'ഇദ്ദേഹത്തെ ടീമിൽ നിലനിർത്തു'; താരത്തെ പിന്തുണച്ച് ഹർഭജൻ സിങ്
text_fieldsഏഷ്യ കപ്പിൽ ഇന്ത്യയുടെ തുടർച്ചയായ തോൽവിക്കു പിന്നാലെ ടീം തെരഞ്ഞെടുപ്പിലും താരങ്ങളുടെ പ്രകടനത്തിലും വിമർശനം ഉന്നയിച്ച് നിരവധി മുൻ താരങ്ങളാണ് രംഗത്തുവന്നത്. ഇടംകൈയൻ ബാറ്ററായ ശിഖർ ധവാനെ ട്വന്‍റി20 ടീമിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് മുൻ ഓഫ് സ്പ്പിന്നർ ഹർഭജൻ സിങ് പറയുന്നത്.
ഐ.പി.എല്ലിലെ താരത്തിന്‍റെ പ്രകടനം കണക്കിലെടുത്താണ് ഹർഭജൻ ധവാനെ പിന്തുണക്കുന്നത്. ഇന്ത്യ ശ്രീലങ്കക്കെതിരെ ആറു വിക്കറ്റ് തോൽവി വഴങ്ങിയതിനു പിന്നാലെയായിരുന്നു ഈ അഭിപ്രായപ്രകടനം. പഞ്ചാബ് കിങ്സ് ഐ.പി.എൽ പ്ലേഓഫിന് യോഗ്യത നേടിയില്ലെങ്കിലും വെറ്ററൻ താരം സ്ഥിരതയുള്ള പ്രകടനമാണ് നടത്തിയത്. 14 മത്സരങ്ങളിൽനിന്നായി 460 റൺസാണ് ധവാൻ അടിച്ചെടുത്തത്. ഇതിൽ മൂന്ന് അർധ സെഞ്ച്വറികളുണ്ട്. 88 റൺസാണ് മികച്ച സ്കോർ
നേരത്തെ, ഡൽഹി കാപിറ്റൽസിനുവേണ്ടിയും ധവാൻ മികച്ച രീതിയിൽ കളിച്ചിരുന്നു. 'ഇഷാൻ കിഷനെയും ശിഖർ ധവാനെയും തിരികെ ടീമിലെടുക്കുക. ശിഖർ റൺ വേട്ടക്കാരനാണ്, സ്ഥിരത പുലർത്തുന്ന താരവും, നിലവിലെ ഇന്ത്യൻ ടീമിന് ആ സ്ഥിരത ആവശ്യമാണ്. എല്ലാ ഐ.പി.എൽ സീസണിലും മാന്യമായ റൺസ് നേടാറുണ്ട്. അതിനാൽ, അനുഭവ പരിചയമുള്ള, റൺസ് സ്കോർ ചെയ്യാൻ അറിയാവുന്ന കളിക്കാരെ തിരികെ കൊണ്ടുവരണമെന്നാണ് എന്റെ അഭിപ്രായം' -ഹർഭജൻ മാധ്യമങ്ങളോട് പറഞ്ഞു.
രോഹിത്, വിരാട്, കെ.എൽ. രാഹുൽ തുടങ്ങിയവരെല്ലാം മികച്ച കളിക്കാരാണ്. എന്നാൽ ഓരോ ഫോർമാറ്റിലും ആരാണ് മികച്ചതെന്ന് കണ്ടറിയണം. ദിനേശ് കാർത്തിക്കിനെ പുറത്തിരുത്താൻ എന്ത് തെറ്റാണ് ചെയ്തത്? മികച്ച പ്രകടനത്തിന് ശേഷം 37ാം വയസ്സിൽ അദ്ദേഹം ടീമിൽ ഇടം നേടി. വെസ്റ്റിൻഡീസിലും മറ്റ് വിദേശ പിച്ചിലും അദ്ദേഹം നന്നായി കളിച്ചു, നന്നായി ബാറ്റ് ചെയ്തെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.