സിംബാബ്‍വെക്കെതിരെ രണ്ടാം ജയം; ഇന്ത്യക്ക് അപൂർവ റെക്കോഡ്; മറികടന്നത് പാകിസ്താനെ
text_fieldsഹരാരെ: സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനം അഞ്ചു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ആദ്യ ഏകദിനം അനായാസം ജയിച്ചുകയറിയ ഇന്ത്യക്ക് രണ്ടാം ഏകദിനത്തിൽ അൽപം വിയർക്കേണ്ടിവന്നു. 162 റൺസ് വിജയലക്ഷ്യം 25.4 ഓവറിലാണ് ഇന്ത്യ മറികടന്നത്. അതും അഞ്ചു വിക്കറ്റ് നഷ്ടത്തിൽ. മലയാളി താരം സഞ്ജു സാംസണാണ് മത്സരത്തിലെ താരം.
എന്നാൽ, ശനിയാഴ്ചത്തെ വിജയത്തോടെ പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും മറികടന്ന് ഇന്ത്യ ലോക ക്രിക്കറ്റിൽ ഒരു അപൂർവ റെക്കോഡ് എഴുതി ചേർത്തിരിക്കുകയാണ്. ഒരു വിദേശ പിച്ചിൽ 11 ഏകദിന മത്സരങ്ങൾ തുടർച്ചയായി ജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ. സിംബാബ്‍വെക്കെതിരെ ഹരാരെ സ്പോർട്സ് ക്ലബ് മൈതാനത്ത് 2013ൽ തുടങ്ങിയ വിജയമാണ് ഇന്നത്തെ വിജയത്തോടെ പതിനൊന്നിലെത്തിയത്.
1989-1990 കാലയളവിൽ ഷാർജയിൽ പാകിസ്താൻ തുടർച്ചയായി 10 വിജയങ്ങൾ നേടിയിരുന്നു. ദക്ഷിണാഫ്രിക്ക 2013 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ ഈസ്റ്റ് ലണ്ടൻ മൈതാനിയിലാണ് ഇത്രയും വിജയങ്ങൾ സ്വന്തമാക്കിയത്. കൂടാതെ, 1992-2001 കാലയളവിൽ വെസ്റ്റിൻഡീസും ഒരു വിദേശ പിച്ചിൽ തുടർച്ചയായി 10 വിജയങ്ങൾ നേടിയിരുന്നു. ആസ്ട്രേലിയയിലെ ബ്രിസ്ബേൻ ഗ്രൗണ്ടിലായിരുന്നു 10 വിജയങ്ങൾ.
രണ്ടാം ഏകദിനത്തിൽ സിംബാബ്‍വെ ബൗളർമാരുടെ പ്രകടനത്തെ ഇന്ത്യൻ നായകൻ കെ.എൽ. രാഹുൽ പ്രശംസിക്കുകയും ചെയ്തു. 'അവർക്ക് നിലവാരമുള്ള ബൗളർമാർ ഉണ്ട്, ബംഗ്ലാദേശിനെതിരായ മുൻ പരമ്പരയിലും ഞാൻ ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. ബൗളർമാർ ഞങ്ങൾക്ക് വെല്ലുവിളി ഉയർത്തി. നല്ല ക്രിക്കറ്റ് കളിക്കാനും വിജയിക്കാനുമാണ് ഞങ്ങൾ ഇവിടെയുള്ളത്, എല്ലാ അവസരങ്ങളും ഒരു ബഹുമതിയാണ്, അതിനാൽ അടുത്ത തവണയും ആസ്വദിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. ഇവിടെ എവിടെ പോയാലും ഇന്ത്യൻ ആരാധകരിൽനിന്ന് ഞങ്ങൾക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നത്, അവരുടെ പിന്തുണക്ക് വളരെ നന്ദിയുണ്ട്' -രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.