'ഇതൊക്കെ എന്ത്'; ലങ്കയെ നിലം തൊടീക്കാതെ പറത്തി ഇന്ത്യ
text_fieldsകൊളംബോ: സനത് ജയസൂര്യയും കുമാർ സംഗക്കാരയും മുത്തയ്യ മുരളീധരനും ചാമിന്ദവാസുമെല്ലാം അരങ്ങുവാണിരുന്ന ലങ്കൻ ക്രിക്കറ്റിന്‍റെ പരിതാപകരമായ വർത്തമാനകാലത്തിന്‍റെ നേർസാക്ഷ്യമായി ആദ്യ ഏകദിനം. ശ്രീലങ്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ തന്നെ ഇന്ത്യയുടെ 'കുട്ടികൾ' കീഴടക്കുകയായിരുന്നു. 24 പന്തിൽ 43 റൺസുമായി ഓപ്പണർ പൃഥ്വി ഷാ നയം വ്യക്തമാക്കിയപ്പോൾ പിന്നാലെയെത്തിവരും ഗംഭീരമാക്കി. 42 പന്തിൽ 59 റൺസുമായി ഇഷാൻ കിഷനും 20 പന്തിൽ 31 സൂര്യകുമാർ യാദവും അരങ്ങേറ്റ മത്സരം മധുരിക്കുന്ന ഓർമയാക്കിയപ്പോൾ നായകന്‍റെ പക്വതയുമായി ശിഖർ ധവാൻ ( 95 പന്തിൽ 86 ) ഒരറ്റത്ത് നങ്കൂരമിട്ടു. മനീഷ് പാണ്ഡേ 26 റൺസെടുത്തു. ഇന്ത്യൻ ബാറ്റിങ് നിരയെ ഒരു ഘട്ടത്തിലും പരീക്ഷിക്കാൻ പോലുമാകാതെ നിരാശരായാണ് ലങ്ക കളം വിട്ടത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ചെറുതും വലുതുമായ സംഭാവനകളിലൂടെയാണ് പൊരുതാവുന്ന സ്കോറുയർത്തിയത്. ലങ്കൻ നിരയിൽ ഒരാൾക്കും അർധ സെഞ്ച്വറി പിന്നിടാനായില്ല. ദേഭപ്പെട്ട തുടക്കം കിട്ടിയവരെയെല്ലാം വലിയ സ്കോറിലേക്ക് പറക്കും മുേമ്പ ഇന്ത്യൻ ബൗളർമാർ ചിറകരിയുകയായിരുന്നു. 43 റൺസെടുത്ത കരുണരത്നെയാണ് ലങ്കയുടെ ടോപ്പ് സ്കോറർ. ആവിഷ്ക ഫെർണാണ്ടോ (32), ബനുക (27), രാജപക്സ (24), അസലങ്ക (38), ഷനക (39) എന്നിങ്ങനെയാണ് മറ്റുപ്രധാനപ്പെട്ട സ്കോറുകൾ. ഭുവനേശ്വർ കുമാർ എറിഞ്ഞ 50ാം ഓവറിൽ രണ്ട് സിക്സറുകളടക്കം കരുണരത്നെ അടിച്ചുകൂട്ടിയ 19 റൺസാണ് ലങ്കൻ സ്കോർ 262ലെത്തിച്ചത്.
ഇന്ത്യക്കായി ദീപക് ചഹാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. മുംബൈ ഇന്ത്യൻസിന്‍റെ മിന്നും നക്ഷത്രങ്ങളായ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ഇന്ത്യൻ ടീമിലെ അരങ്ങേറ്റ മത്സരം വിജയത്തോടെ തുടങ്ങി. കാൽമുട്ടിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസൺ ആദ്യ ഏകദിനത്തിൽ കളത്തിലിറങ്ങിയിരുന്നില്ല. താരം വൈദ്യ നിരീക്ഷണത്തിലാണെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് രണ്ടാം ഏകദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.