സിമ്മൺസിന് ഫിഫ്റ്റി (41 പന്തിൽ 57); സചിന്‍റെ ഇന്ത്യ മാസ്റ്റേഴ്സിന് 149 റൺസ് വിജയലക്ഷ്യം
text_fieldsറായ്പുർ: ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ഫൈനലിൽ ബ്രയാൻ ലാറ നയിക്കുന്ന വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിനെതിനെ ഇന്ത്യ മാസ്റ്റേഴ്സിന് 149 റൺസ് വിജയലക്ഷ്യം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ലെൻഡിൽ സിമ്മൺസിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ടീമിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 41 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്ത താരത്തെ വിനയ് കുമാർ ക്ലീൻ ബൗൾഡാക്കി. ഡ്വെയ്ൻ സ്മിത്തും തിളങ്ങി. 35 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 45 റൺസെടുത്താണ് പുറത്തായത്.
ഒന്നാം വിക്കറ്റിൽ സ്മിത്തും ലാറയും ചേർന്ന് 3.5 ഓവറിൽ 34 റൺസെടുത്തു. പിന്നാലെ ലാറ വിനയ് കുമാറിന്‍റെ പന്തിൽ പവൻ നെഗിക്ക് ക്യാച്ച് നൽകി മടങ്ങി. ആറു പന്തിൽ ആറു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. വില്യം പെർക്കിൻസ് (ഏഴു പന്തിൽ ആറ്), രവി രാംപോൾ (അഞ്ചു പന്തിൽ രണ്ട്), ചാഡ്വിക്ക് വാൾട്ടൺ (ആറു പന്തിൽ ആറ്), ആഷ്ലി നഴ്സ് (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 12 റൺസുമായി ദിനേഷ് രാംദിൻ പുറത്താകാതെ നിന്നു.
ആറാം വിക്കറ്റിൽ സിമ്മൺസും ദിനേഷ് രാംദിനും ചേർന്ന് 44 പന്തിൽ നേടിയ 61 റൺസാണ് ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ഇന്ത്യക്കായി വിനയ് കുമാർ മൂന്നു വിക്കറ്റ് വീഴ്ത്തി. ഷഹബാസ് നദീം രണ്ടും പവൻ നേഗി, സ്റ്റുവർട്ട് ബിന്നി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ബ്രയാൻ ലാറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യൻ ടീമിൽ യുവരാജ് സിങ്, യൂസുഫ് പത്താൻ, ഇർഫാൻ പത്താൻ, അമ്പാട്ടി റായിഡു ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരക്കുന്നുണ്ട്. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെമിയിൽ ആസ്ട്രേലിയൻ മാസ്റ്റേഴ്സിനെ 94 റൺസിനാണ് തോൽപിച്ചത്. രണ്ടാം സെമിയിൽ ശ്രീലങ്കൻ മാസ്റ്റേഴ്സിനെ ആറ് റൺസിന് മറികടന്നാണ് വെസ്റ്റിൻഡീസ് ഫൈനലിൽ എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.