ഇംഗ്ലീഷ് മരുന്നിൽ തലകറങ്ങിവീണ ഇന്ത്യ
text_fields2022 മേയിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും മികച്ച വിജയമെന്നായിരുന്നു ഹൈദരാബാദ് ടെസ്റ്റിനുശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ പ്രതികരണം. ഒന്നാം ഇന്നിങ്സിൽ 190 റൺ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ തകർച്ചയിൽനിന്നും കരകയറി വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിൽ കൂടിയായിരുന്നു ആ വാക്കുകൾ.
ബാറ്റിങ്ങിൽ ഒലീ പോപ്പും ബൗളിങ്ങിൽ അരങ്ങേറ്റക്കാരൻ ടോം ഹാർട്ട്ലിയും തകർത്താടിയപ്പോൾ തിരിച്ചടി കിട്ടിയത് ടീം ഇന്ത്യക്ക്. ഇതോടെ പതിവുപോലെ ചോദ്യങ്ങൾ ഉയർന്നു. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന വിജയിക്കാമായിരുന്ന മത്സരം കൈവിട്ടത് എങ്ങനെ.
ടീം ആവശ്യപ്പെടുന്ന രീതിയിൽ മറ്റു ബാറ്റർമാരെ കൂട്ടി മികച്ച സ്കോറിലേക്ക് എത്തിച്ച പോപ്പും പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ ഏഴു വിക്കറ്റുകൾ വീഴ്ത്തി കശക്കിയ ഹാർട്ട്ലിയുമാണ് ഇംഗ്ലണ്ടിനെ ജയത്തിലേക്കെത്തിച്ചത്. ഫീൽഡിങ്ങിലും പോപ് മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ 10 ഇന്നിങ്സുകളിലായി ഒരു അർധസെഞ്ച്വറിപോലും നേടാത്ത ശുഭ്മൻ ഗില്ലിനും ശ്രേയസ് അയ്യർക്കും സ്കോർ കണ്ടെത്താനാകാത്തത് വലിയ തിരിച്ചടിയായി.
ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം ഇന്നിങ്സിൽ നൂറിൽ കൂടുതൽ റൺസിന് ലീഡ് നേടിയശേഷം ഇന്ത്യ ഹോം ടെസ്റ്റിൽ തോൽക്കുന്നത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ 69ൽ 61 ഓവറും പന്തെറിഞ്ഞത് സ്പിന്നർമാരായിരുന്നു. മാർക് വുഡ് മാത്രമായിരുന്നു പേസർ. സ്പിന്നിന് അനുകൂലമായ പിച്ചിൽ നാലു സ്പിന്നർമാരെ ഉപയോഗിച്ച് ഇംഗ്ലണ്ട് ഇന്ത്യയെ കറക്കി വീഴ്ത്തി.
സ്പിന്നർ ഹാർട്ട്ലിക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഹാർട്ട്ലിയും മറ്റു രണ്ടു സ്പിന്നർമാരും ചേർന്നാണ് ഒമ്പതു വിക്കറ്റും വീഴ്ത്തിയത്. ഒരാൾ റണ്ണൗട്ടായി. പാർട്ട്ടൈം ബൗളറായ ജോ റൂട്ട് രണ്ട് ഇന്നിങ്സിലുമായി അഞ്ചു വിക്കറ്റെടുത്തു. മറ്റു സ്പിന്നർമാരായ ജാക് ലീച്ചും റെഹാൻ അഹ്മദും മോശമാക്കിയില്ല.
ഒന്നാം ഇന്നിങ്സിൽ 190 റൺ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ ആക്രമിച്ചുകളിക്കുകയായിരുന്നു ഇംഗ്ലണ്ട്. എന്നിട്ടും ഒരു ഘട്ടത്തിൽ തോൽവിയിലേക്കു നീങ്ങവെ സധൈര്യം പോരാടിയ പോപ്പിന്റെ മികവിൽ രണ്ടാം ഇന്നിങ്സ് അവസാനിക്കുന്നത് 420 റൺസിലാണ്.
ആറാം വിക്കറ്റിൽ ബെൻ ഫോക്സിന്റെ കൂടെ ചേർന്ന് 112. പിന്നീട് വന്ന റഹാൻ അഹമ്മദിന്റെ കൂടെ 64. അരങ്ങേറ്റക്കാരനായ ഹാർട്ട്ലിയോടൊപ്പം 80 റണ്ണിന്റെയും കൂട്ടുകെട്ട്. 196 റണ്ണെടുത്ത ഒലി പോപ്പിന്റെ ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിന് വിലങ്ങുതടിയായത്. അശ്വിൻ-ജദേജ കൂട്ടുകെട്ടിന് നിർണായക സമയങ്ങളിൽ വിക്കറ്റെടുക്കാനായില്ല. സെഞ്ച്വറി പിന്നിട്ട ഉടനെ പോപ്പിന്റെ ക്യാച്ച് മിസ്സായതും തിരിച്ചടിയായി.
230 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ബാറ്റർമാർക്ക് ലക്ഷ്യത്തിലെത്താനായില്ല. പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്ത്യൻ തുടക്കം. സ്പിന്നിനെതിരെ അത്യാവശ്യം നല്ല രീതിയിൽ കളിക്കുന്ന ബാറ്റർമാർക്ക് പിഴച്ചു. ഒരാൾക്കുപോലും അർധസെഞ്ച്വറി നേടാനായില്ല.
കിട്ടിയ അവസരങ്ങളെല്ലാം കൃത്യമായി ഉപയോഗിക്കുകയായിരുന്നു ഇംഗ്ലണ്ട്. ബൗളിങ്ങിലും ഫീൽഡിങ്ങിലും. ഒരു സെഞ്ച്വറിപോലുമില്ലാതെ ഒന്നാം ഇന്നിങ്സിൽ 436 റൺ നേടിയ ഇന്ത്യൻ താരങ്ങളെ ദീർഘനേരം ക്രീസിൽ നിൽക്കാൻ അവസരം നൽകാതെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ട് മടക്കി. ഹാർട്ട്ലി എറിഞ്ഞ ഒരു ഓവറിൽ ജയ്സ്വാളിനെയും ഗില്ലിനെയും പോപ് ക്യാച്ചിലൂടെ പുറത്താക്കി ബാറ്റിങ്ങിലെ കൂട്ടുകെട്ട് ഇരുവരും ബൗളിങ്ങിലും ഫീൽഡിങ്ങിലും കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.