ഗാബയിൽ മൂന്നാമങ്കം; ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം
text_fieldsബ്രിസ്ബേൻ: ഗാബ സ്റ്റേഡിയത്തിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് രോഹിത് ശർമയും കൂട്ടരും. ആസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ജയിച്ച് പരമ്പരയിൽ മുന്നിലെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കിയ സന്ദർശകർ രണ്ടാം ടെസ്റ്റിൽ ഓസീസ് കരുത്തിനുമുന്നിൽ പത്ത് വിക്കറ്റിന്റെ തോൽവിയാണ് വഴങ്ങിയത്.
പ്രതീക്ഷയോടെ മൂന്നാമങ്കത്തിനിറങ്ങുന്നത് ഗാബയിലാണ്. നാലുവർഷം മുമ്പ് ആസ്ട്രേലിയയെ മുട്ടുകുത്തിച്ച പരമ്പരയിൽ ഗാബയിലെ വിജയവും ശ്രദ്ധേയമായിരുന്നു. 328 റൺസിനായിരുന്നു അജിൻക്യ രഹാനെ നയിച്ച ടീമിന്റെ അന്നത്തെ ജയം. എന്നാൽ, പഴയനേട്ടം ആവർത്തിക്കണമെങ്കിൽ ഇന്ത്യൻ ടീമിന് ഇനിയും മെച്ചപ്പെടാനുണ്ട്. അഡലെയ്ഡ് ടെസ്റ്റിൽ ബാറ്റിങ്ങും ബൗളിങ്ങും നിരാശപ്പെടുത്തുന്നതായിരുന്നു. പുതുതാരമായ നിതീഷ് റെഡ്ഡി ഒഴികെയുള്ളവർക്ക് ബാറ്റിങ്ങിൽ ഒന്നും ചെയ്യാനായില്ല.
ക്യാപ്റ്റൻ രോഹിത് ശർമ ഏത് പൊസിഷനിൽ കളിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒന്നാം ടെസ്റ്റിൽ കളിക്കാതിരുന്ന രോഹിത് അഡലെയ്ഡിൽ ആറാമനായാണ് ഇറങ്ങിയത്. ഒന്നാമിന്നിങ്സിൽ മൂന്നും രണ്ടാമൂഴത്തിൽ ആറും റൺസിൽ ഇന്ത്യൻ നായകൻ ഒതുങ്ങി. പരിശീലനത്തിനിടെ പുതിയ പന്തുകൾ ഏറെ നേരം നേരിട്ട രോഹിതിനെ ഓപണർ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമോയെന്ന് വ്യക്തമല്ല. രോഹിത് ഓപണറായി മടങ്ങിയെത്തിയാൽ കെ.എൽ. രാഹുൽ പുറത്തിരിക്കും. ഈ നീക്കം നടന്നാൽ രോഹിതിന് കൂട്ടായി യുവതാരം യശസ്വി ജയ്സ്വാൾ കളിക്കും. വാഷിങ്ടൺ സുന്ദറോ ആർ. അശ്വിനോ ഏക സ്പിന്നറാകും. വിദേശ പിച്ചുകളിൽ മികച്ച റെക്കോഡുള്ള രവീന്ദ്ര ജദേജക്ക് അവസരം നൽകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ആകാശ് ദീപും മുഹമ്മദ് സിറാജും ജസ്പ്രീത് ബുറയും പേസർമാരായി ഇലവനിലുണ്ടാകും.
പെർത്തിൽ സെഞ്ച്വറി നേടിയ സീനിയർ താരം വിരാട് കോഹ്‍ലിക്കും നിർണായകമായ മത്സരമാണിത്. ഈ സീസണിൽ കോഹ്‍ലിയുടെ ശരാശരി ഒന്നാമിന്നിങ്സ് സ്കോർ പത്ത് റൺസാണ്. ഇന്ത്യൻ ടീമിന്റെ ഒന്നാമിന്നിങ്സ് പ്രകടനവും ഈ സീസണിൽ നിരാശാജനകമാണ്. ഓസീസ് നിരയിൽ ട്രാവിസ് ഹെഡാണ് ഇന്ത്യക്ക് വലിയ തലവേദന. സ്റ്റീവ് സ്മിത്ത് ഫോമിലെത്തിയിട്ടില്ല. ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും അതിവേഗ പന്തുകളുമായി രംഗത്തുണ്ടാകും. ഇന്ത്യൻ സമയം രാവിലെ 5.50ന് മത്സരം തുടങ്ങും. അഞ്ചാം ദിനം ഒഴികെ മഴയുടെ സാധ്യതയാണ് വിദഗ്ധർ പ്രവചിച്ചത്. ആദ്യദിനത്തിൽ ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.