ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: ഒാൾറൗണ്ടർ രവീന്ദ്ര ജദേജയെയും സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ ഹനുമ വിഹാരിയെയും ഉൾപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇവർക്ക് പുറമെ നാല് സ്റ്റാൻഡ്ബൈ താരങ്ങളും ടീമിലുണ്ട്. ജൂൺ 18 മുതൽ ന്യൂസിലൻഡിനെതിരായ ഫൈനലിനും പിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരക്കുമായുള്ള ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും ഇടം നേടിയില്ല. സംഘം ജൂൺ രണ്ടിന് ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കും.
കോവിഡ് പോസിറ്റിവായ വൃദ്ധിമാൻ സാഹയും അപ്പൻഡിസൈറ്റിസിന് ശസ്ത്രക്രിയ കഴിഞ്ഞ കെ.എൽ. രാഹുലും ടീമിൽ ഉണ്ടെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്താലേ ഉൾപ്പെടുത്തു.
മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനത്തോടെ അരങ്ങേറ്റം കുറിച്ചതാണ് അക്സർ പേട്ടലിന് തുണയായത്. മൂന്ന് കളിയിൽ 27 വിക്കറ്റായിരുന്നു താരം വീഴ്ത്തിയത്.
ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ ജദേജ, വിഹാരി, ഷമി എന്നിവർക്ക് ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവാണിത്. െഎ.പി.എല്ലിലെയും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെയും പ്രകടനവുമായി ശ്രദ്ധ നേടിയ പ്രസിദ്ധ് കൃഷ്ണ, അഭിമന്യൂ ഇൗശ്വരൻ, ആവേശ് ഖാൻ, അർസാൻ നാഗസ്വാല എന്നിവരാണ് സ്റ്റാൻഡ്ബൈ താരങ്ങളായി ടീമിൽ ഇടംപിടിച്ചത്.
നേരത്തേ രണ്ട് സംഘമായി ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്നായിരുന്നു പ്ലാൻ. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ റെഡ് ലിസ്റ്റിലായതോടെ, പ്രത്യേക ഇളവോടെ ഒറ്റസംഘമായാണ് ഇന്ത്യ യാത്ര തിരിക്കുക.
ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനു പിന്നാലെ ഇംഗ്ലണ്ടിനെതിരെ നാല് മത്സരങ്ങൾ കളിക്കും. ലോഡ്സ്, ലീഡ്സ്, ഒാവൽ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ആഗസ്റ്റ്-സെപ്റ്റംബറിലാണ് പരമ്പര.
ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പേട്ടൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ, ഉമേഷ് യാദവ്.
കെ.എൽ രാഹുലും വൃദ്ധിമാൻ സാഹയും ഫിറ്റ്നസ് വീണ്ടെടുത്താൽ ടീമിലുൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.