ജസ്പ്രീത് ബുംറയെ എപ്പോഴും ആശ്രയിക്കാനാവില്ല; പരമ്പര തോറ്റതിന് പിന്നാലെ പ്രതികരണവുമായി ഗൗതം ഗംഭീർ
text_fieldsന്യൂഡൽഹി: ജസ്പ്രീത് ബുംറയെ മാത്രം എപ്പോഴും ഇന്ത്യക്ക് ആശ്രയിക്കാനാവില്ലെന്ന് പരിശീലകൻ ഗൗതം ഗംഭീർ. താൻ പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഇതാണ് യാഥാർഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഡ്നി ടെസ്റ്റിൽ തോറ്റതിന് പിന്നാലെയാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം.
ജസ്പ്രീത് ബുംറയില്ലാതെ ഞങ്ങൾക്ക് വിജയിക്കാൻ കഴിയില്ല. ഞങ്ങൾക്ക് അഞ്ച് ബൗളർമാരും നല്ല ഒരു ടീമും ഉണ്ട്. അതുകൊണ്ട് ഒരു ബൗളറെ മാത്രം ആശ്രയിച്ച് നിൽക്കാനാവില്ല. ഈ കളിയിൽ ഞങ്ങൾ മികച്ചൊരു ഫലമുണ്ടാക്കാൻ സാധിച്ചില്ലെന്നും ഗൗതം ഗംഭീർ പറഞ്ഞു.
അസാധാരണമായ പ്രകടനമാണ് ബുംറയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനേക്കാൾ കൂടുതൽ ബുംറയെ കുറിച്ച് ഒന്നും പറയാനില്ല. എപ്പോൾ ബൗൾ ചെയ്യാൻ വരുമ്പോഴും മികച്ച പ്രകടനമാണ് ബുംറ നടത്താറ്. ടീമിന് വേണ്ടി ടൂർണമെന്റിൽ ഉടനീളം നല്ല പ്രകടനം ബുംറ നടത്തി. മുഹമ്മദ് സിറാജിൽ നിന്നും മറ്റ് യുവ ബൗളർമാരിൽ നിന്നും ബുംറക്ക് മികച്ച പിന്തുണ ലഭിച്ചുവെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
ആസ്ട്രേലിയക്കെതിരായ തോൽവിക്ക് പിന്നാലെ പരിക്കിനെ കുറിച്ച് മൗനം വെടിഞ്ഞ് ജസ്പ്രീത് ബുംറ രംഗത്തെത്തിയിരുന്നു. ചില സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കേണ്ടി വരും. ശരീരവുമായി നിങ്ങൾക്ക് പോരാടാനാവില്ല. ഈ പിച്ചിൽ രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാൻ കഴിയാതിരുന്നത് നിരാശാജനകമാണെന്നും ബുംറ പറഞ്ഞു.
ആദ്യ ഇന്നിങ്സിലെ രണ്ടാം സ്പെല്ലിൽ ബൗൾ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ബുംറ വ്യക്തമാക്കി. പത്തുവർഷത്തെ ഇടവേളക്കുശേഷം ബോർഡർ-ഗവാസ്കർ ട്രോഫി ആസ്ട്രേലിയ തിരിച്ചുപിടിച്ചിരുന്നു. അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ആറു വിക്കറ്റിനാണ് ഓസീസ് തകർത്തത്. ഇതോടെ പരമ്പര 3-1ന് സ്വന്തമാക്കിയ ഓസീസ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഉറപ്പിച്ചു.
ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ എതിരാളികൾ. 162 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ ഓസീസ് 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റൺസിൽ അവസാനിച്ചിരുന്നു. സ്കോർ: ഇന്ത്യ – 185 & 157, ആസ്ട്രേലിയ – 181 & 162/4. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. രണ്ട്, നാല്, അഞ്ച് ടെസ്റ്റുകളിൽ ആതിഥേയർ ജയിച്ചപ്പോൾ മൂന്നാം ടെസ്റ്റ് സമനിലയിലായി. 2014-15 ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലാണ് ഓസീസ് അവസാനമായി ജയിച്ചത്. കഴിഞ്ഞ നാലു പരമ്പരയിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.