അണ്ടർ 19 ലോകകപ്പ്: ഇന്ത്യ ഉഗാണ്ടയെ 326 റൺസിന് തകർത്തു
text_fieldsതരൗബ (ട്രിനിഡാഡ് ആൻഡ് ടുബാഗോ): അണ്ടർ 19 ലോകകപ്പിലെ ഗ്രൂപ്പ് 'ബി' പോരാട്ടത്തിൽ ഇന്ത്യ ഉഗാണ്ടയെ 326 റൺസിന് തകർത്തു. ടൂർണമെന്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യ ബാറ്റുചെയ്ത ഇന്ത്യ രാജ് ബവയുടെയും (162 നോട്ടൗട്ട്) അംഗ്കൃഷ് രഘുവംശിയുടെയും (144) സെഞ്ച്വറി മികവിൽ അഞ്ച് വിക്കറ്റിന് 405 റൺസ് അടിച്ചുകൂട്ടി. ടൂർണമെന്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ എതിരാളികളെ ഇന്ത്യൻ കൗമാരക്കാർ 19.4 ഓവറിൽ 79 റൺസിന് ചുരുട്ടിക്കെട്ടി. 19 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത നിഷാന്ത് സിന്ധുവാണ് ഉഗാണ്ഡയെ വീഴ്ത്തിയത്.
ലീഗ് ഘട്ടത്തിലെ മൂന്നിൽ മൂന്നും വിയിച്ചാണ് ഇന്ത്യയുടെ പ്രയാണം. നേരത്തെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 45 റൺസിനും അയർലൻഡിനെ 174 റൺസിനും തോൽപിച്ചിരുന്നു. അണ്ടർ 19 ലോകകപ്പിലെ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോറാണ് ബവ പടുത്തുയർത്തിയത്. 2004ൽ സ്കോട്ലൻഡിനെതിരെ ശിഖർ ധവാൻ (155 നോട്ടൗട്ട്) നേടിയ റെക്കോഡാണ് പഴങ്കഥയായത്.
ജനുവരി 29ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. മതിയായ സമയമുള്ളതിനാൽ കോവിഡ് ബാധിച്ച നായകൻ യഷ് ദുൽ അടക്കമുള്ള താരങ്ങൾ തിരിച്ചെത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.