ലെജൻഡ്സ് ചാമ്പ്യൻഷിപിൽ ആസ്ട്രേലിക്കെതിരെ 86 റൺസ് ജയം; ഇന്ത്യ ഫൈനലിൽ
text_fieldsനോർത്താംപ്ടൻ: ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ് സെമിയിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 86 റൺസിന്‍റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 255 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ആസ്ട്രേലിയയുടെ ഇന്നിങ്സ് 168ൽ അവസാനിച്ചു. 28 പന്തിൽ 59 റൺസ് നേടിയ ഇന്ത്യൻ നായകൻ യുവരാജ് സിങ്ങാണ് കളിയിലെ താരം. റോബിൻ ഉത്തപ്പ, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ എന്നിവരും അർധ സെഞ്ച്വറി നേടി. ഫൈനലിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. സ്കോർ: ഇന്ത്യ - 20 ഓവറിൽ ആറിന് 254, ആസ്ട്രേലിയ 20 ഓവറിൽ ഏഴിന് 168.
ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ ബ്രെറ്റ് ലീ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കം മുതൽ ഇന്ത്യൻ താരങ്ങൾ ആക്രമിച്ചു കളിച്ചു. അഞ്ചോവറിനിടെ രണ്ട് വിക്കറ്റ് വീണെങ്കിലും ടീം സ്കോർ 50 പിന്നിട്ടിരുന്നു. അംബാട്ടി റായിഡു (14), സുരേഷ് റെയ്ന (5) എന്നിവരാണ് ആദ്യം പുറത്തായത്. ഇന്ത്യൻ നിരയിലെ ടോപ് സ്കോററായ റോബിൻ ഉത്തപ്പ (35 പന്തിൽ 65) 11-ാം ഓവറിൽ മടങ്ങി. 14-ാം ഓവറിൽ യുവരാജും മടങ്ങി. അഞ്ച് സിക്സും നാല് ഫോറും സഹിതം 59 റൺസാണ് താരം നേടിയത്.
അവസാന ഓവറുകളിൽ പഠാൻ സഹോദരങ്ങൾ തകർത്തടിച്ചതോടെ ടീം സ്കോർ 250 കടന്നു. കേവലം 18 പന്തിലാണ് ഇൻഫാൻ അർധ സെഞ്ചറി നേടിയത്. 23 പന്തിൽ 51 റൺസുമായി യൂസഫ് പഠാൻ പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തു. ഓസീസ് നായകൻ ബ്രെറ്റ് ലീ നാല് ഓവറിൽ 60 റൺസ് വഴങ്ങി. പീറ്റർ സിഡിൽ 57 റൺസ് വിട്ടുനൽകി നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ 40 റൺസ് നേടിയ ടിം പെയ്നാണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ. നേഥൻ കോൾട്ടർനൈൽ (30), കാലം ഫെർഗ്യൂസൻ (23), ഡാൻ ക്രിസ്റ്റ്യൻ (18), ആരോൺ ഫിഞ്ച് (16) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ഇന്ത്യക്ക് വേണ്ടി ധവാൽ കുൽക്കർണിയും പവൻ നേഗിയും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ന് രാത്രി 9.30നാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.