ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം ഇന്ന്
text_fieldsഇൻഡോർ: നീണ്ട ഇടവേളക്കുശേഷം ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്താൻ ഇന്ത്യക്ക് സുവർണാവസരം. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജയിച്ചാൽ നിലവിൽ മൂന്നാമതുള്ള ഇന്ത്യക്ക് ഒന്നിലേക്ക് കയറാം. ആദ്യ രണ്ട് ഏകദിനങ്ങളും നേടി പരമ്പര സ്വന്തമാക്കി രോഹിത് ശർമയും സംഘവും 2023ലെ അപരാജിത യാത്ര തുടരുകയാണ്. ശ്രീലങ്കക്കെതിരെ 3-0ത്തിന് തൂത്തുവാരിയതിന് പിന്നാലെയാണ് കിവികൾക്കെതിരായ പ്രകടനം.
നാലിൽനിന്ന് കുത്തനെ കയറ്റം
കഴിഞ്ഞ ദിവസം വരെ റാങ്കിങ്ങിൽ നാലാമതായിരുന്നു ടീം ഇന്ത്യ. ന്യൂസിലൻഡിനെ രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റിന് തോൽപിച്ചതോടെ കഥ മാറി. 111 റേറ്റിങ് പോയൻറുണ്ടായിരുന്ന ഇന്ത്യയുടെത് 113 ആയി. 115 പോയന്റിൽ ഒന്നാമതായിരുന്ന ന്യൂസിലൻഡിന്റേത് 113 ആയി കുറഞ്ഞ് രണ്ടാം സ്ഥാനത്തേക്കിറങ്ങി. നിലവിൽ യഥാക്രമം ഒന്നും മൂന്നും റാങ്കുകാരായ ഇംഗ്ലണ്ടിനും ഇന്ത്യക്കും 113 പോയൻറ് വീതമാണ്. ഇന്ന് ജയിക്കുന്നതോടെ രോഹിതും കൂട്ടരും ഒന്നിലേക്ക് കയറും. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡ് മൂന്നിലേക്കും ഇറങ്ങും. ഐ.സി.സി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയാണ് ഒന്നാമന്മാർ. ടെസ്റ്റിൽ ആസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്തും.
പരീക്ഷണ സാധ്യതകൾ
ന്യൂസിലൻഡിനെ സംബന്ധിച്ച് ഒരു ജയമെങ്കിലും നേടി മാനം കാക്കൽ അത്യാവശ്യമാണ്. ഒന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്കോർ നേടിയിട്ടും 12 റൺസ് അരികെയാണ് കിവികൾക്ക് അടിതെറ്റിയത്. രണ്ടാം മത്സരത്തിൽ പക്ഷേ, തകർന്നടിഞ്ഞു. ആദ്യ കളിയിൽ ബൗളർമാർ യഥേഷ്ടം റൺസ് വഴങ്ങിയത് ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ എല്ലാവരും നന്നായി പന്തെറിഞ്ഞതോടെ ന്യൂസിലൻഡിനെ ചുരുട്ടിക്കെട്ടിയത് ആശ്വാസമായി. ഇതുവരെ അവസരം ലഭിക്കാത്ത ഉമ്രാൻ മാലിക്കിനെയും സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെയും കൊണ്ടുവരാൻ ഇന്ത്യൻ ക്യാമ്പിൽ ആലോചനയുണ്ട്. ശ്രീലങ്കക്കെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയ മുൻനിര ബാറ്റർ വിരാട് കോഹ്‍ലി രണ്ട് മത്സരത്തിലും പരാജയമായി. കെ.എൽ. രാഹുലിന്റെ അഭാവം മുതലെടുക്കാൻ ഇഷാൻ കിഷനും കഴിഞ്ഞില്ല. ബാറ്റർ രജത് പാട്ടിദാർ, ഓൾ റൗണ്ടർ ഷഹബാസ് അഹമ്മദ് തുടങ്ങിയവരും അവസരം കാത്തിരിക്കുന്നുണ്ട്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്‍ലി, രജത് പാട്ടിദാർ, സൂര്യകുമാർ യാദവ്, കെ.എസ്. ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്.
ന്യൂസിലൻഡ്: ടോം ലതാം (ക്യാപ്റ്റൻ), ഫിൻ അലൻ, ഡഗ് ബ്രേസ്‌വെൽ, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ഇഷ് സോധി, ബ്ലയർ ടിക്നർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.