ഒരു പ്രതികാരത്തിന്റെ കഥ
text_fieldsഇന്ത്യക്ക് ഇന്ന് നാല് വർഷം മുൻപത്തെ ഒരു കണക്ക് തീർക്കാനുണ്ട്. അന്ന് വിരാട് കോഹ്ലിയുടെ ഇന്ത്യയെ തകർത്തായിരുന്നു കിവികൾ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇംഗ്ലണ്ട് ആതിഥ്യമരുളിയ 2019ലെ ലോകകപ്പിൽ ഒമ്പതിൽ ഏഴു മത്സരങ്ങളും ജയിച്ച് റൗണ്ട് റോബിൻ ലീഗിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. സെമിയിൽ ഇന്ത്യയെ കാത്തിരുന്നത് ന്യൂസിലൻഡ്.
ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ കിവികൾ നേടിയത് 239 റൺസ്. വലിയ വെല്ലുവിളികളില്ലാതെ ഇന്ത്യ ലക്ഷ്യത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും ആദ്യ അഞ്ചു റൺസെടുക്കുന്നതിനിടെ ഓപണർമാരായ രോഹിത് ശർമയും കെ.എൽ. രാഹുലും ക്യാപ്റ്റൻ വിരാട് കോഹ്ലിയും കൂടാരം കയറി. ഇടക്ക് എം.എസ്. ധോണിയും (77) രവീന്ദ്ര ജദേജയും (50) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ടീമിനെ 200 കടത്തിയെങ്കിലും 221ൽ പോരാട്ടം അവസാനിപ്പിച്ചതോടെ 18 റൺസ് തോൽവി. കിരീടവഴിയിൽനിന്ന് ഇന്ത്യയെ മടക്കിവിട്ട ന്യൂസിലൻഡിനോട് മധുരപ്രതികാരം ചെയ്യാനാണ് രോഹിതും സംഘവും ഇറങ്ങുന്നത്.
സെമിയിൽ ഇന്ത്യ ഇതുവരെ
13 ലോകകപ്പുകളിൽ ഇന്ത്യയുടെ എട്ടാം സെമി ഫൈനലാണിത്. മുമ്പ് നടന്ന ഏഴെണ്ണത്തിൽ നാലിലും തോറ്റു. ഫൈനലിലെത്തിയ 1983ലും 2011ലും യഥാക്രമം വെസ്റ്റിൻഡീസിനെയും ശ്രീലങ്കയെയും തോൽപിച്ച് ജേതാക്കളായി. 2003ലെ ഫൈനലിൽ ആസ്ട്രേലിയയോട് പരാജയമേറ്റുവാങ്ങി.
- 2019: ന്യൂസിലൻഡിനോട് 18 റൺസ് തോൽവി (മാഞ്ചസ്റ്റർ)
- 2015: ആസ്ട്രേലിയയോട് 95 റൺസ് പരാജയം (സിഡ്നി)
- 2011: പാകിസ്താനെ 29 റൺസിന് തോൽപിച്ചു (മൊഹാലി)
- 2003: കെനിയയെ 91 റൺസിന് തോൽപിച്ചു (ഡർബൻ)
- 1996: അനിഷ്ട സംഭവങ്ങളെത്തുടർന്ന് ശ്രീലങ്കയെ
- വിജയികളായി പ്രഖ്യാപിച്ചു (കൊൽക്കത്ത)
- 1987: ഇംഗ്ലണ്ടിനോട് 35 റൺസിന് തോറ്റു (മുംബൈ)
- 1983: ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് തോൽപിച്ചു (മാഞ്ചസ്റ്റർ)
- ആകെ 7, ജയം 3, തോൽവി 4
ബാറ്റിങ് വിക്കറ്റ്; പേസർമാർക്കും സന്തോഷം
ബാറ്റർമാരെ തുണക്കുന്നതാണ് ലോകകപ്പിൽ വാംഖഡെ സ്റ്റേഡിയത്തിലെ പിച്ച് കാണിച്ച സ്വഭാവം. മറ്റു സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് ചെറുതാണ് വാംഖഡെ. ബൗണ്ടറിയിലേക്ക് 64-68 മീറ്റർ മാത്രം ദൂരം. റൺസ് ഒഴുക്കാൻ എല്ലാ സാഹചര്യവുമുള്ളയിടം. ലോകകപ്പിൽ ഇവിടത്തെ ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ 350 റൺസ്. 13 പിച്ചുകളുള്ള ഇവിടത്തെ മധ്യവിക്കറ്റാണ് സെമിക്കായി ഒരുക്കുന്നത്. ലോകകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ പിച്ച് പേസർമാരെയും തുണച്ചിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടാം ഇന്നിങ്സിൽ. ലൈറ്റുകൾക്ക് കീഴിൽ പുതിയ പന്തുമായി പേസർമാരും സ്വിങ്ങും സീമും ഉപയോഗപ്പെടുത്തി. നാലു മത്സരങ്ങളിൽ ആദ്യ പവർപ്ലേയിൽ 17 വിക്കറ്റ് ചേസിങ് ടീമിന് നഷ്ടമായപ്പോൾ ആദ്യം ബാറ്റ് ചെയ്തവർക്ക് വീണത് അഞ്ചെണ്ണം മാത്രം. വേഗക്കാർ 6.60 എന്ന ഇക്കോണമി റേറ്റിൽ 47 വിക്കറ്റുകൾ വീഴ്ത്തി. അതേസമയം, സ്പിന്നർമാർക്ക് ഓവറിൽ ശരാശരി 5.9 റൺസ് വഴങ്ങി ഇരകളെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ.
ടോസ് ഫാക്ടർ
ടോസ് വലിയ തോതിൽ സ്വാധീനം ചെലുത്താത്ത വേദിയെന്നതാണ് വാംഖഡെ സ്റ്റേഡിയത്തിന്റെ ചരിത്രം. ടോസ് നഷ്ടപ്പെട്ട ടീമുകളാണ് കൂടുതൽ മത്സരം ജയിച്ചത്, 15. ടോസ് നേടിയവർ ജയിച്ചത് 12ഉം. ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യുന്നതിനാണ് ഇവിടെ ക്യാപ്റ്റന്മാർ മുൻഗണന കൊടുത്തിട്ടുള്ളത്. 27ൽ 17ലും ടോസ് ലഭിച്ചവർ തന്നെ ബാറ്റിങ് തുടങ്ങി. ഇവരിൽ എട്ട് ടീമുകൾ ജയം കണ്ടു. ഒമ്പതു തവണയും ടോസ് നേടി ആദ്യം ബാറ്റ് ചെയ്തവർ തോറ്റു. ഫീൽഡിങ് തിരഞ്ഞെടുത്ത പത്തിൽ നാലു ടീമുകളാണ് ജയിച്ചത്. ആറിലും തോൽവിയായിരുന്നു ഫലം. നിലവിലെ ലോകകപ്പിൽ രണ്ടു തവണയും ഇവിടെ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചവർ പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തവർ ഓരോ മത്സരം വീതം ജയിക്കുകയും തോൽക്കുകയും ചെയ്തു. എങ്കിലും ഇക്കുറി ആദ്യം ബാറ്റ് ചെയ്തവർ റൺസ് അടിച്ചുകൂട്ടിയ അനുഭവമുള്ളതിനാൽ ടോസ് ഭാഗ്യത്തിലും കാര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.