തിരുപ്പിറവിയാകുമോ...?
text_fieldsമെൽബൺ: ഇന്ന് ക്രിസ്മസ്. തിരുപ്പിറവിയോർത്ത് ലോകമെങ്ങും ആഘോഷിക്കുന്ന ദിവസം. പക്ഷേ, ആസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഈ ക്രിസ്തുമസ് നോവിെൻറതാണ്. ആദ്യ ടെസ്റ്റിൽ അതിദയനീയമായി തോറ്റതിെൻറ മുറിപ്പാടിൽനിന്നും ഇപ്പോഴും രക്തമൊഴുകുന്നു. ഒരു വശത്ത് കോവിഡിെൻറ രണ്ടാം വരവിൽ ആസ്ട്രേലിയ അതിർത്തികൾക്ക് താഴിട്ടുകൊണ്ടിരിക്കുന്നു. രാജ്യം വീണ്ടും ഭീതിയിൽ വിറക്കുന്നു. അതിനിടയിൽ നായകൻ നാട്ടിലേക്ക് വണ്ടി കയറി.
ക്രിസ്മസിെൻറ അടുത്ത ദിവസം ബോക്സിങ് ഡേ എന്നറിയപ്പെടുന്നു. ക്രിസ്മസിൽ ബാക്കിവെച്ച ആഘോഷങ്ങൾ അവസാനിക്കാത്ത ദിനം. ബോക്സിങ് ഡേയിൽ മെൽബൺ മൈതാനത്ത് രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ വിരാട് കോഹ്ലി ഏൽപിച്ചുപോയ കപ്പിത്താൻ പദവിയിൽ അജിൻക്യ രഹാനെക്കു പിടിപ്പതു പണിയാണ്. ഇത് രഹാനെക്കു മാത്രമല്ല, കോച്ച് രവിശാസ്ത്രിക്കും വെല്ലുവിളിയാണ്.
ഏകദിന പരമ്പര 2-1ന് തോറ്റ ശേഷം ട്വൻറി 20യിൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ, അഡ്ലെയ്ഡിൽ പകലും രാത്രിയുമായി നടന്ന പിങ്ക്ബാൾ ടെസ്റ്റിൽ ഇന്ത്യക്ക് പിണഞ്ഞത് ചരിത്ര തോൽവിയായിരുന്നു. ആദ്യ ഇന്നിങ്സിൽ 53 റൺസിെൻറ ലീഡ് സ്വന്തമാക്കിയ ശേഷമായിരുന്നു രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറായ 36 റൺസിന് പുറത്തായത്. ആദ്യ രണ്ടു സെഷനിലും മുന്നിട്ടുനിന്ന ശേഷം ഇങ്ങനെ തലകുത്തി വീണൊരു ടീം എങ്ങനെ അടുത്ത മത്സരത്തിൽ ഉയിർത്തെഴുന്നേൽക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചത് അസ്ഥാനത്തല്ല. മാത്രവുമല്ല, വിദേശ പിച്ചുകളിൽ ഇന്ത്യൻ ബൗളിങ്ങിന് വിശ്വസിക്കാവുന്ന മുഹമ്മദ് ഷമി പരിക്കുപറ്റി ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പുറത്തിരിക്കുന്നതും വലിയ തിരിച്ചടിയായി.
ആരെയെടുക്കും..?
ആദ്യ ഇലവനിൽ ആരെയൊക്കെ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ അജിൻക്യ രഹാനെക്കും ശാസ്ത്രിക്കും തലവേദന ചെറുതായിരിക്കില്ല. ആദ്യം കോഹ്ലിക്കും ഷമിക്കും പകരക്കാരെ കണ്ടെത്തണം. ബാറ്റിങ്ങിലെ പഴുതുകൾ അടയ്ക്കണം. ഓപണർ സ്ഥാനത്ത് ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും പരാജയമായ പൃഥ്വിഷായെ പുറത്തിരുത്താനാണ് സാധ്യത. സുനിൽ ഗവാസ്കർ അടക്കമുള്ളവർ ഷായുടെ ബാറ്റിങ്ങിനെ ഏറെ വിമർശിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ ഷാ പുറത്തുതന്നെയിരിക്കും. പകരം ലോകേഷ് രാഹുലോ ശുഭ്മാൻ ഗില്ലോ എന്ന കാര്യത്തിൽ തർക്കത്തിനിടയുണ്ട്. അനുഭവസമ്പത്തിന് മുൻതൂക്കം നൽകിയാൽ ഗില്ലിനെക്കാൾ രാഹുലിനാവും സാധ്യത. മായങ്ക് അഗർവാളിനെ തൽക്കാലം മാറ്റി പ്രതിഷ്ഠിക്കാൻ സാധ്യത കാണുന്നില്ല.
ചേതേശ്വർ പുജാരയുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ല. ആദ്യ ടെസ്റ്റിൽ കാര്യമായ സംഭാവന ചെയ്തില്ലെങ്കിലും സന്നാഹ മത്സരത്തിൽ സെഞ്ച്വറി അടിച്ച ഹനുമ വിഹാരിയെ നിലനിർത്തിയാൽ ആൾ റൗണ്ടർ സ്ഥാനത്ത് രവീന്ദ്ര ജദേജയുടെ സാധ്യത മങ്ങും. വിക്കറ്റിനു പിന്നിൽ വൃദ്ധിമാൻ സാഹയുടെ സാന്നിധ്യം മതിയോ , അതോ സന്നാഹത്തിലെ സെഞ്ചൂറിയൻ ഋഷഭ് പന്തിനെ പരീക്ഷിക്കണോ എന്ന കാര്യവും രഹാനെയെ അലട്ടുന്നുണ്ട്.
ബൗളിങ്ങിൽ ജസ്പ്രീത് ബുംമ്രക്കും ഉമേഷ് യാദവിനും രവിചന്ദ്ര അശ്വിനും ഇളക്കമുണ്ടാവില്ല. ഷമിക്കു പകരം മുഹമ്മദ് സിറാജിനെയോ നവദ്വീപ് സെയ്നിയെയോ പരിഗണിച്ചാൽ അത് അവരുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് വഴിയൊരുങ്ങും. ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ ആസ്ട്രേലിയയിൽ എത്തിയെങ്കിലും ക്വാറൻറീൻ കഴിഞ്ഞ് മൂന്നാം ടെസ്റ്റിൽ മാത്രമേ ഇറങ്ങൂ.
മറുവശത്ത് ഓസീസ് ടീം സർവസജ്ജമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ബഹുദൂരം മുന്നിലാണ് ടിം പെയ്ൻ നയിക്കുന്ന ടീം. 2014ലെ ഓസീസ് പര്യടനത്തിെൻറ നടുവിൽ ബോക്സിങ് ഡേ ടെസ്റ്റ് കഴിഞ്ഞയുടനെയായിരുന്നു മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്. അന്ന് കിട്ടിയ പദവിയിൽ വിരാട് കോഹ്ലി ഇന്ത്യയുടെ മികച്ച നായകനായി മാറി. ഇപ്പോൾ പരമ്പര മധ്യത്തിൽ അജിൻക്യ രഹാനെക്ക് വീണുകിട്ടിയ ഈ പദവി പുതിയൊരു നായകെൻറ തിരുപ്പിറവിയാകുമോ എന്ന് കാത്തിരുന്നു കാണാം....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.