ഇന്ത്യ-ന്യൂസിലൻഡ് സെമി നാളെ; ടീമുകൾ മുംബൈയിൽ
text_fieldsമുംബൈ: മുമ്പ് മൂന്നു തവണ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലെത്തിയിട്ടും ഇന്ത്യൻ ടീമിന് സ്വന്തമാകാത്ത അപൂർവനേട്ടം. ഇന്ത്യയെന്നല്ല മറ്റൊരു ടീമും ഇന്നോളം ഈ റെക്കോഡിലെത്തിയിട്ടുമില്ല. റൗണ്ട് റോബിൻ ലീഗിൽ 10 സംഘങ്ങളും പരസ്പരം ഏറ്റുമുട്ടിയാണ് സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കാറ്.
എല്ലാവരെയും തോൽപിച്ച് സെമിയിൽ കടക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി രോഹിത് ശർമയുടേത്. യഥാക്രമം ആസ്ട്രേലിയ, അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ് എന്നിവർ ഇന്ത്യയോട് തോൽവി ഏറ്റുവാങ്ങി. ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ബുധനാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതും ഈ പ്രകടനമാണ്.
റൺസ് വാരി ബാറ്റർമാർ
ആദ്യം ബാറ്റ് ചെയ്ത നാലിൽ മൂന്ന് അവസരങ്ങളിലും 300 റൺസിനപ്പുറം സ്കോർ ചെയ്തു ടീം ഇന്ത്യ. രണ്ടു വട്ടം 350 കടന്നതിൽ ഒന്ന് 410ലെത്തി. ഇംഗ്ലണ്ടിനെതിരെ 229ൽ അവസാനിപ്പിച്ചതു മാത്രമാണ് അപവാദം. രണ്ടാമത് ബാറ്റ് ചെയ്ത അഞ്ചു തവണയും വിയർക്കാതെ ചേസ് ചെയ്തു.
ന്യൂസിലൻഡിനെതിരെ നേടിയ നാലു വിക്കറ്റ് ജയമാണ് കൂട്ടത്തിലെ ചെറിയ പ്രകടനം. ഒരു കളിയിൽ പോലും ഇന്ത്യ ഓൾ ഔട്ടായില്ല. ടോപ് സ്കോറർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളുണ്ട്. വിരാട് കോഹ്ലി നയിക്കുന്ന പട്ടികയിൽ അദ്ദേഹത്തോടൊപ്പം നായകൻ രോഹിത് ശർമയും 500 റൺസിന് മുകളിൽ നേടിയിട്ടുണ്ട്. എട്ടാമനായ ശ്രേയസ് അയ്യർ 400ന് മുകളിലും.
മറ്റു പ്രധാന ബാറ്റർമാരായ ശുഭ്മൻ ഗില്ലിന്റെയും കെ.എൽ. രാഹുലിന്റെയും പെർഫോമൻസും മികച്ചതുതന്നെ. നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ ആറാട്ടായിരുന്നു. മുൻനിരയിലെ അഞ്ചു ബാറ്റർമാരും അർധ സെഞ്ച്വറി നേടി. അതിൽ ശ്രേയസും രാഹുലും സെഞ്ച്വറിയും തികച്ചു. ഏകദിന ലോകകപ്പ് ചരിത്രത്തിൽ തന്നെ ഒരു ടീമിലെ ആദ്യ അഞ്ചു ബാറ്റർമാരും 50ന് മുകളിൽ റൺസടിക്കുന്നത് ഇതാദ്യം.
ബൗളിങ്ങിൽ ഫാബുലസ് ഫൈവ്
മുമ്പ് പല ലോകകപ്പുകളിലും ഇന്ത്യക്ക് തലവേദനയായിരുന്നത് ബൗളിങ്ങായിരുന്നു. എതിർ ബാറ്റർമാരെ എല്ലായ്പോഴും വേഗംകൊണ്ടു വിറപ്പിക്കാനും കറക്കിവീഴ്ത്താനും കഴിയുന്നവർ ഒന്നോ രണ്ടോ മാത്രമായിരുന്നു കൂട്ടത്തിൽ. ഫാബുലസ് ഫൈവ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ മത്സരഗതി മാറ്റാൻ പ്രാപ്തരായ അഞ്ചു ബൗളർമാരാണ് ഇപ്പോൾ ഇന്ത്യയുടെ കരുത്ത്.
പേസ് ബൗളിങ്ങിൽ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും. സ്പിന്നർമാരായി കുൽദീപ് യാദവും രവീന്ദ്ര ജദേജയും. അഞ്ചു മത്സരങ്ങളിൽ ഇന്ത്യ രണ്ടാമതാണ് ബാറ്റ് ചെയ്തത്. 300ന് അരികിൽ പോലും എത്താൻ ആദ്യം ബാറ്റിങ്ങിനിറങ്ങിയവർക്കായില്ല.
ന്യൂസിലൻഡിന്റെ ടോട്ടലായ 273 ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ ചേസ് ചെയ്ത ശ്രീലങ്കയെ 55ഉം ദക്ഷിണാഫ്രിക്കയെ 83ഉം ഇംഗ്ലണ്ടിനെ 129ഉം റൺസിൽ എറിഞ്ഞിട്ടു. ആകെ ആറ് ടീമുകളെ ഓൾ ഔട്ടാക്കി. 17 വിക്കറ്റുമായി ബുംറയാണ് ഇന്ത്യക്കാരിൽ ഒന്നാമൻ. ഷമിയും ജദേജയും 16 വീതവും കുൽദീപ് 14ഉം സിറാജ് 12ഉം ഇരകളെ കണ്ടെത്തി.
ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾ മുംബൈയിൽ
മുംബൈ: ബുധനാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനൽ മത്സരത്തിനു മുന്നോടിയായി ഇന്ത്യ, ന്യൂസിലൻഡ് ടീം അംഗങ്ങൾ മുംബൈയിൽ പറന്നിറങ്ങി. നെതർലൻഡ്സിനെതിരായ കളിക്കുശേഷം ബംഗളൂരുവിൽ നിന്നാണ് ഇന്ത്യൻ താരങ്ങൾ എത്തിയത്. വിരാട് കോഹ്ലി മറ്റൊരു വിമാനത്തിലാണ് വന്നത്. കിവീസ് താരങ്ങൾ ഇന്നലെ പരിശീലനത്തിനിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.