ഇത് ടീം ഗെയിം; പെർത്തിൽ ലോക ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ഇന്ത്യ, ടെസ്റ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ വീണ്ടും ഒന്നാമത്
text_fieldsപെർത്ത്: ആസ്ട്രേലിയയെ അവരുടെ സ്വന്തം നാട്ടിൽ തകർത്തുകൊണ്ടാണ് ടീം ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തങ്ങളുടേതാക്കി മാറ്റിയത്. വ്യക്തിഗത നേട്ടങ്ങൾക്കോ പ്രകടനങ്ങൾക്കോ അപ്പുറം ബുംറയും സംഘവും ടീം ഗെയിമിലൂടെയാണ് കങ്കാരുക്കളെ തകർത്തത്. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ അൽപം നിരാശപ്പെടുത്തിയെങ്കിലും പിന്നീടുള്ള ഓരോ നിമിഷവും കളി പിടിച്ചെടുക്കുന്ന ഇന്ത്യൻ സംഘത്തെ ആവേശത്തോടെയാണ് ആരാധകർ കണ്ടുനിന്നത്. പെർത്തിൽ കളി നേരിൽ കാണാനെത്തിയ ആറായിരത്തിലേറെ കാണികളിൽ ഏറിയ പങ്കും ടീം ഇന്ത്യയെ പിന്തുണക്കാനെത്തിയവരായിരുന്നു. ഇവരെ നിരാശരാക്കാതെ പരമ്പരയിൽ ലീഡ് നേടാനായതിന്റെ ആത്മവിശ്വാസത്തോടെ ടീം ഇന്ത്യക്ക് അടുത്ത മത്സരത്തിന് തയാറെടുക്കാം.
ന്യൂസിലൻഡിനെതിരെ 3-0ന് പരമ്പര കൈവിട്ട ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറാൻ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ലെന്ന സാഹചര്യത്തിലാണ് ആസ്ട്രേലിയയിലെത്തുന്നത്. നേരിടേണ്ടത് നിലവിലെ ടെസ്റ്റ് ചാമ്പ്യന്മാരെ ആണെന്നത് ആശങ്കയേറ്റുന്ന വിഷയമായിരുന്നു. കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ തകർത്താണ് ഓസീസ് കിരീടം നേടിയത്. ഇപ്പോഴത്തെ ക്യാപ്റ്റൻ പാറ്റ് കമിൻസ് തന്നെയാണ് അന്നും അവരെ നയിച്ചത്. പിന്നാലെ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പും സ്വന്തമാക്കി ലോകക്രിക്കറ്റിൽ തങ്ങൾ തന്നെയാണ് രാജാക്കന്മാരെന്ന് അരക്കിട്ടുറപ്പിച്ച ആസ്ട്രേലിയൻ നിരയെ കരുതലോടെ തന്നെ നേരിടേണ്ട സാഹചര്യം. ഫോം കണ്ടെത്താനാകാതെ ഉഴറുന്ന സൂപ്പർ താരം വിരാട് കോഹ്ലിയും കെ.എൽ. രാഹുലും വീണ്ടും ടീമിൽ ഇടം നേടിയതിന് മാനേജ്മെന്റ് വിമർശനം നേരിട്ടിരുന്നു. എന്നാൽ 295 റൺസിന്റെ വമ്പൻ ജയത്തോടെ വിമർശകരുടെ വായടപ്പിക്കുകയാണ് ടീം ഇന്ത്യ.
രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ ബുംറയുടെ തീരുമാനത്തെ സാധൂകരിക്കുന്നതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മുൻനിര ബാറ്റർമാർ ഓസീസ് പേസർമാരെ നേരിടാനാകാതെ എളുപ്പത്തിൽ കീഴടങ്ങി. അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 150 റൺസിന് പുറത്തായതോടെ ഇന്ത്യ തോൽവി തുടരുമെന്ന പ്രതീതിയുയർന്നു. എന്നാൽ ആദ്യദിനം തന്നെ ഏഴ് ഓസീസ് വിക്കറ്റുകൾ പിഴുതെടുത്ത് ഇന്ത്യൻ പേസർമാർ തിരിച്ചടിച്ചതോടെ കളിയുടെ ഗതി മാറി. രണ്ടാംദിനം ആദ്യ സെഷനിൽ തന്നെ ഓസീസ് ഇന്നിങ്സ് 104ൽ അവസാനിപ്പിച്ച ഇന്ത്യൻ ബോളർമാർ ടീമിന് 46 റൺസിന്റെ ലീഡ് സമ്മാനിച്ചു.
ബോളർമാർ നിർത്തിയിടത്തുനിന്ന് ഇന്ത്യൻ ബാറ്റർമാരും കങ്കാരുക്കളെ കശാപ്പു ചെയ്തു. ആദ്യ ഇന്നിങ്സിൽ പരാജയപ്പെട്ട ഇന്ത്യൻ മുൻനിര ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ ഓസീസ് പോസർമാരുടെ ബോളിങ്ങിന് മൂർച്ച നഷ്ടപ്പെട്ടു. യശസ്വി ജയ്സ്വാൾ (161) ടോപ് സ്കോറർ ആയപ്പോൾ ഇടവേളക്കു ശേഷം റൺ മെഷീൻ വിരാട് കോഹ്ലിയും (100*) സെഞ്ച്വറി നേടി. ആറിന് 487 എന്ന നിലയിൽ മൂന്നാം ദിനം ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്സിൽ നേടിയതിന്റെ മൂന്നിരട്ടിലേറെ റൺസ് നേടിയാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. 534 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസിന്റെ മറുപടി 238ൽ അവസാനിച്ചു. 89 റൺസ് നേടിയ ട്രാവിസ് ഹെഡാണ് അവരുടെ ടോപ് സ്കോറർ. സ്വന്തം മണ്ണിൽ റൺസ് അടിസ്ഥാനത്തിൽ ഓസീസിന്റെ ഏറ്റവും വലിയ തോൽവിയാണിത്. രണ്ടിന്നിങ്സിലുമായി എട്ട് വിക്കറ്റ് പിഴുത ക്യാപ്റ്റൻ ബുംറയാണ് കളിയിലെ താരം.
അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ രോഹിത് ശർമയെത്തും. ഡിസംബർ ആറ് മുതലാണ് മത്സരം. പരമ്പര പിടിക്കാനായാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യക്ക് വമ്പൻ മുന്നേറ്റം നടത്താം. പെർത്തിൽ ആസ്ട്രേലിയയെ തകർത്തതോടെ ഇന്ത്യൻ ടീം ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 61.11 ആണ് ഇന്ത്യയുടെ പോയിന്റ്. രണ്ടാമതുള്ള ഓസീസിന് 57.69 പോയിന്റാണുള്ളത്. ശ്രീലങ്ക (55.56), ന്യൂസിലൻഡ് (54.55), ദക്ഷിണാഫ്രിക്ക (54.17) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.