ഇന്ത്യ-ആസ്ട്രേലിയ അവസാന ടെസ്റ്റ് ഇന്നു മുതൽ
text_fieldsഅഹ്മദാബാദ്: അഞ്ചു ദിനം നീളുന്നതാണ് ടെസ്റ്റ് മത്സരങ്ങളെങ്കിലും ഇന്ത്യ-ആസ്ട്രേലിയ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ കഴിഞ്ഞ മൂന്നെണ്ണവും രണ്ടര ദിവസംകൊണ്ട് അവസാനിച്ചു. ആദ്യത്തെ രണ്ടിലും ഇന്ത്യയാണ് ജയിച്ചതെങ്കിൽ മൂന്നാമത്തേതിൽ ഓസീസ് അതേ നാണയത്തിൽ തിരിച്ചടിച്ചു. നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് വ്യാഴാഴ്ച മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരംഭിക്കുമ്പോൾ സമ്മർദം രണ്ടു ഭാഗത്തുമുണ്ട്. ആതിഥേയരെ തോൽപിച്ച് പരമ്പര സമനിലയിലാക്കുകയാണ് ആസ്ട്രേലിയയുടെ ലക്ഷ്യം. ജയിച്ചാൽ ഇന്ത്യക്ക് 3-1ന് പരമ്പര നേടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ പ്രവേശിക്കാനാവും. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ കളി കാണാനുണ്ടാവുമെന്നതിനാൽ നിറഞ്ഞ ഗാലറിക്കു മുന്നിലാവും തുടക്കം.
ബാറ്റർമാരുടെ മോശം പ്രകടനംതന്നെയാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്നം. വേഗം കുറഞ്ഞ പിച്ചുകൾ ഇന്ത്യൻ മണ്ണിൽ പതിവാണെങ്കിലും ശതകങ്ങളും ഇരട്ട ശതകങ്ങളും പിറക്കാറുണ്ട്. ഒന്നാം ടെസ്റ്റിൽ നായകൻ രോഹിത് ശർമ നേടിയ സെഞ്ച്വറി ഒഴിച്ചാൽ ഇരു ഭാഗത്തെയും ഒരു ബാറ്റർക്കും ഇതുവരെ മൂന്നക്കം കണ്ടെത്താനായിട്ടില്ല. വിരാട് കോഹ്ലിയടക്കമുള്ളവരുടെ അക്കൗണ്ടിൽ അർധശതകം പോലുമില്ല. തുടർച്ചയായി അവസരങ്ങൾ ലഭിച്ച ശ്രേയസ് അയ്യരും കെ.എൽ. രാഹുലിനെ മാറ്റി കൊണ്ടുവന്ന ശുഭ്മൻ ഗില്ലും അവസരത്തിനൊത്തുയർന്നില്ല. മൂന്ന് ടെസ്റ്റിലും പുറത്തിരുന്ന ഇഷാൻ കിഷന് അരങ്ങേറ്റം ലഭിച്ചാൽ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരത് കരക്കാവും. നാഗ്പുരിലെയും ഡൽഹിയിലെയും ഇന്ദോറിലെയും പിച്ചുകളെക്കുറിച്ച് പരാതി ഉയർന്നതോടെ മൊട്ടേരയിലെ സ്ഥിതിഗതികളിൽ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. ബൗൺസുണ്ടാവുമെന്നും റൺസ് നേടാൻ വിഷമമുണ്ടാവില്ലെന്നുമാണ് പിച്ചൊരുക്കിയവരുടെ അവകാശവാദം. ബൗളിങ് നിരയിൽ ഇന്ത്യക്ക് ആശങ്കകളില്ല. മുഹമ്മദ് ഷമിയെ തിരിച്ചുകൊണ്ടുവരുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മത്സരങ്ങളും കളിച്ച പേസ് ബൗളർ മുഹമ്മദ് സിറാജിന് വിശ്രമം നൽകി ഉമേഷ് യാദവിനെ ഇറക്കാനാണ് സാധ്യത.
പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് തന്നെ ആസ്ട്രേലിയയെ നയിക്കും. ഡേവിഡ് വാർണർ ഉൾപ്പെടെയുള്ളവരുടെക്കൂടി അഭാവത്തിലും കഴിഞ്ഞ മത്സരം അനായാസം ജയിക്കാൻ കഴിഞ്ഞത് ഇവർക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സ്പിന്നർമാരായ നതാൻ ലിയോണും ടോഡ് മർഫിയും പിച്ചിന്റെ ആനുകൂല്യം ശരിക്കും മുതലെടുത്ത് ഇന്ത്യൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കുന്നുണ്ട്. മൂന്നു സ്പെഷലിസ്റ്റ് സ്പിന്നർമാരെ കളിപ്പിച്ചുകൊണ്ടിരിക്കുന്ന ഓസീസ് ഒരാളെ മാറ്റി പേസറെ കൊണ്ടുവന്നാലും അത്ഭുതപ്പെടാനില്ല.
സാധ്യത ടീം: ഇന്ത്യ - രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജദേജ, ശ്രീകർ ഭരത്/ഇഷാൻ കിഷൻ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്/മുഹമ്മദ് സിറാജ്.
ആസ്ട്രേലിയ: സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), ഉസ്മാൻ ഖാജ, ട്രാവിസ് ഹെഡ്, മാർനസ് ലബുഷെയ്ൻ, പീറ്റർ ഹാൻഡ്സ്കോംബ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്, നതാൻ ലിയോൺ, ടോഡ് മർഫി/സ്കോട്ട് ബോളണ്ട്, മാത്യു കുനിമാൻ/ലാൻസ് മോറിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.