ലീഡ് 300 കടന്നു; വാങ്കഡെയിൽ ഇന്ത്യയുടെ സമഗ്രാധിപത്യം
text_fieldsമുംബൈ: അജാസ് പട്ടേൽ 119 റൺസ് വഴങ്ങി ഇന്നിങ്സിലെ പത്തു വിക്കറ്റും കൈക്കലാക്കി അപൂർവനേട്ടം കൈവരിച്ചതിനുപിറകെ ന്യൂസിലൻഡിെൻറ പത്തു വിക്കറ്റും 62 റൺസിന് നിലംപരിശാക്കി ഇന്ത്യ രണ്ടാം ടെസ്റ്റിൽ വ്യക്തമായ മേൽക്കൈ നേടി. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസിൽ മൂന്നാം ദിനം കളിയവസാനിപ്പിച്ച ആതിഥേയർക്ക് രണ്ടു ദിനവും പത്തു വിക്കറ്റും ശേഷിക്കെ 332 റൺസിെൻറ ലീഡായി.
നാലിന് 221 റൺസിൽ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യ 325 റൺസടിച്ചശേഷം കിവീസ് ഇന്നിങ്സ് 62ൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യക്കെതിരെ ന്യൂസിലൻഡിെൻറ ഏറ്റവും കുറഞ്ഞ ഇന്നിങ്സ് സ്കോറാണിത്.
കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇന്ത്യൻ ബൗളർമാർ ന്യൂസിലൻഡിെൻറ നട്ടെല്ലൊടിച്ചത്. മൂന്നു വിക്കറ്റ് പിഴുത പേസർ മുഹമ്മദ് സിറാജ് മുൻനിര തകർത്തപ്പോൾ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും (നാല്) അക്സർ പട്ടേലും (രണ്ട്) ജയന്ത് യാദവും (ഒന്ന്) ചേർന്ന് ബാക്കിയുള്ളവരുടെ കഥ കഴിച്ചു. 17 റൺസെടുത്ത വാലറ്റക്കാരൻ കെയ്ൽ ജയ്മിസണാണ് കിവീസ് നിരയിലെ ടോപ്സ്കോറർ. സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ടോം ലതാം (10) മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. വിൽ യങ് (4), ഡാരിൽ മിച്ചൽ (8), റോസ് ടെയ്ലർ (1), ഹെൻറി നികോൾസ് (7), ടോം ബ്ലൻഡൽ (8), രചിൻ രവീന്ദ്ര (4) തുടങ്ങിയവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല.
ഇശാന്ത് ശർമക്കുപകരം അവസരം ലഭിച്ച സിറാജിെൻറ തകർപ്പൻ ബൗളിങ്ങാണ് (നാലു ഓവറിൽ 19 റൺസിന് മൂന്നു വിക്കറ്റ്) ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. യങ്ങിനെ വിരാട് കോഹ്ലിയുടെയും ലതാമിനെ ശ്രേയസ് അയ്യരുടെയും കൈകളിലെത്തിച്ച ശേഷം ടെയ്ലറുടെ കുറ്റി തെറുപ്പിച്ച സിറാജിെൻറ പന്ത് മനോഹരമായിരുന്നു.
വമ്പൻ ലീഡ് നേടിയിട്ടും ന്യൂസിലൻഡിനെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാം വട്ടം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി മായങ്ക് അഗർവാളും (38) ചേതേശ്വർ പുജാരയും (29) ആണ് ക്രീസിൽ. ഫീൽഡിങ്ങിനിടെ ശുഭ്മൻ ഗില്ലിന് പരിക്കേറ്റതിനാലാണ് പുജാര ഓപൺ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.