അടിപതറി ഇന്ത്യൻ യുവനിര, 102ന് പുറത്ത്; സിംബാബ്‌വെക്ക് 13 റൺസ് ജയം
text_fieldsഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ട്വന്‍റി20യിൽ ഇന്ത്യക്ക് 13 റൺസിന്‍റെ പരാജയം. വിജയലക്ഷ്യമായ 116 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യൻ യുവനിര 102 റൺസിന് പുറത്തായി. 29 പന്തിൽ 31 റൺസ് നേടിയ നായകൻ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ മൂന്ന് വിക്കറ്റ് പിഴുതു. സ്കോർ: സിംബാബ്‌വെ - 20 ഓവറിൽ 9ന് 115, ഇന്ത്യ - 19.5 ഓവറിൽ 102ന് പുറത്ത്.
ലോകകപ്പ് നേടിയ ടീമിലെ ആരുമില്ലാതെ, യുവനിരയുമായാണ് ഇന്ത്യ സിംബാബ്‌വെയിലെത്തിയത്. താരതമ്യേന ദുർബലരായ സിംബാബ്‌വെയെ നിസാരന്മാരായി കണ്ട ഇന്ത്യൻ താരങ്ങൾക്ക് പാടെ പിഴച്ചു. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ സിംബാബ്‌വെ ബോളർമാർ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് ഹരാരെയിൽ കണ്ടത്. സിക്കന്ദർ റാസക്ക് പുറമെ ടെൻഡായ് ചതാരയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
അരങ്ങേറ്റ മത്സരത്തിനെത്തിയ ഓപ്പണർ അഭിഷേക് ശർമ, റിങ്കു സിങ്, മുകേഷ് കുമാർ എന്നിവർ സംപൂജ്യരായാണ് കൂടാരം കയറിയത്. ഋതുരാജ് ഗെയ്ക്വാദ് (7), റിയാൻ പരാഗ് (2), ധ്രുവ് ജുറേൽ (6), രവി ബിഷ്ണോയ് (9) എന്നിവർ നിരാശപ്പെടുത്തി. മധ്യനിരയിൽ പിടിച്ചുനിന്ന വാഷിങ്ടൻ സുന്ദർ (27) ഇടക്ക് ജയപ്രതീക്ഷ ഉയർത്തിയെങ്കിലും മത്സരം ഫിനിഷ് ചെയ്യാനായില്ല. വാലറ്റത്ത് ആവേശ് ഖാൻ (16) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.
നേരത്തെ, സ്പിന്നർ രവി ബിഷ്ണോയിയുടെ മികച്ച പ്രകടനത്തിലൂടെയാണ് സിംബാബ്‌വെയുടെ ഇന്നിങ്സ് 115 റൺസിൽ അവസാനിച്ചത്. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ബിഷ്ണോയ് പിഴുതത്. വാഷിങ്ടൺ സുന്ദർ രണ്ടും മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 29 റൺസെടുത്ത ക്ലൈവ് മദാൻഡെയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.