യുവ രാജ്കോട്ട്; ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്നു മുതൽ
text_fieldsരാജ്കോട്ട്: ഹൈദരാബാദിൽ അപ്രതീക്ഷിത തോൽവി പിണഞ്ഞ് വിശാഖപട്ടണത്ത് തിരിച്ചെത്തിയ ഇന്ത്യക്ക് ഇന്നു മുതൽ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ്. അഞ്ച് മത്സര പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരു ടീമിനും മുന്നേറാനുള്ള അവസരമാണിത്. സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവവും ക്യാപ്റ്റൻ രോഹിത് ശർമയുടെ നിറംമങ്ങിയ പ്രകടനങ്ങളും ഇന്ത്യയെ അലട്ടുന്നുണ്ട്. റൺസൊഴുകുമെന്ന് കണക്കുകൂട്ടുന്ന പിച്ചിൽ പുതുമുഖങ്ങളെക്കൂടി പരീക്ഷിക്കാനൊരുങ്ങുകയാണ് ആതിഥേയർ.
സർഫറാസും ജുറെലും
ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടിയിട്ടും ദേശീയ ടീമിലേക്കുള്ള വിളി വൈകിയ സർഫറാസ് ഖാനെ രണ്ടാം ടെസ്റ്റ് മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് കൂടി പരിക്കേറ്റ് പുറത്തായതോടെ സർഫാസ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. വിശാഖപട്ടണത്ത് കളിച്ച രജത് പാട്ടിദാറും സർഫറാസും മധ്യനിരയിലുണ്ടാവുമെന്നാണ് കരുതുന്നത്. ഇരുവരെയും കളിപ്പിക്കുന്ന പക്ഷം രാഹുലിന് പകരക്കാനായി കൊണ്ടുവന്ന മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ കരക്കിരിക്കേണ്ടി വരും. ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്ന വിക്കറ്റ് കീപ്പർ കെ.എസ് ഭരതിനെ മാറ്റി പുതുമുഖം ധ്രുവ് ജുറലിനെ കൊണ്ടുവരാനും ആലോചനയുണ്ട്. പരിക്ക് ഭേദമായി തിരിച്ചെത്തിയ രവീന്ദ്ര ജദേജ പ്ലേയിങ് ഇലവനിലുണ്ടാവും. മിന്നും ഫോമിലുള്ള പേസർ ജസ്പ്രീത് ബുംറ ബൗളിങ് നയിക്കും. മുഹമ്മദ് സിറാജ് തിരിച്ചുവന്നാൽ മുകേഷ് കുമാർ പുറത്തായേക്കും.
സ്റ്റോക്സ് നൂറിൽ;500നരികെ അശ്വിൻ
ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനിത് നൂറാം ടെസ്റ്റാണ്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 500ാം വിക്കറ്റെന്ന ചരിത്രവും രാജ്കോട്ടിൽ പിറക്കാനാണ് സാധ്യത. 499 വിക്കറ്റാണ് നിലവിൽ അശ്വിന്റെ സമ്പാദ്യം. മൂന്നാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ പതിവുപോലെ ഒരുദിവസം മുമ്പേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് ഇംഗ്ലീഷ് ടീം. രണ്ടാം ടെസ്റ്റ് കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് സന്ദർകർ ഇറങ്ങുന്നത്. പേസർ മാർക്ക് വുഡ് ടീമിൽ മടങ്ങിയെത്തി. യുവ സ്പിന്നർ ശുഐബ് ബഷീർ പുറത്തായി. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ വുഡ് കളിച്ചിരുന്നു. അന്ന് ഒരു വിക്കറ്റ് പോലും നേടാനായില്ല. പരമ്പരയിൽ ആദ്യമായാണ് ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ രണ്ട് പേസർമാരെ കളിപ്പിക്കുന്നത്. വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സണാണ് മറ്റൊരു പേസർ.
ഇന്ത്യൻ ടീം ഇവരിൽ നിന്ന്: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, രജത് പാട്ടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, കെ.എസ് ഭരത്, മുകേഷ് കുമാർ, ആകാശ് ദീപ്, ദേവ്ദത്ത് പടിക്കൽ.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട്, ഒലീ പോപ്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, റെഹാൻ അഹ്മദ്, ടോം ഹാർട് ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.