നവരാത്രി ആരംഭം: ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം പുന:ക്രമീകരിച്ചേക്കുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്‍റെ തിയതി മാറ്റിവെക്കുമെന്ന് റിപ്പോർട്ടുകൾ. നവരാത്രി ആരംഭ ദിനത്തിലെ തിരക്ക് പരിഗണിച്ചാണിത്. ഇന്ത്യ-പാക് മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിലാണ് നടക്കേണ്ടത്. എന്നാൽ, അന്ന് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകുന്നതിനാൽ രാത്രിയിലും വൻ ജനക്കൂട്ടം പുറത്തുണ്ടാകുമെന്ന് സുരക്ഷാ ഏജൻസികൾ ബി.സി.സി.ഐക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം.
'മുന്നിലുള്ള ഓപ്ഷനുകളെ കുറിച്ച് ഞങ്ങൾ ആലോചിക്കുകയാണ്. ഉടൻ ഒരു തീരുമാനമുണ്ടാകും. വാശിയേറിയ ഇന്ത്യ-പാക് മത്സരത്തിന് ആയിരക്കണക്കിന് ആരാധകർ വരുന്നതാണെന്നും തിരക്കേറിയ നവരാത്രി ആരംഭത്തിൽ ഈയൊരു മത്സരം മാറ്റിവെക്കണമെന്നുമാണ് സുരക്ഷാ ഏജൻസികൾ പറഞ്ഞത്' -ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസമാണ് ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഐ.സി.സി പുറത്തുവിട്ടത്. അഹമദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം. അതേസമയം, മത്സരക്രമം മാറ്റുന്നത് ഹോട്ടൽ മുറികളും വിമാനടിക്കറ്റുകളും മുൻ കൂട്ടി ബുക് ചെയ്ത ആരാധകരെ വലയ്ക്കും.
ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ലോകകപ്പ് സംഘാടനത്തിന്‍റെ ഭാഗമായ സംഘടനകളുടെ യോഗം വ്യാഴാഴ്ച ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യങ്ങളും ഇന്ത്യ-പാക് മത്സരം മാറ്റണമോയെന്നതും സംബന്ധിച്ച് യോഗത്തിൽ ധാരണയായേക്കും.
ഒക്ടോബർ അഞ്ചിന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാൻഡും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. നവംബർ 19ന് ഫൈനൽ മത്സരവും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നവംബർ 15നും 16നും മുംബൈയിലും കൊൽക്കത്തയിലുമായാണ് സെമി ഫൈനലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.