സ്വന്തം മണ്ണിലെ തുടർച്ചയായ 13ാം പരമ്പര വിജയം; ചരിത്രം രചിച്ച് ടീം ഇന്ത്യ
text_fieldsന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 3-1ന് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം തങ്ങളുടെ ലോക റെക്കോഡ് ഒന്ന് കൂടി മെച്ചപ്പെടുത്തി.
സ്വന്തം മണ്ണിൽ ഇന്ത്യ നേടുന്ന തുടർച്ചയായ 13ാം ടെസ്റ്റ് പരമ്പര വിജയമാണിത്. മൊേട്ടര സ്റ്റേഡിയത്തിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്നിങ്സിനും 25 റൺസിനും വിജയിച്ചാണ് ഇന്ത്യ പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബെർത്തും സ്വന്തമാക്കിയത്.
2013ൽ ആസ്ട്രേലിയയെ 4-0ത്തിന് തകർത്തായിരുന്നു സ്വന്തം മണ്ണിലെ ഇന്ത്യൻ പ്രയാണത്തിന്‍റെ തുടക്കം.
എട്ട് വർഷ കാലയളവിനിടെ പാകിസ്താൻ ഒഴികെ എട്ട് ടെസ്റ്റ് രാജ്യങ്ങളെ ഇന്ത്യ പരാജയപ്പെടുത്തി. 2013ന് ശേഷം ആസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും രണ്ടുതവണ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. 2012-13 സീസണിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ അവസാന ഹോം പരാജയം.
1994-2001, 2004-2008 കാലയളവുകളിൽ തുടർച്ചയായ 10 ഹോം പരമ്പര വിജയങ്ങളുമായി ആസ്ട്രേലിയയായിരുന്നു മുമ്പ് റെക്കോഡ് അലങ്കരിച്ചിരുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ടീമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. 2019 ആഗസ്റ്റ് മുതൽ 17 ടെസ്റ്റുകൾ കളിച്ച ഇന്ത്യ 12 ജയം സ്വന്തമാക്കി. നാലെണ്ണം തോറ്റപ്പോൾ ഒരു മത്സരം സമനിലയിലാക്കി. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 520 പോയന്‍റും രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് 420 പോയന്‍റുമാണുള്ളത്. ജൂണിൽ ലോഡ്സിൽ വെച്ചാണ് ഫൈനൽ.
വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകളെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്തിയ ഇന്ത്യ ആസ്ട്രേലിയയെ അവരുടെ മണ്ണിൽ പോയി തുരത്തി.
വിൻഡീസിനും ബംഗ്ലാദേശിനുമെതിരെ ഇന്ത്യ രണ്ട് ടെസ്റ്റുകൾ വീതം വിജയിച്ചു. ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനെയും മൂന്ന് മത്സരങ്ങളിലാണ് കീഴടക്കിയത്. ഈ വർഷം ജനുവരിയിൽ സിഡ്നിയിൽ ഓസീസിനെതിരെയായിരുന്നു ഏക സമനില.
അഹമദാബാദിൽ കളിച്ച അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ വെറും അഞ്ച് ദിവസത്തിനുള്ളിൽ ജയിച്ചിരുന്നു. ഇരുജയങ്ങൾക്കുമായി ഒരു ടെസ്റ്റ് മത്സരത്തിന്‍റെ ദൈർഖ്യമായ അഞ്ച് ദിവസം മാത്രമാണ് എടുത്തതെന്ന കാര്യം ഇന്ത്യൻ ടീമിന്‍റെ ശക്തി വിളിച്ചോതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.