മിനിറ്റിൽ 250 ബിരിയാണികൾക്ക് ഓർഡർ; ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം, കോളടിച്ചത് സ്വിഗ്ഗിക്ക്
text_fieldsന്യൂഡൽഹി: ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാരണം കോളടിച്ചത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിക്ക്. ബദ്ധവൈരികളുടെ ആവേശപ്പോര് കാണാനായി ആളുകൾ മൊബൈൽ-ടിവി സ്ക്രീനുകൾക്ക് മുന്നിൽ ഒതുങ്ങിയതോടെ തങ്ങൾക്ക് മിനിറ്റിൽ 250 ബിരിയാണികളുടെ ഓർഡറുകളാണ് ലഭിച്ചുകൊണ്ടിരുന്നതെന്ന് സ്വിഗ്ഗി പറഞ്ഞു.
മത്സരം ആരംഭിച്ചതിന് ശേഷം മിനിറ്റിൽ 250 ബിരിയാണികളുടെ ഓർഡറാണ് തങ്ങൾക്ക് ലഭിച്ചതെന്ന് അവർ വെളിപ്പെടുത്തി. ചണ്ഡീഗഡിലെ ഒരു വീട്ടിൽ നിന്ന് ഒറ്റയടിക്ക് 70 ബിരിയാണികളുടെ ഓർഡർ വന്നു; അവർ ഇതിനകം ആരാണ് വിജയിക്കാൻ പോകുന്നതെന്ന് മനസിലാക്കി ആഘോഷം തുടങ്ങിയെന്ന് തോന്നി, ” -കമ്പനി പറഞ്ഞു.
കൂടാതെ, ഇന്ത്യക്കാർ ഒരു ലക്ഷത്തിലധികം ശീതളപാനീയങ്ങളും മത്സരത്തിന്റെ ഭാഗമായി ഓർഡർ ചെയ്തു. യഥാക്രമം 10,916, 8,504 യൂണിറ്റ് ബ്ലൂ ലെയ്‌സ് (ചിപ്‌സ്), ഗ്രീൻ ലെയ്‌സ് എന്നിവയും ഓൺലൈനായി ഓർഡർ ചെയ്തു. -സ്വിഗ്ഗി എക്സിൽ പങ്കുവെച്ചു.
അതേസമയം, പാകിസ്താനെതിരെ ഇന്ത്യ ഇന്നലെ മിന്നും ജയമായിരുന്നു സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ സ്കോർ 300 കടക്കുമെന്ന് തോന്നിച്ച പാകിസ്താനെ 191 റൺസിൽ ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. രണ്ടു വിക്കറ്റിന് 155 റൺസ് എന്ന നിലയിൽനിന്നായിരുന്നു അവരുടെ ഇന്നിങ്സ് 191 റൺസിൽ അവസാനിച്ചത്. 36 റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെ പാകിസ്താന്‍റെ ബാക്കിയുള്ള എട്ടു വിക്കറ്റുകൾ ഇന്ത്യ എറിഞ്ഞിട്ടു.
പാകിസ്താൻ കുറിച്ച 192 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ, 117 പന്തുകൾ ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. പാകിസ്താനെതിരെ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ജയമാണ്. ഈ ലോകകപ്പിലെ മൂന്നാം ജയത്തോടെ പോയന്‍റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. രോഹിത് 63 പന്തിൽ 86 റൺസെടുത്താണ് പുറത്തായത്. ആറു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.