നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കാൻ 152 റൺസ്
text_fieldsറാഞ്ചി: ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിട്ടും കൂസാതെ ആദ്യം എറിഞ്ഞിട്ടും പിന്നെ അടിച്ചുകയറിയും ജയം പിടിക്കാനൊരുങ്ങി ഇന്ത്യ. നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 40 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ജയിക്കാൻ വേണ്ടത് 152 റൺസ്.
നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ബെൻ സ്റ്റോക്സും സംഘവും ചിലത് തീരുമാനിച്ചുറപ്പിച്ച് മൈതാനത്തെമ്പോൾ ശരിക്കും പ്രതിരോധത്തിലായിരുന്നു ഇന്ത്യ. മൂന്ന് വിക്കറ്റ് ശേഷിക്കെ ടീം 134 റൺസ് പിറകിൽ. സ്കോർ 300 കടത്തി ഇന്നിങ്സ് അവസാനിപ്പിച്ച ആതിഥേയർ പിന്നെ സ്പിന്നർമാരെ മുന്നിൽനിർത്തി 145 റൺസിന് ഇംഗ്ലീഷ് സംഘത്തെ എറിഞ്ഞിടുക കൂടിയായതോടെ എല്ലാം കൈപ്പിടിയിലൊതുങ്ങുകയായിരുന്നു.
കുത്തിത്തിരിയുന്ന പിച്ചിൽ ഫാസ്റ്റ് ബൗളർമാരെ അരികിൽ നിർത്തി സ്പിന്നർമാർ കളിയേറ്റെടുത്ത ദിനത്തിൽ ഇംഗ്ലീഷ് ബാറ്റിങ് അതിവേഗം തകർന്നടിഞ്ഞതാണ് വില്ലനായത്. ഇംഗ്ലീഷ് സംഘം രണ്ടാം ഇന്നിങ്സ് 145ൽ അവസാനിപ്പിച്ചു മടങ്ങി. അഞ്ചു വിക്കറ്റിന് 120 എന്ന നിലയിൽ ചായക്കുശേഷം ബാറ്റിങ് തുടർന്ന ഇംഗ്ലീഷ് തകർച്ച അതിവേഗത്തിലായിരുന്നു. നേരത്തേ ഓപണർ സാക് ക്രോളിയെയും ബെൻ സ്റ്റോക്സിനെയും മടക്കിയ കുൽദീപ് ടോം ഹാർട്ട്ലിയെ ഏഴു റൺസിലും ഓലി റോബിൻസണിനെ പൂജ്യനായും തിരികെ പവിലിയനിലെത്തിച്ചു. ആദ്യ സെഷനിൽ അത്യാവേശത്തോടെ പന്തെറിഞ്ഞ അശ്വിൻ തുടരെ വിക്കറ്റുകൾ പിഴുത് കരിയറിലെ 35ാം അഞ്ചു വിക്കറ്റും തികച്ചു. ഇംഗ്ലണ്ടിനെതിരെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയായിരുന്നു കുൽദീപിന്- 22 റൺസിന് നാലു വിക്കറ്റ്.
നേരത്തേ ഇംഗ്ലീഷ് ബൗളർമാരെ വീരോചിതം നേരിട്ട യുവതാരം ധ്രുവ് ജുറെലിന്റെ കരുത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ അടിച്ചെടുത്തത് 307 റൺസ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 353 റൺസെടുത്തിരുന്നു. 149 പന്തിൽ 90 റൺസെടുത്ത ജുറെൽ പത്താമനായാണ് പുറത്താകുന്നത്. നാലു സിക്സും ആറു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മൂന്നാം ദിനം ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ജുറെലിന്റെ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.
മൂന്നാം ദിനം ടീം സ്കോർബോർഡിൽ കൂട്ടിച്ചേർത്ത 88 റൺസിൽ 60 റൺസും ജുറെലിന്റെ വകയായിരുന്നു. 131 പന്തിൽ 28 റൺസെടുത്ത കുൽദീപ് യാദവിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എട്ടാം വിക്കറ്റിൽ 76 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ജുറെലും കുൽദീപ് യാദവും നടത്തിയ ചെറുത്തുനിൽപാണ് ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത്.
ഇരുനിരയിലും സ്പിന്നർമാർ മാരക ഫോം പുലർത്തിയതായിരുന്നു നാലാം ടെസ്റ്റിന്റെ സവിശേഷത. ഒപ്പം കരിയറിലെ രണ്ടാം ടെസ്റ്റിനിറങ്ങി മികച്ച പ്രകടനവുമായി ടീമിന് ആയുസ്സ് നീട്ടിനൽകിയ ധ്രുവ് ജുറെൽ എന്ന 23കാരന്റെ മികവും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.