മഴക്കളിയിൽ അഞ്ച് റൺസ് ജയത്തോടെ ഇന്ത്യ സെമിയിൽ
text_fieldsകേപ്ടൗൺ: വനിത ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെ അഞ്ച് റൺസിന് തോൽപിച്ച് ഇന്ത്യ സെമിയിൽ. നാല് മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച് ആറ് പോയന്റുമായാണ് ഇന്ത്യ അവസാന നാലിലേക്ക് മുന്നേറിയത്. ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽനിന്ന് സെമിയിലെത്തിയ മറ്റൊരു ടീം.
മഴ കളിമുടക്കിയതോടെ ഡെക്ക്‍വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ ജയിച്ചുകയറിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് അടിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 8.2 ഓവറിൽ രണ്ടിന് 54 എന്ന സ്കോറിൽ നിൽക്കെ മഴയെത്തുകയായിരുന്നു. ഇതോടെയാണ് മഴനിയമം ഇന്ത്യക്ക് അനുഗ്രഹമായത്. 25 പന്തിൽ 32 റൺസുമായി ഗാബി ലൂയിസും 20 പന്തിൽ 17 റൺസുമായി ക്യാപ്റ്റൻ ലോറ ഡെലാനിയുമായിരുന്നു ക്രീസിൽ. അമി ഹണ്ടർ ഒരു റൺസെടുത്ത് റണ്ണൗട്ടായപ്പോൾ ഓർല പ്രെന്റർഗാസ്റ്റിനെ റണ്ണെടുക്കും മുമ്പ് രേണുക സിങ് ബൗൾഡാക്കി. ഗാബിയും ലോറയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് മഴയെത്തിയത്.
56 പന്തിൽ 87 റൺസ് അടിച്ചുകൂട്ടിയ ഓപണർ സ്മൃതി മന്ഥാനയുടെ ബാറ്റിങ്ങാണ് ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തായത്. മൂന്ന് സിക്സും ഒമ്പത് ഫോറുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സ്മൃതി മന്ഥാനയും ഷഫാലി വർമയും അടങ്ങുന്ന ഓപണിങ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഷഫാലി 29 പന്തിൽ 24 റൺസെടുത്ത് പുറത്താവുമ്പോൾ ഇന്ത്യ 9.3 ഓവറിൽ 62 റൺസിലെത്തിയിരുന്നു. എന്നാൽ, തുടർന്നെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാൻ കഴിയാത്തതാണ് തിരിച്ചടിയായത്. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (13), റിച്ച ഘോഷ് (പൂജ്യം), ജെമീമ റോഡ്രിഗസ് (19), ദീപ്തി ശർമ (പൂജ്യം) പൂജ വസ്ത്രകാർ (പുറത്താകാതെ രണ്ട്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ന്യൂസിലാൻഡിനായി ലോറ ഡെലാനി മൂന്നും ഓർല പ്രന്റർഗാസ്റ്റ് രണ്ടും അർലീൻ കെല്ലി ഒന്നും വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.