‘ഇനി കിരീടവും വഴിയെ...’ ടെസ്റ്റ് റാങ്കിങ്ങിൽ ഓസീസിനെ കടന്ന് ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യ
text_fieldsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആഴ്ചകൾ ബാക്കിനിൽക്കെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ആസ്ട്രേലിയയെ കടന്ന് ഇന്ത്യ ഒന്നാമത്. ലോർഡ്സിൽ ലോകം കാത്തിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇരു രാജ്യങ്ങളും മുഖാമുഖം വരുന്നതിനിടെയാണ് ആവേശകരമായ ‘തലമാറ്റം’.
2019-20 സീസൺ മത്സര ഫലങ്ങൾ ഒഴിവാക്കിയും 2020 മേയ് മുതലുള്ളവ മാത്രം അവലംബിക്കുകയും ചെയ്തുള്ള വാർഷിക പുനരവലോകനത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഇന്ത്യക്ക് 119 റേറ്റിങ് പോയിന്റായിരുന്നത് രണ്ടെണ്ണം വർധിച്ച് 121 ആയപ്പോൾ 122 ഉണ്ടായിരുന്ന ഓസീസ് ആറു പോയിന്റ് കുറഞ്ഞ് 116ലേക്ക് വീണു.
വാർഷിക പുനരവലോകനത്തിൽ 2020 മേയിന് മുമ്പുള്ള മത്സരഫലങ്ങൾ പൂർണമായി ഒഴിവാക്കപ്പെട്ടതിനൊപ്പം അതിനു ശേഷം 2022 മേയ് വരെയുള്ളവക്ക് 50 ശതമാനം വെയ്റ്റേജുമാണ് ലഭിക്കുക. തുടർന്ന് ഇതുവരെയുള്ള ഫലങ്ങൾക്ക് 100 ശതമാനം വെയ്റ്റേജ് ലഭിക്കും. 2021 ഡിസംബറിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.
ഇന്ത്യക്കും ആസ്ട്രേലിയക്കും താഴെ ഇംഗ്ലണ്ടാണ് മൂന്നാമത്. ഓസീസുമായി ഇംഗ്ലീഷ് ടീമിന്റെ പോയിന്റ് അകലം രണ്ടു പോയിന്റ് മാത്രം. അടുത്തിടെയായി ടീം തുടരുന്ന മികച്ച പ്രകടനമാണ് തുണയായത്. ആഷസിൽ ഓസീസിന് 4-0നും വെസ്റ്റ് ഇൻഡീസിൽ 1-0നും ടീം വീണെങ്കിലും പാകിസ്താനെതിരെയുൾപ്പെടെ ഇംഗ്ലണ്ട് കുറിച്ചത് സമാനതകളില്ലാത്ത കുതിപ്പായിരുന്നു.
ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില ഭദ്രമാക്കിയിട്ടുണ്ട്. രണ്ടാമതുള്ള ഇംഗ്ലണ്ടിനെക്കാൾ എട്ട് റേറ്റിങ് പോയിന്റ് അകലത്തിലാണ് ഇന്ത്യ. പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും കടന്ന് ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.
ഏകദിന റാങ്കിങ്ങിലെ വാർഷിക പുനരവലോകനം മേയ് 10ന് പാകിസ്താൻ- ന്യുസിലൻഡ് പരമ്പര പൂർത്തിയായ ഉടൻ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.