അരങ്ങേറ്റക്കാരൻ സാക്കിർ ഹസന് സെഞ്ച്വറി; ബംഗ്ലാദേശ് പൊരുതുന്നു; ഇന്ത്യക്ക് ജയം നാലു വിക്കറ്റ് അകലെ
text_fieldsചിറ്റോഗ്രാം (ബംഗ്ലാദേശ്): ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശ് പൊരുതുന്നു. ഇന്ത്യ ഉയർത്തിയ 513 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ആതിഥേയർ, നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ്.
ഒരു ദിവസം ബാക്കി നിൽക്കെ 241 റൺസാണ് ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത്. നാല് വിക്കറ്റ് അകലെ ഇന്ത്യയെ കാത്തിരിക്കുന്നത് ജയവും. വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശിന് ഓപ്പണർമാരുടെ പ്രകടനമാണ് കരുത്തായത്. അരങ്ങേറ്റക്കാരനായ ഓപ്പണർ സാക്കിർ ഹസൻ (224 പന്തിൽ 100) സെഞ്ച്വറി നേടി. മറ്റൊരു ഓപ്പണർ നജ്‌മുൽ ഹുസൈൻ ഷാന്റോ (156 പന്തിൽ 67 റൺസ്) അർധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകി.
ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസാണ് കൂട്ടിച്ചേർത്തത്. ഷാന്റോയെ വീഴ്ത്തി ഉമേശ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ യാസിർ അലി (12 പന്തിൽ അഞ്ച് റൺസ്) വേഗത്തിൽ മടങ്ങി.
59 പന്തിൽ 19 റൺസുമായി ലിറ്റൺ ദാസും പുറത്തായി. സെഞ്ചറി തികച്ചതിനു പിന്നാലെ സാക്കിർ ഹസനെ അശ്വിൻ പുറത്താക്കി. മുഷ്ഫിഖുർ റഹീം (50 പന്തിൽ 23), നൂറുൾ ഹസൻ (മൂന്നു പന്തിൽ മൂന്നു റൺസ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.
നായകൻ ഷാക്കിബ് അൽ ഹസൻ (69 പന്തിൽ 40), മെഹദി ഹസൻ (40 പന്തിൽ ഒമ്പത്) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി അക്‌സർ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. രണ്ടാം ഇന്നിങ്സ് രണ്ടിന് 258 എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ ഇന്ത്യ 513 റൺസിന്റെ വിജയലക്ഷ്യമാണ് ആതിഥേയർക്ക് മുന്നിൽ വെച്ചത്. ആദ്യ ഇന്നിങ്സിൽ 404 റൺസ് നേടിയ സന്ദർശകർക്കെതിരെ ബംഗ്ലാദേശ് 150 റൺസിന് പുറത്തായിരുന്നു.
കന്നി സെഞ്ച്വറി നേടിയ ഓപണർ ശുഭ്മാൻ ഗില്ലും മൂന്ന് വർഷത്തെ സെഞ്ച്വറി വരൾച്ചക്ക് വിരാമമിട്ട ചേതേശ്വർ പൂജാരയുമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് കരുത്തു പകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.