ്ടൺ ആഗറും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
സ്റ്റാർകും ഗ്രീനും മൂന്നാം ടെസ്റ്റ് മുതൽ കളിക്കുന്നത് ആശ്വാസമാണ്. പരമ്പര നഷ്ടമാവാതിരിക്കാൻ ഓസീസിന് ജയം അനിവാര്യം. ടീം ഇവരിൽനിന്ന്: ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജദേജ, കെ.എസ്. ഭരത്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഉമേഷ് യാദവ്, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്.
ആസ്ട്രേലിയ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഉസ്മാൻ ഖാജ, ട്രാവിസ് ഹെഡ്, പീറ്റർ ഹാൻഡ്സ്കോംബ്, മാർനസ് ലബുഷെയ്ൻ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, നഥാൻ ലിയോൺ, മാറ്റ് കുനിമാൻ, മിച്ചൽ സ്റ്റാർക്, സ്കോട്ട് ബോളണ്ട്, ടോഡ് മർഫി, ലാൻസ് മോറിസ്, മാത്യു റെൻഷോ, മിച്ചൽ സ്വെപ്സൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.