പാക് നായകൻ ബാബർ അസം വലിയ തെറ്റ് വരുത്തി; വിമർശനവുമായി മുൻ ഇന്ത്യൻ ഇതിഹാസം
text_fieldsആസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള പാകിസ്താൻ ടീം തെരഞ്ഞെടുപ്പിൽ നായകൻ ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. സൂപ്പർ 12 സ്റ്റേജിൽ ഇന്ത്യക്കു പിന്നാലെ സിംബാബ്‌വെയോടും അട്ടിമറി തോൽവി വഴങ്ങിയതിനു പിന്നാലെ പാകിസ്താന്‍റെ സെമി സാധ്യത തുലിസാണ്. ടീമിന്‍റെ മോശം പ്രകടനത്തിൽ അസമിനെ വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നിരുന്നു.
സെമി യോഗ്യത നേടുന്നതിന് ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചാൽ മാത്രം മതിയാകില്ല. ഗ്രൂപിലെ മറ്റു ടീമുകളുടെ മത്സര ഫലത്തെ കൂടി ആശ്രയിച്ചിരിക്കും. നായകന്‍റെ ടീം തെരഞ്ഞെടുപ്പാണ് പാകിസ്താന്‍റെ മോശം പ്രകടനത്തിനു പിന്നിലെന്ന് സുനിൽ ഗവാസ്കർ തുറന്നടിക്കുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ പേസർ മുഹമ്മദ് വാസീം ജൂനിയറിനെ ആദ്യ ഇലനിൽ ഇറക്കാത്തത് വലിയ വീഴ്ചയായെന്ന് ഗവാസ്കർ പറയുന്നു.
ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയോടാണ് അദ്ദേഹം മുഹമ്മദ് വസീമിനെ താരതമ്യപ്പെടുത്തിയത്. പാകിസ്താന് സ്ഥിരതയുള്ള ഒരു മധ്യനിര ഇല്ലെന്ന് മുൻതാരം പറയുന്നു. 'നേരത്തെ ട്വന്‍റി20 മത്സരങ്ങളിൽ ഫഖർ സമാൻ 3, 4 ഓർഡറുകളിൽ കളിച്ചിരുന്നു. താരം ഇപ്പോൾ ആദ്യ ഇലവനിലില്ല, അദ്ദേഹം ടീമിന്റെ ഭാഗം മാത്രമാണ്. ഷാൻ മസൂദ് ടീമിലുണ്ടെങ്കിലും ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. ആസ്ട്രേലിയൻ സാഹചര്യങ്ങളിൽ, മുഹമ്മദ് വസീമിനെപോലെയുള്ള താരങ്ങളെയാണ് ആവശ്യം' -ഗവാസ്കർ കൂട്ടിച്ചേർത്തു.
വാസിം കഴിവുള്ളവനാണ്. അവൻ ഹാർദിക് പാണ്ഡ്യയെ പോലെയാണ്. ഇന്ത്യക്കെതിരെ അവനെ കളിപ്പിച്ചില്ല. പകരം രണ്ട് സ്പിന്നർമാരെ കളിപ്പിച്ചു. സിഡ്‌നിയിൽ അത് കുഴപ്പമില്ല, എന്നാൽ മറ്റ് വേദികളിൽ 3-4 ഓവറുകൾ ബൗൾ ചെയ്യാനും അവസാന ഓവറുകളിൽ 30 റൺസ് നേടാനും കഴിയുന്ന ഒരു കളിക്കാരനെയാണ് ആവശ്യമെന്നും ഗവാസ്കർ പ്രതികരിച്ചു. തോൽവിക്കു പിന്നാലെ ബാബർ അസമിനെ വിമർശിച്ച് വഖാർ യൂനിസും വാസിം അക്രമവും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.