ഇംഗ്ലീഷുകാരോട് മേഴ്സി വേണ്ട
text_fieldsഅഡലെയ്ഡ്: ഒന്നരപ്പതിറ്റാണ്ടിന് ശേഷം ഇന്ത്യക്കൊരു ട്വന്റി20 ലോകകിരീടം. ആ സ്വപ്നനേട്ടത്തിലേക്ക് രണ്ടേ രണ്ട് മത്സരങ്ങളുടെ മാത്രം ദൂരം. ഫൈനലിന് ടിക്കറ്റെടുക്കണമെങ്കിൽ ആദ്യം 'ഇംഗ്ലീഷ് ചാനൽ' നീന്തിക്കയറണം. ഫൈനലിൽ കാത്തിരിക്കുന്നത് അയൽക്കാരായ പാകിസ്താനാണ്. വ്യാഴാഴ്ച രണ്ടാം സെമിയിൽ രോഹിത് ശർമയുടെ നീലപ്പട ഇംഗ്ലണ്ടുമായി പോരിനിറങ്ങുമ്പോൾ തോൽക്കുന്നവർക്ക് വെറും കൈയോടെ മടങ്ങാമെന്നതിനാൽ ഇരുകൂട്ടർക്കും ജീവന്മരണക്കളിയാണ്. കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായിരുന്നു ഇംഗ്ലണ്ട്. രണ്ട് തവണ ഫൈനൽ കളിക്കുകയും ഓരോ പ്രാവശ്യം ജേതാക്കളാവുകയും ചെയ്തവരാണ് ഇരു ടീമുകളും.
കണക്കിലും കടലാസിലും ഇന്ത്യ തന്നെ മുന്നിൽ
ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇത് നാലാം ലോകകപ്പ് സെമി ഫൈനലാണ്. എന്നാൽ ഒരു തവണ പോലും ഇരുസംഘവും അവസാന നാലിൽ നേർക്കുനേർ വന്നിട്ടില്ല. ട്വന്റി20യിൽ ആകെ 22 പ്രാവശ്യം ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടി. 12 എണ്ണത്തിൽ ഇന്ത്യയും 10ൽ ഇംഗ്ലണ്ടും ജയിച്ചു. ലോകകപ്പിൽ മൂന്ന് പ്രാവശ്യം മുഖാമുഖം വന്നപ്പോൾ രണ്ടിലും ഇന്ത്യക്ക് തന്നെ വിജയം. അവസാന അഞ്ച് ട്വന്റി20 മത്സരങ്ങളിൽ ഒരു പ്രാവശ്യം മാത്രമാണ് ഇംഗ്ലണ്ടിന് മേധാവിത്വം നേടാനായത്. സൂപ്പർ 12ലെ അഞ്ചിൽ നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ് രണ്ട് ജേതാക്കളായി എത്തിയവരാണ് ടീം ഇന്ത്യ. ഇംഗ്ലണ്ട് പക്ഷേ ഗ്രൂപ് ഒന്നിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നത്തെ മത്സരത്തിൽ ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാവില്ല.
ഇംഗ്ലണ്ടിന് പരിക്കാണ് തലവേദന
ലോകത്തെ തന്നെ വേഗമേറിയ ബൗളർമാരിലൊരാളായ മാർക് വുഡിനും മുൻനിര ബാറ്റർ ഡേവിഡ് മലാനും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളെപ്പോലും നഷ്ടപ്പെടുന്നത് ജോസ് ബട് ലറുടെ സംഘത്തിന് തിരിച്ചടിയാണ്. ഓപണർകൂടിയായ നായകൻ രോഹിത് ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്നത് ഇന്ത്യക്കും തലവേദന. അഞ്ച് മത്സരങ്ങളിൽ രോഹിത് ആകെ നേടിയത് 89 റൺസാണ്. കെ.എൽ. രാഹുൽ ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസം നൽകുന്നു. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ആവർത്തിക്കുമെന്നും വിരാട് കോഹ്ലി ഫോം തുടരുമെന്നും പ്രതീക്ഷിക്കുന്നു ഇന്ത്യൻ ക്യാമ്പ്. കഴിഞ്ഞ മത്സരത്തിൽ ദിനേശ് കാർത്തിക്കിന് പകരം പരീക്ഷിച്ച ഋഷഭ് പന്ത് പെട്ടെന്ന് പുറത്തായത് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഓൾ റൗണ്ടറുടെ ഗണത്തിൽപെടുത്തുന്ന അക്സർ പട്ടേൽ തുടർച്ചയായ അവസരങ്ങൾ ലഭിച്ചിട്ടും പന്തും ബാറ്റും കൊണ്ട് ശോഭിക്കുന്നില്ല. പരിശീലനത്തിനിടെ ഹർഷൽ പട്ടേലിന്റെ പന്ത് വിരാട് കോഹ്ലിയുടെ വയറിൽതട്ടിയെങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രോഹിത്തിന്റെ കണങ്കൈക്കും നിസ്സാര പരിക്കേറ്റിരുന്നു.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ദീപക് ഹൂഡ, ഹർഷൽ പട്ടേൽ, ഋഷഭ് പന്ത്, യുസ്വേന്ദ്ര ചഹൽ.
ഇംഗ്ലണ്ട്: ജോസ് ബട് ലർ (ക്യാപ്റ്റൻ), ബെൻ സ്റ്റോക്സ്, അലക്സ് ഹെയ്ൽസ്, ഹാരി ബ്രൂക്ക്, ഫിൽ സാൾട്ട്, ഡേവിഡ് മലാൻ, സാം കറൻ, മാർക്ക് വുഡ്, മൊയിൻ അലി, ആദിൽ റാഷിദ്, ടൈമൽ മിൽസ്, ക്രിസ് ജോർഡൻ, ലിയാം ലിവിങ്സ്റ്റൺ, ക്രിസ് വോക്സ്, ഡേവിഡ് വില്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.