മൂന്നാം ടെസ്റ്റ്: ആസ്ട്രേലിയക്ക് 76 റൺസ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സിലും ഇന്ത്യ തകർന്നു
text_fieldsഇന്ദോർ: സ്പിൻ പിച്ചിൽ ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റും പിടിക്കാനിറങ്ങി പിഴവുപറ്റിയ ഇന്ത്യക്ക് തോൽക്കാതിരിക്കണമെങ്കിൽ വെള്ളിയാഴ്ച അത്ഭുതങ്ങൾ സംഭവിക്കണം. 10 വിക്കറ്റും കൈയിലിരിക്കെ വെറും 76 റൺസ് ലക്ഷ്യത്തിലേക്ക് മൂന്നാം നാൾ ബാറ്റ് ചെയ്യാനിറങ്ങുന്ന ഓസീസ് ആദ്യ സെഷനിൽത്തന്നെ കളി തീർക്കാനാണ് സാധ്യത.
75നുള്ളിലെങ്ങാനും സന്ദർശകരെ പുറത്താക്കാൻ ആതിഥേയ ബൗളർമാർക്ക് കഴിഞ്ഞാൽ അതൊരു ചരിത്രസംഭവവുമാകും. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 197ൽ അവസാനിപ്പിച്ച് അവരുടെ മുൻതൂക്കം 88 റൺസിലൊതുക്കിയ ഇന്ത്യക്ക് പക്ഷേ രണ്ടാം ഇന്നിങ്സിലും പിടിച്ചുനിൽക്കാനായില്ല.
എട്ടു വിക്കറ്റുമായി ഓഫ് സ്പിന്നർ നതാൻ ലിയോൺ ഒരിക്കൽക്കൂടി തകർത്താടിയപ്പോൾ ചെറുത്തുനിൽപ് 163ൽ അവസാനിച്ചു, 75 റൺസ് ലീഡ് മാത്രം. 59 റൺസ് നേടിയ ചേതേശ്വർ പുജാരയാണ് ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 109ന് പുറത്തായിരുന്നു.
11 റൺസിനിടെ ആറുപേർ; ഓസീസ് വീഴ്ചയും പെട്ടെന്ന്
രണ്ടാം ദിനം നാലിന് 156ൽ ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയയുടെ വലിയ ലീഡ് നേടുകയെന്ന മോഹത്തിന് ഇന്ത്യൻ ബൗളർമാർ വിലങ്ങിട്ടു. പീറ്റർ ഹാൻഡ്സ്കോംബും കാമറോൺ ഗ്രീനും കുറച്ചുനേരംകൂടി പിടിച്ചുനിന്നത് മിച്ചം. ഹാൻഡ്സ്കോംബ് (19) ആർ. അശ്വിന് ആദ്യ ഇരയായി ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകി. അഞ്ചിന് 186. പിന്നെ ഓസീസ് തകർന്നടിയുന്നതാണ് കണ്ടത്. 11 റൺസിനിടെ ആറു വിക്കറ്റുകൾ നിലംപതിക്കുന്ന ദയനീയ കാഴ്ച. ഗ്രീനിനെ (21) ഉമേഷ് യാദവ് വിക്കറ്റിനു മുന്നിൽ കുടുക്കി. മിച്ചൽ സ്റ്റാർക്കിനെ (1) ഉമേഷ് ബൗൾഡാക്കി. അലക്സ് കാരിയെ (3) അശ്വിൻ എൽ.ബി.ഡബ്ല്യുവിലും മടക്കി. അക്കൗണ്ട് തുറക്കുംമുമ്പ് ടോഡ് മർഫിയെ ഉമേഷ് കുറ്റിതെറിപ്പിക്കുകയും പിന്നാലെ ലിയോണിനെ (5) അശ്വിൻ ബൗൾഡാക്കുകകൂടി ചെയ്തതോടെ 197ൽ അവസാനിച്ചു. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജദേജ നാലും അശ്വിനും ഉമേഷും മൂന്നു വീതവും വിക്കറ്റെടുത്തു.
തിരിച്ച് ലിയോൺ വക ഇന്ത്യക്ക് എട്ടിന്റെ പണി
പ്രതീക്ഷിച്ചതിലും വേഗത്തിൽ എതിരാളികളുടെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചതിന്റെ ആവേശത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 13. ബാറ്റിങ് പുനരാരംഭിച്ച് അധികം കഴിയും മുമ്പെ ഓപണർ ശുഭ്മൻ ഗിൽ (5) ലിയോണിന് ആദ്യ വിക്കറ്റ് നൽകി ബൗൾഡായി കരക്കു കയറി. സ്കോർബോർഡിൽ 15 റൺസ്. പുജാരയും രോഹിത് ശർമയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം 30 കടന്നതിനു പിന്നാലെ അവസാനിച്ചു. രോഹിതിനെ (12) ലിയോൺ വിക്കറ്റിനു മുന്നിൽ കുരുക്കി. പുജാരക്കൊപ്പം വിരാട് കോഹ്‌ലി പിടിച്ചുനിന്നത് 54 റൺസ് വരെ. മാത്യു കുനിമാന്റെ എൽ.ബി.ഡബ്ല്യു അപ്പീൽ അതിജീവിക്കാൻ കോഹ്‌ലിക്ക് (13) ആയില്ല. ജദേജക്ക് (7) ലിയോണും വിക്കറ്റിനു മുന്നിൽ കുടുക്കിട്ടു. 78ന് നാലാം വിക്കറ്റും വീണ് അധികം കഴിയുംമുമ്പേ ചായക്കു പിരിഞ്ഞു.
ശ്രേയസ്-പുജാര സഖ്യമാണ് ഇന്ത്യക്ക് ചെറുതായെങ്കിലും ജീവൻ നൽകിയത്. 27 പന്തിൽ 26 റൺസെടുത്ത ശ്രേയസിനെ മിച്ചൽ സ്റ്റാർക് ഉസ്മാൻ ഖാജയെ ഏൽപിച്ചു.113ൽ അഞ്ചാമനെ നഷ്ടമായ ഇന്ത്യക്ക് ഒരറ്റത്ത് പുജാരയുള്ളതു മാത്രമായിരുന്നു ആശ്വാസം. ശ്രീകാർ ഭരതിനെ (3) ലിയോൺ ബൗൾഡാക്കി.
140ൽ അശ്വിനെ (16) ലിയോൺ എൽ.ബി.ഡബ്ല്യുവിലും പുറത്താക്കി. പുജാരയുടെ (59) പോരാട്ടത്തിന് 155ൽ അന്ത്യമായി. ലിയോണിന്റെ പന്തിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ക്യാച്ച്. ഉമേഷിനെയും മുഹമ്മദ് ഷമിയെയും പൂജ്യത്തിന് ലിയോൺ പറഞ്ഞുവിട്ടതോടെ ഇന്ത്യൻ പതനം പൂർണം. 15 റൺസുമായി അക്സർ പട്ടേൽ പുറത്താവാതെ നിന്നു. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഏറ്റവുമധികം വിക്കറ്റെടുത്ത താരം എന്ന അനിൽ കുംബ്ലെയുടെ റെക്കോഡ് ഇതിനിടെ ലിയോൺ മറികടന്നു. കുംബ്ലെയുടെ സമ്പാദ്യം 111 വിക്കറ്റാണെങ്കിൽ ലിയോൺ 113ലേക്കു മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.