ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റ്; സ്പിന്നർമാർക്കെതിരെ റിസ്കൊഴിവാക്കി കളിക്കാൻ ഓസീസ്
text_fieldsഇന്ദോർ: ഇന്ത്യൻ സ്പിന്നർമാർക്കെതിരെ സ്വീപും റിവേഴ്സ് സ്വീപുമടക്കമുള്ള റിസ്കി ഷോട്ടുകൾ കളിച്ചാണ് ആദ്യ രണ്ടു ടെസ്റ്റുകളിലും ആസ്ട്രേലിക്കാർ വിക്കറ്റുകൾ കൂടുതലും കളഞ്ഞുകുളിച്ചത്. അതിനാൽ തന്നെ, ആക്രമണോത്സുക ബാറ്റിങ്ങിന്റെ ഭാഗമായ ഇത്തരം ഷോട്ടുകൾ അധികം കളിക്കാതെ സ്പിന്നിനെ നന്നായി നേരിട്ട ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം മാതൃകയാക്കാനൊരുങ്ങുകയാണ് മൂന്നാം ടെസ്റ്റിൽ ഓസീസ് കളിക്കാർ.
സ്വീപും റിവേഴ്സ് സ്വീപും ഒഴിവാക്കി പാദചലനങ്ങൾ ഉപയോഗിച്ച് സ്പിന്നർമാർക്കെതിരെ ഡൗൺ ദ ഗ്രൗണ്ട് ഷോട്ടുകൾ കളിക്കാനാണ് ആസ്ട്രേലിയൻ ബാറ്റർമാർ പരിശീലനത്തിനിടെ കൂടുതൽ സമയം ചെലവഴിച്ചത്. സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഉസ്മാൻ ഖ്വാജയുമടക്കമുള്ളവർ ഇതിനായാണ് നെറ്റ്സിൽ കൂടുതൽ സമയം ചെലവഴിച്ചത്.
ഓഫ് സ്പിന്നർ നതാൻ ലിയോണിനും മാത്യു കുനെമാനിനുമെതിരെ ഫ്രണ്ട് ഫൂട്ട് ഡിഫൻസും ഓൺ, ഓഫ് ഡ്രൈവുകളും കളിക്കാനായിരുന്നു ശ്രമം. മികച്ച സ്വീപ്പർ എന്ന വിശേഷണമുണ്ടായിട്ടും കളിച്ച നാലു ഇന്നിങ്സുകളിലും അതേ ഷോട്ട് കളിച്ച് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരിയും കൂടുതൽ സ്ട്രെയ്റ്റ് ബാറ്റ് ഷോട്ടുകൾ കളിച്ചു.
പിന്നീടെത്തിയ മാർനസ് ലബുഷെയ്ൻ, ട്രാവിസ് ഹെഡ്, പീറ്റർ ഹാൻസ്കോമ്പ് എന്നിവർ ഓഫ് സ്പിന്നർ ടോഡ് മർഫി, ലെഗ് സ്പിന്നർ മിച്ചൽ സ്വെപ്സൺ എന്നിവർക്കെതിരെയും സമാനമായ രീതിയിൽ ബാറ്റുചെയ്ത് പരിശീലിച്ചു.
പൂർണ ഫിറ്റല്ലെങ്കിലും ഇറങ്ങാനൊരുങ്ങി സ്റ്റാർക്
പൂർണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെങ്കിലും മൂന്നാം ടെസ്റ്റിൽ കളിക്കുമെന്ന് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്. ‘ബുദ്ധിമുട്ടുകളുമായി ഞാൻ ആദ്യമായൊന്നുമല്ല കളിക്കുന്നത്. 100 ശതമാനം ശാരീരികക്ഷമതയോടെയാണെങ്കിൽ ഞാൻ കരിയറിൽ ഇതുവരെ അഞ്ചോ പത്തോ ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുണ്ടാവുമായിരുന്നുള്ളൂ’ -സ്റ്റാർക് പറഞ്ഞു. പരിക്കുമാറിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ഇറങ്ങിയേക്കും.
ഇന്ത്യൻ മണ്ണിൽ സ്കോർ ചെയ്തില്ലെങ്കിൽ വിമർശനമുണ്ടാവും: രാഹുലിനോട് ഗാംഗുലി
കൊൽക്കത്ത: ഇന്ത്യയിലെ പിച്ചുകളിൽ വേണ്ടത്ര സ്കോർ ചെയ്തില്ലെങ്കിൽ വിമർശനം നേരിടേണ്ടിവരുമെന്നും അതാണ് കെ.എൽ. രാഹുലിന് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മുൻ നായകൻ സൗരവ് ഗാംഗുലി. ‘ഇത് രാഹുലിന് മാത്രം സംഭവിക്കുന്നതല്ല. മുമ്പും ഇതുണ്ടായിട്ടുണ്ട്’ -മുൻ ബി.സി.സി.ഐ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
‘കളിക്കാർക്കുമേൽ ഏറെ സമ്മർദമുണ്ടാവും. എന്നാൽ, ടീം മാനേജ്മെന്റും നായകനും കോച്ചും എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രധാനം. അവർ നിങ്ങളെ എത്രമാത്രം വിശ്വസിക്കുന്നു എന്നതാണ് പ്രസക്തം’ -ഗാംഗുലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.