അഞ്ചുവിക്കറ്റുമായി ആൻഡേഴ്സൺ; രണ്ടാം ദിനം ഇന്ത്യക്ക് കുരുക്കിട്ട് ഇംഗ്ലീഷുകാർ
text_fieldsലണ്ടൻ: പടുകൂറ്റൻ സ്കോറുയർത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾക്ക് വിലങ്ങിട്ട് ഇംഗ്ലീഷ് ബൗളർമാർ. മൂന്നിന് 276 റൺസ് എന്ന ശക്തമായ നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 364 റൺസിന് പുറത്തായി. അഞ്ചുവിക്കറ്റുമായി ലോർഡ്സിന്റെ സുവർണതാളുകളിൽ വീണ്ടും ഇടംപിടിച്ച ജെയിംസ് ആൻഡേഴ്സണാന് ഇന്ത്യക്ക് കുരുക്കിട്ടത്. മാർക്വുഡും റോബിൻസണും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.
രണ്ടാം ദിനം ഇന്ത്യക്ക് ആദ്യം നഷ്ടമായത് 129 റൺസുമായി മിന്നും ഫോമിലുണ്ടായിരുന്ന കെ.എൽ രാഹുലിനെയാണ്. സിബിലിയുടെ കൈകളിലെത്തിച്ച് റോബിൻസണാണ് രാഹുലിന്‍റെ തേരോട്ടം അവസാനിപ്പിച്ചത്.
തൊട്ടുപിന്നാലെ നിലയുറപ്പിക്കും മുേമ്പ അജിൻക്യ രഹാനെയെ (1) റൂട്ടിന്‍റെ കൈകളിലെത്തിച്ച് ആൻഡേഴ്സൺ തുടങ്ങി. തുടർന്നുള്ളവരിൽ ഋഷഭ് പന്തിനും (37), രവീന്ദ്ര ജദേജക്കും (40) മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. മുഹമ്മദ് ഷമി, ജസ്പ്രീസ് ബുംറ എന്നിവർ റൺസൊന്നുമെടുക്കാതെയും ഇശാന്ത് ശർമ എട്ടു റൺസിനും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടമാകാതെ 15 റൺസ് എന്ന നിലയിലാണ്. ഒൻപത് റൺസുമായി റോറി ബേൺസും അഞ്ചു റൺസുമായി ഡൊമിനിക് സിബിലിയുമാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.