ഏതു ഫോർമാറ്റിലും തേരുതെളിക്കുന്ന കൗമാരക്കാരെ നിർമിക്കാൻ ഇന്ത്യയിൽ മെഷീൻ- ക്രുനാൽ പാണ്ഡ്യയെയും പ്രസിദ്ധ് കൃഷ്ണയെയും പ്രശംസയിൽ മൂടി ഇൻസമാം
text_fieldsകറാച്ചി: അരങ്ങേറ്റം ഗംഭീരമാക്കി വെടിക്കെട്ടുമായി ഇന്ത്യൻ പടയോട്ടത്തിന് ചുക്കാൻ പിടിച്ച ക്രുനാൽ പാണ്ഡ്യയെയും സഹതാരം പ്രസിദ്ധ് കൃഷ്ണയെയും പ്രശംസയിൽ പൊതിഞ്ഞ് മുൻ പാക് ക്യാപ്റ്റൻ ഇൻസമാമുൽ ഹഖ്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 66 റൺസ് വിജയവുമായി മടങ്ങിയ ഇന്ത്യൻ നിരയിൽ പുതുമുഖങ്ങൾ ഗംഭീര പ്രകടനവുമായി നിറഞ്ഞതിനു പിന്നാലെയാണ് പാക് താരത്തിന്‍റെ അഭിനന്ദനം. ഏതു ഫോർമാറ്റിലും തകർപ്പൻ കളി കാഴ്ചവെക്കാനാകുന്ന യുവതലമുറയെ നിർമിക്കുന്ന പ്രത്യേക മെഷീൻ ഇന്ത്യയിൽ സ്ഥാപിച്ചിട്ടുണ്ടെന്നും രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ അവർ കഴിവ് തെളിയിക്കുന്നതിൽ അവർ മിടുക്കരാണെന്നും ഇൻസമാം പറയുന്നു. ''രണ്ടു പേരായിരുന്നു ആ കളിയിൽ അരങ്ങേറിയത്. മുതിർന്ന താരങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് അവർ മുന്നിൽ നിർത്തുന്നത്- നന്നായി കളിച്ചില്ലെങ്കിൽ പുറത്താകും''- തന്‍റെ സ്വന്തം യൂടൂബ് ചാനലിൽ ഇൻസമാം പറഞ്ഞു.
''ആസ്ട്രേലിയൻ പരമ്പര മുതൽ ഇന്ത്യയിലെ പുതുനിരയെ ശ്രദ്ധിച്ചുതുടങ്ങിയതാണ്. അത് ഇംഗ്ലണ്ട് പരമ്പരയിലും തുടരുകയാണ്. കഴിഞ്ഞ ആറു മാസങ്ങളായി ഇളമുറക്കാരുടെ കരുത്തിൽ ഇന്ത്യ മികച്ച പ്രകടനമാണ് തുടരുന്നത്''- ഇൻസമാം കൂട്ടിച്ചേർത്തു.
അടുത്തിടെയായി ശുഭ്മാൻ ഗിൽ, അക്സർ പേട്ടൽ, സൂര്യ കുമാർ യാദവ്, ക്രുനാൽ പാണ്ഡ്യ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, നവ്ദീപ് സെയ്നി, പ്രസിദ്ധ് കൃഷ്ണ, ടി നടരാജൻ തുടങ്ങി പുത്തൻനിര ഇന്ത്യൻ കുതിപ്പിൽ വലിയ സംഭാവനകൾ നൽകിയിരുന്നു. ട്വന്‍റി20യിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരും ആദ്യ ഏകദിനത്തിൽ ക്രുനാൽ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ എന്നിവരുമാണ് ഇന്ത്യൻ കരുത്തിന്‍റെ കാഹളം മുഴക്കിയത്. 26 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ക്രുനാൽ പാണ്ഡ്യ 31 പന്തിൽ 58 പന്തുമായി പുറത്താകാതെ നിന്നു. കെ.എൽ രാഹുലുമായി ചേർന്ന് ക്രുനാൽ 112 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായതെന്നും ഇൻസമാം പറയുന്നു.
പ്രസിദ്ധ് കൃഷ്ണയാകട്ടെ, കന്നിയങ്കത്തിൽ 54 റൺസ് വിട്ടുനൽകി നാലു വിക്കറ്റുമായി ഇംഗ്ലീഷ് ചെറുത്തുനിൽപ് പാതിവഴിയിൽ തീർത്ത് ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
പുതുതലമുറ കടുത്ത സമ്മർദമാണ് മുതിർന്ന താരങ്ങൾക്കുമേൽ സൃഷ്ടിക്കുന്നതെന്നും പ്രകടനം തുടരാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് വന്നതായും ഇൻസമാം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.