വിദേശമണ്ണിൽ ആദ്യ സെഞ്ച്വറിയുമായി രോഹിത്; മൂന്നാംദിനം തങ്ങളുടേതാക്കി ഇന്ത്യ
text_fieldsലണ്ടൻ: ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകർച്ചക്ക് രണ്ടാം ഇന്നിങ്സിൽ പ്രായശ്ചിത്തം ചെയ്ത് ഇന്ത്യ. 127 റൺസുമായി ഓപ്പണർ രോഹിത് ശർമ മുന്നിൽ നിന്ന് നയിച്ചപ്പോൾ മൂന്ന് വിക്കറ്റിന് 270 റൺസെന്ന സുരക്ഷിത നിലയിലാണ് ഇന്ത്യ. 171 റൺസ് ലീഡ് ഇതിനോടകം തന്നെ ഇന്ത്യക്കുണ്ട്. വെളിച്ചക്കുറവ് മൂലം ഒാവൽ സ്റ്റേഡിയത്തിൽ നേരത്തേ സ്റ്റംപ് എടുക്കുേമ്പാൾ 22 റൺസുമായി വിരാട് കോഹ്ലിയും 9 റൺസുമായി രവീന്ദ്ര ജദേജയുമാണ് ക്രീസിൽ. ടെസ്റ്റിൽ അരങ്ങേറി എട്ടു വർഷവും 43 മത്സരങ്ങളും കഴിഞ്ഞ ശേഷമാണ് രോഹിതിെൻറ ആദ്യ വിദേശ ശതകം. ഇന്ത്യയിൽ ഏഴു സെഞ്ച്വറികൾക്കുശേഷമാണ് വിദേശത്ത് ആദ്യ നൂറു തികക്കുന്നത്. 256 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സുമടങ്ങിയതായിരുന്നു രോഹിതിെൻറ ഇന്നിങ്സ്. മുഈൻ അലിയെ സിക്സ് പറത്തിയാണ് സെഞ്ച്വറി തികച്ചത്. ഒന്നാം വിക്കറ്റിൽ രാഹുലിനൊപ്പം 83 റൺസ് കൂട്ടുകെട്ടുയർത്തിയ രോഹിത് രണ്ടാം വിക്കറ്റിൽ പുജാരയുടെ കൂടെ 143 റൺസും ചേർത്തു.
കെ.എൽ രാഹുൽ 46ഉം ചേതേശ്വർ പുജാര 61ഉം റൺസെടുത്ത് പുറത്തായി. സമീപകാലത്തായി ടെസ്റ്റിലും മികച്ച ഫോമിലായിരുന്ന രോഹിത് വിദേശമണ്ണിൽ ഒരു സെഞ്ച്വറിയെന്ന സ്വപ്നം നേടിയെടുക്കുകയായിരുന്നു. ഒപ്പം ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച രണ്ടാം ഇന്നിങ്സ് സ്കോറിലേക്ക് അടിത്തറയും ഒരുക്കിക്കൊടുത്തു. ആദ്യ ഇന്നിങ്സിൽ 99 റൺസ് ലീഡ് വഴങ്ങിയ സമ്മർദ്ദമില്ലാതെയാണ് ഇന്ത്യ ബാറ്റ് ചെയ്തത്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 236ലെത്തിയ ഇന്ത്യയുടെ കുതിപ്പിന് രണ്ടാം ന്യൂബാളിലെ ആദ്യ ഓവറിൽ രണ്ടു വിക്കറ്റെടുത്ത ഒലി റോബിൻസനാണ് ബ്രേക്കിട്ടത്. ആദ്യ പന്തിൽ രോഹിതിനെ പുറത്താക്കിയ റോബിൻസൺ അവസാന പന്തിൽ ചേതേശ്വർ പുജാരക്കും (61) മടക്ക ടിക്കറ്റ് നൽകി.
വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കായി രോഹിതും രാഹുലും മികച്ച രീതിയിൽ ബാറ്റുചെയ്തു. സൂക്ഷ്മതയും സ്ട്രോക്കുകളും സമ്മേളിപ്പിച്ച് ഇരുവരും ബാറ്റുവീശിയപ്പോൾ ഇംഗ്ലണ്ട് പന്തേറുകാർ വിയർത്തു. ഒടുവിൽ രാഹുലിനെ ജോണി ബെയർസ്റ്റോയുടെ ഗ്ലസൗസിലെത്തിച്ച് ജെയിംസ് ആൻഡേഴ്സനാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. വൺഡൗണായി ഇറങ്ങിയ പുജാര കഴിഞ്ഞ കളിയിലെ പോലെ പതിവുശൈലി വിട്ട് പോസിറ്റിവായാണ് തുടങ്ങിയത്. അർധ സെഞ്ച്വറിക്കുശേഷം രോഹിതും കൂടുതൽ ഒഴുക്കോടെ ബാറ്റേന്തിയതോടെ റണ്ണൊഴുകി. എല്ലാ ബൗളർമാരെയും ആത്മവിശ്വാസത്തോടെ നേരിട്ട ഇരുവരും സ്പിന്നർ മുഈനെ നന്നായി ശിക്ഷിച്ചു. ഇന്ത്യ മികച്ച സ്കോറിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ 80 ഓവർ പിന്നിട്ടയുടൻ പുതിയ പന്തെടുത്തതാണ് ഇംഗ്ലണ്ടിനെ തുണച്ചത്. രണ്ടുവിക്കറ്റുമായി റോബിൻസൺ ടീമിന് പ്രതീക്ഷ നൽകി. തുടർന്ന് ക്രീസിലെത്തിയ കോഹ്ലിയും ജദേജയും പരുക്കേൽപ്പിക്കാതെ മൂന്നാംദിനം പൂർത്തിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.