വിയർത്തുജയിച്ച് ഇന്ത്യ; അയർലൻഡിനെതിരെ നാലു റൺസ് ജയം, പരമ്പര
text_fieldsഡബ്ലിൻ: ഇത്തിരിക്കുഞ്ഞന്മാരെ മൈതാനത്തിനു ചുറ്റും വിരട്ടിയോടിച്ച് കൂറ്റൻ സ്കോർ ഉയർത്തിയിട്ടും ഉേദ്വേഗം അവസാന ഓവറിലെ അവസാന പന്തു വരെ നീട്ടി വിയർത്തുജയിച്ച് ഇന്ത്യ. അയർലൻഡിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ നാലു റൺസിനാണ് ഇന്ത്യൻ ജയം. സ്കോർ ഇന്ത്യ: 225/7 അയർലൻഡ്: 221/5.
ഐറിഷ് ബൗളർമാരെ അടിച്ചു പറത്തി ദീപക് ഹൂഡ നേടിയ തകർപ്പൻ സെഞ്ച്വറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും ബലത്തിൽ ഇന്ത്യ ഉയർത്തിയത് 225 റൺസ്. 57 പന്തിൽ ഒമ്പത് ബൗണ്ടറിയും ആറ് സിക്സുമടക്കം 104 റൺസ് നേടി ഹൂഡ ടോപ് സ്കോററായി. സഞ്ജു 42 പന്തിൽ ഒമ്പത് ഫോറും നാല് സിക്സുമുൾപ്പെടെ 77 റൺസടിച്ചു.
പ്രഥമ ഓവറിലെ ഒന്നാം പന്തിൽ ബൗണ്ടറിയോടെയാണ് സഞ്ജു ഇന്ത്യയുടെ സ്കോർ ബോർഡ് തുറന്നത്. അപ്പുറത്ത് ഇഷാന് താളം കണ്ടെത്താനായില്ല. അഞ്ച് പന്തിൽ മൂന്ന് റൺസെടുത്ത ഇഷാനെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ മാർക്ക് അഡയർ വിക്കറ്റ് കീപ്പർ ലോർക്കാൻ ടക്കറുടെ ഗ്ലൗസിലെത്തിച്ചു. ഇന്ത്യ ഒരു വിക്കറ്റിന് 13 റൺസ്. ദീപക് ഹൂഡയാണ് മൂന്നാമനായെത്തിയത്. രണ്ടാം വിക്കറ്റിൽ ഹൂഡയും സഞ്ജുവും 87 പന്തിൽ 176 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഹൂഡയുടെ ആദ്യ ശതകവും സഞ്ജുവിന്റെ കന്നി അർധ ശതകവും പിറന്നു. ദിനേശ് കാർത്തിക്കും അക്സർ പട്ടേലും ക്രെയ്ഗ് യങ്ങിന്റെ ഓവറിലെ അടുത്തടുത്ത പന്തുകളിൽ ഗോൾഡൻ ഡെക്കായി മടങ്ങി.
മറുപടി ബാറ്റിങ്ങിൽ ഐറിഷ് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. പോൾ സ്റ്റർലിങ് 40ഉം ആൻഡി ബാൽബിർനി 60ഉം റൺസെടുത്ത് നൽകിയ തുടക്കം മധ്യനിരയിൽ ഹാരി ടെക്റ്ററും (39 റൺസ്) ജോർജ് ഡോക്റലും (34) ചേർന്ന് മുന്നോട്ടുനയിച്ചെങ്കിലും അവസാന പന്തിൽ തോൽവി സമ്മതിക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് പരമ്പരയും സ്വന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.