മഴ കളിച്ചു; ഇന്ത്യക്ക് രണ്ടു റൺസ് ജയം
text_fieldsഡബ്ലിൻ: മഴയിൽ മുങ്ങിയ അയർലൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് ജയം. ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം രണ്ടുറൺസിനാണ് ജയം. 140 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.5 ഓവറിൽ രണ്ടുവിക്കറ്റ് നഷടത്തിൽ 47 റൺസിൽ നിൽക്കെയാണ് മഴ പെയ്തത്.
യശ്വസ്വി ജയ്‌സ്വാള്‍ 23 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമുൾപ്പെടെ 24 റണ്‍സെടുത്ത് പുറത്തായി. തിലക് വർമ റൺസൊന്നുമെടുക്കാതെ ആദ്യ പന്തിൽ കൂടാരം കയറി. രണ്ടു വിക്കറ്റും ക്രെയ്ഗ് യങിനായിരുന്നു. 19 റൺസുമായി ഋതുരാജ് ഗെയ്ക്ക് വാദും ഒരു റൺസുമായി സഞ്ജു സാംസണുമായിരുന്നു ക്രീസിൽ. മഴമൂലം കളി തുടരാൻ കഴിയാതെ വന്നതോടെയാണ് ഡക്ക് വർത്ത് ലൂയിസിലൂടെ വിധിനർണയിച്ചത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ അയർലാൻഡ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷടത്തിലാണ് 139 റൺസെടുത്തത്. ആദ്യ ഓവറിൽ തന്നെ രണ്ടുവിക്കറ്റ് വീഴ്ത്തി നായകൻ ജസ്പ്രീത് ബുംറ അയർലൻഡിന്റെ വൻ തകർച്ചയിലേക്ക് തള്ളിവിട്ടെങ്കിലും വാലറ്റത്തിൽ കുത്തിയാണ് ആതിഥേയർ ഉയർത്തെഴുനേറ്റത്.
എട്ടാമനായി ക്രീസിലെത്തി വെടിക്കെട്ട് അർധസെഞ്ച്വറി നേടിയ ബാരി മക്കാർത്തിയും കർട്ടിസ് കാംഫറും (39) ചേർന്നാണ് അയർലൻഡിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 33 പന്തിൽ നാല് സിക്സും നാലും ഫോറുമുൾപ്പെടെ പുറത്താകാതെ 51 റൺസാണ് മക്കാർത്തി നേടിയത്. അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 22 റൺസാണ് അയർലൻഡ് അടിച്ചുകൂട്ടിയത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പ്രസിദ്ധ് കൃഷ്ണയും ജസ്പ്രീത് ബുംറയും രവി ബിഷ്‌ണോയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.