ഡിക്ലെയർ ചെയ്ത് ആസ്ട്രേലിയ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയിക്കാൻ 275 റൺസ്!
text_fieldsബോർഡർ ഗവാസ്കർ മൂന്നാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിൽ രണ്ട് സെഷൻ മാത്രം ബാക്കിയിരിക്കെ ഇന്ത്യയുടെ മുന്നിൽ 275 റൺസിന്‍റെ വിജയലക്ഷ്യം വെച്ച് ആസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ 89/7 എന്ന നിലിയൽ ആസ്ട്രേലിയ ഡിക്ലയർ ചെയ്തു. 185 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് കങ്കാരുക്കൾക്കുണ്ടായിരുന്നു.
അവസാന ദിനം ആദ്യ സെഷനിൽ ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ വാലറ്റനിര എട്ട് റൺസ് കൂടി കൂട്ടിച്ചേർത്ത് പുറത്തായി. 31 റൺസ് നേടിയ ആകാശ് ദീപായിരുന്നു പുറത്തായത്. 10 റൺസുമായി ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയ ബാറ്റിങ് തകർച്ച നേരിടുകയായിരുന്നു. അറ്റാക്ക് ചെയ്ത് കളിച്ച് പെട്ടെന്ന് റൺസ് കയറ്റാമെന്നുള്ള ഓസീസിന്‍റെ പദ്ധതി നടപ്പിലായില്ല. ഉസ്മാൻ ഖവാജ (8), മാർനസ് ലബുഷെയ്ൻ (1) എന്നിവരെ ബുംറ പെട്ടെന്ന് മടക്കി. നഥാൻ മക്സ്വീനി (4), മിച്ചൽ മാർഷ് (2) എന്നിവരെ ആകാശ് ദീപും മടക്കി.
ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി തികച്ച സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കയ്യിലെത്തിച്ചു. ഹെഡ് 17 റൺസ് നേടി. ആക്രമിച്ച് കളിച്ച ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 10 പന്തിൽ നിന്നും 22 റൺസ് നേടി പുറത്തായി. ബുംറക്കായിരുന്നു വിക്കറ്റ്. 20 റൺസുമായി അലക്സ് കാരിയും രണ്ട് റൺസുമായി മിച്ചൽ സ്റ്റാർക്കും പുറത്താകാതെ നിന്നു. 54 ഓവറിലാണ് ഇന്ത്യക്ക് 274 റൺസ് വിജയിക്കാൻ വേണ്ടത്. മഴ ഇനിയും പെയ്യാൻ സാധ്യതയുള്ളതിനാൽ മത്സരം സമനിലയിൽ കലാശിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
അതേസമയം ഇന്ത്യൻ ബാറ്റിങ് ആരംഭിച്ച് മൂന്ന് ഓവറാമ്പോഴേക്കും മൂടിക്കെട്ടിയ കാർമേഘം കാരണം മത്സരം നിർത്തിവെച്ചു. എട്ട് റൺസിന് വിക്കറ്റൊന്നും നഷ്ടമാകാതെ നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.