സുന്ദരം ഈ ചങ്കുറപ്പ്...കങ്കാരുക്കളെ വിരട്ടി ഇന്ത്യൻ വാലറ്റം
text_fieldsബ്രിസ്ബെയ്ൻ: വാലറ്റത്ത് നിശ്ചയദാർഢ്യത്തോടെ ശാർദുൽ താക്കൂറും (67) വാഷിങ്ടൺ സുന്ദറും (62) ബാറ്റുവീശിയപ്പോൾ ആസ്േട്രലിയക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വീറുറ്റ പ്രകടനവുമായി ഇന്ത്യ. മുൻനിര മങ്ങിയതോടെ, വൻ ലീഡു വഴങ്ങി നില പരുങ്ങലിലായേക്കുമെന്ന ഘട്ടത്തിൽ സെഞ്ച്വറി കൂട്ടുകെട്ടുമായി അവസരത്തിനൊത്തുയർന്ന് സുന്ദർ-ശാർദൂൽ ജോടി ചെറുത്തുനിന്നപ്പോൾ ഒന്നാമിന്നിങ്സിൽ ഓസീസിന് മറുപടിയായി സന്ദർശകർ 336 റൺസെടുത്തു. ഒന്നാമിന്നിങ്സിൽ ആസ്ട്രേലിയയുടെ ലീഡ് അതോടെ 33 റൺസിലൊതുങ്ങി. മൂന്നാം ദിനം സ്റ്റംപെടുക്കുേമ്പാൾ ആതിഥേയർ രണ്ടാമിന്നിങ്സിൽ വിക്കറ്റ് നഷ്ടമാവാതെ 21 റൺസെടുത്തിട്ടുണ്ട്. 22 പന്തിൽ ഡേവിഡ് വാർണർ 20 റൺസുമായി ക്രീസിലുണ്ട്. പത്തു വിക്കറ്റ് കൈയിലിരിേക്ക, ഓസീസ് മൊത്തം 54 റൺസിന് മുന്നിലാണ്.
രണ്ടു വിക്കറ്റിന് 62 റൺസെന്ന നിലയിൽ മൂന്നാംദിനം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാൻ പേരുകേട്ട ചേതേശ്വർ പൂജാരയാണ് ആദ്യം കളം വിട്ടത്. 94 പന്തിൽ 25 റൺസെടുത്ത പൂജാര ജോഷ് ഹേസൽവുഡിന്‍റെ പന്ത് പ്രതിരോധിക്കാനാഞ്ഞപ്പോൾ ബാറ്റിലുരുമ്മി വിക്കറ്റിന് പിന്നിൽ ടിം പെയ്നേ ക്യാച്ചെടുക്കുകയായിരുന്നു. വൈകാതെ ക്യാപ്റ്റൻ അജിൻക്യ രഹാനെയും മടങ്ങി. 93 പന്തിൽ മൂന്നു ഫോറടക്കം 37ലെത്തിയ ഇന്ത്യൻ നായകന്‍റെ അന്തകനായത് മിച്ചൽ സ്റ്റാർക്. മൂന്നാം തവണയും സ്ലിപ്പിനിടയിലെ പഴുതിലൂടെ ബൗണ്ടറി കൊതിച്ച രഹാനെയുെട കണക്കുകൂട്ടൽ പിഴപ്പോൾ പന്ത് നാലാം സ്ലിപ്പിൽ മാത്യൂ വെയ്ഡിന്റെ കൈകളിൽ.
പിന്നാെല മായങ്ക് അഗർവാളിനെയും (75 പന്തിൽ 38) ഋഷഭ് പന്തിനെയും (29 പന്തിൽ 23) പുറത്താക്കി ഹേസൽവുഡ് ഇന്ത്യക്ക് ഇരട്ട പ്രഹരമേകി. അതോടെ ആറിന് 186 റൺസെന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. ഈ ഘട്ടത്തിലാണ് തീതുപ്പുന്ന ബ്രിസ്ബെയ്നിലെ പിച്ചിൽ പരിചയ സമ്പത്ത് ഒട്ടുമില്ലാത്ത സുന്ദറും ശാർദുലും ഒരുമിക്കുന്നത്. എല്ലാവരെയും അതിശയിപ്പിച്ച്, ഇരുത്തംവന്ന ബാറ്റ്സ്മാന്മാരെപ്പോലെ പാകതയും ജാഗ്രതയും കാട്ടി ഇരുവരും മുന്നേറിയപ്പോൾ ആസ്ട്രേലിയ കുഴങ്ങി. കേവലം പ്രതിരോധമെന്നതിനപ്പുറം ക്ലാസ് ഷോട്ടുകളുമുതിർത്ത ഇരുവരും മുൻനിരക്ക് ഏതുവിധത്തിൽ ബാറ്റുവീശണമെന്ന് 'ക്ലാസെടുക്കുക'യായിരുന്നു. ഓസീസിന്‍റെ മനസ്സുമടുപ്പിച്ച ഈ കൂട്ടുകെട്ട് ടീം സ്കോർ 300കടത്തിയശേഷമാണ് വഴിപിരിഞ്ഞത്. ഏഴാം വിക്കറ്റിൽ 123 റൺസ് ചേർത്തശേഷം താക്കൂർ തിരിച്ചുകയറി. 115 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്സുമടക്കം 67 റൺസെടുത്തശേഷമാണ് ശാർദുൽ കീഴടങ്ങിയത്. 47ൽ നിൽക്കെ കുറ്റൻ സിക്സർ പറത്തി ടെസ്റ്റിലെ ആദ്യ അർധശതകം പിന്നിട്ട ശാർദുലിനെ പാറ്റ് കമ്മിൻസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 309 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ.
പിന്നീട് നവ്ദീപ് സെയ്നിയെ (14 പന്തിൽ അഞ്ച്) ഹേസൽവുഡ്, സ്മിത്തിന്റെ കൈകളിലെത്തിച്ചപ്പോൾ സുന്ദറിനെ സ്റ്റാർക്കിന്‍റെ പന്തിൽ സ്ലിപ്പിൽ ഗ്രീൻ പിടികൂടി. 144 പന്തിൽ ഏഴു ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു സുന്ദറിന്‍റെ കന്നി അർധശതകം. പിന്നാലെ വന്ന മുഹമ്മദ് സിറാജ് (10 പന്തിൽ 13) കൂറ്റനടികൾക്ക് ശ്രമിച്ചെങ്കിലും കുറ്റിതെറുപ്പിച്ച് ഹേസൽവുഡ് തന്‍റെ അഞ്ചാം വിക്കറ്റോടെ ഇന്ത്യൻ ഇന്നിങ്സിന് വിരാമമിട്ടു. 24.4 ഓവറിൽ 57 റൺസ് വഴങ്ങിയാണ് ഹേസൽവുഡ് അഞ്ചു വിക്കെറ്റടുത്തത്. സ്റ്റാർക്കും കമ്മിൻസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.