ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ്
text_fieldsമുംബൈ: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗ് റൗണ്ടിൽ കളിച്ച ഒമ്പത് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമി പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യയും ന്യൂസിലൻഡും കളത്തിലിറക്കുന്നത്. ആസ്ട്രേലിയ, അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ് എന്നിവർ ഇന്ത്യയോട് ലീഗ് റൗണ്ടിൽ തോൽവി ഏറ്റുവാങ്ങി. ആധികാരികമായിരുന്നു എല്ലാ ജയങ്ങളും.
റോബിൻ റൗണ്ട് ഫോർമാറ്റിൽ ഒന്നാം സ്ഥാനക്കാരായ ഒരു ടീമും ഇതുവരെ ലോകകപ്പിൽ കിരീടം നേടിയിട്ടില്ല. ആദ്യം ബാറ്റ് ചെയ്ത നാലിൽ മൂന്നിലും 300 റൺസിനപ്പുറം സ്കോർ ചെയ്തു ടീം ഇന്ത്യ. രണ്ടു തവണ 350 കടന്നതിൽ ഒന്ന് 410ലെത്തി. ഇംഗ്ലണ്ടിനെതിരെ 229ൽ അവസാനിപ്പിച്ചത് മാത്രമാണ് അപവാദം. രണ്ടാമത് ബാറ്റ് ചെയ്ത അഞ്ചു തവണയും വിയർക്കാതെ ചേസ് ചെയ്തു. ന്യൂസിലൻഡിനെതിരെ നേടിയ നാലു വിക്കറ്റ് ജയമാണ് കൂട്ടത്തിലെ ചെറിയ പ്രകടനം. ഒരു കളിയിൽ പോലും ഇന്ത്യ ഓൾ ഔട്ടായില്ല.
അഞ്ചു മത്സരങ്ങളിൽ ഇന്ത്യ രണ്ടാമതാണ് ബാറ്റ് ചെയ്തത്. 300ന് അരികിൽ പോലും എത്താൻ ആദ്യം ബാറ്റിങ്ങിനിറങ്ങിയവർക്കായില്ല. ന്യൂസിലൻഡിന്റെ ടോട്ടലായ 273 ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ ചേസ് ചെയ്ത ശ്രീലങ്കയെ 55ഉം ദക്ഷിണാഫ്രിക്കയെ 83ഉം ഇംഗ്ലണ്ടിനെ 129ഉം റൺസിൽ എറിഞ്ഞിട്ടു. ആകെ ആറ് ടീമുകളെ ഓൾ ഔട്ടാക്കി.
അതേസമയം, ഒമ്പത് മത്സരങ്ങളിൽ അഞ്ച് ജയത്തോടെ 10 പോയന്റുമായി നാലാം സ്ഥാനക്കാരായാണ് ന്യൂസിലാൻഡിന്റെ സെമി പ്രവേശനം. 2019ലെ ലോകകപ്പിൽ സെമിയിൽ ന്യൂസിലൻഡിനോട് തോറ്റാണ് പുറത്തായത്. ഇതിന്‍റെ കണക്കും ഇന്നും ചോദിക്കാനുണ്ട്.
13 ലോകകപ്പുകളിൽ ഇന്ത്യയുടെ എട്ടാം സെമി ഫൈനലാണിത്. മുമ്പ് നടന്ന ഏഴെണ്ണത്തിൽ നാലിലും തോറ്റു. ഫൈനലിലെത്തിയ 1983ലും 2011ലും യഥാക്രമം വെസ്റ്റിൻഡീസിനെയും ശ്രീലങ്കയെയും തോൽപിച്ച് ജേതാക്കളായി. 2003ലെ ഫൈനലിൽ ആസ്ട്രേലിയയോട് പരാജയമേറ്റുവാങ്ങി.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ന്യൂസിലൻഡ് ടീം: ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, ടോം ലതാം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സോത്തി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.