ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയോട് പൊരുതിത്തോറ്റ് നേപ്പാൾ
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയോട് പൊരുതിത്തോറ്റ് നേപ്പാൾ. 20 ഓവറിൽ ഇന്ത്യ മുന്നോട്ടുവെച്ച 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 23 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. മംഗോളിയക്കെതിരെ 10 പന്തിൽ 52 റൺസടിച്ച് ലോകറെക്കോഡിട്ട ദീപേന്ദ്ര സിങ് ഐരീ ഇത്തവണ 15 പന്തിൽ 32 റൺസടിച്ച് നേപ്പാളിന്റെ ടോപ് സ്കോററായി.
സുദീപ് ജോറ 12 പന്തിലും മംഗോളിയക്കെതിരെ 50 പന്തിൽ 137 റൺസടിച്ച കുശാൽ മല്ല 22 പന്തിലും 29 റൺസ് വീതമെടുത്തു. ഓപണർ കുശാൽ ബുർതേൽ 28 റൺസ് നേടി. ഇന്ത്യക്കായി രവി ബിഷ്‍ണോയ്, ആവേശ് ഖാൻ എന്നിവർ മൂന്ന് വീതവും അർഷ്ദീപ് സിങ് രണ്ടും വിക്കറ്റെടുത്തപ്പോൾ സായ് കിഷോറിന് ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തെ ഓപണർ യശസ്വി ജെയ്സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ജെയ്സ്വാൾ 49 പന്തിൽ ഏഴ് സിക്സും എട്ട് ഫോറുമടക്കം 100 റൺസടിച്ചപ്പോൾ അവസാന ഓവറുകളിൽ റിങ്കു സിങ്ങും തകർത്തടിച്ചു. 15 പന്തിൽ നാല് സിക്സും രണ്ട് ഫോറുമടക്കം പുറത്താകാതെ 37 റൺസാണ് താരം അടിച്ചുകൂട്ടിയത്. ശിവം ദുബെ 19 പന്തിൽ 25 റൺസുമായി പുറത്താവാതെ നിന്നു.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദ് (23 പന്തിൽ 25), തിലക് വർമ (10 പന്തിൽ 2), ജിതേഷ് ശർമ (നാല് പന്തിൽ 5) എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന. അവസാന ഓവറുകളിൽ റിങ്കു സിങ്ങും ദുബെയും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 200 കടത്തിയത്. ദിപേന്ദ്ര സിങ് ഐരീ രണ്ട് വിക്കറ്റ് നേടി. സോംപാൽ കാമി, സന്ദീപ് ലമിച്ചെൻ എന്നിവർ ഓരോ വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.