ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്
text_fieldsപാൾ (ദക്ഷിണാഫ്രിക്ക): ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം, രണ്ടാമത്തെ കളി ദക്ഷിണാഫ്രിക്ക നേടിയതും അതേ മാർജിനിൽ... ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് പാൾ ബോളണ്ട് പാർക്കിൽ നടക്കും. ട്വന്റി20 പരമ്പരപ്പങ്കിട്ടും ഏകദിനത്തിലെ ഓരോ മത്സരങ്ങൾ ജയിച്ചും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇരുടീമുകൾക്കും മുൻതൂക്കം നേടാനുള്ള അവസരം കൂടിയാണിത്. കെ.എൽ. രാഹുൽ നയിക്കുന്ന ഇന്ത്യൻ ടീം ആദ്യ കളിയിൽ പുറത്തെടുത്ത മികവിന്റെ നാലയലത്തെത്തിയില്ല രണ്ടാമത്തേതിൽ. ഫലം ദക്ഷിണാഫ്രിക്കക്ക് ഏകപക്ഷീയ വിജയം.
ചൊവ്വാഴ്ച രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 211 റൺസിലൊതുക്കി പ്രോട്ടീസ്. സായ് സുദർശൻ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ ശതകവുമായി തിളങ്ങിയതും രാഹുലിന്റെ രക്ഷാപ്രവർത്തനവും മാത്രം ആശ്വാസം. മറുപടി ബാറ്റിങ്ങിൽ സന്ദർശക ബൗളർമാരെ കൈകാര്യംചെയ്ത ദക്ഷിണാഫ്രിക്കൻ മുൻനിര അനായാസ ജയം സ്വന്തമാക്കി. ഓപണർ ടോണി ഡി സോർസിയുടെ പ്രകടനം എടുത്തുപറയണം.
122 പന്തിൽ 119 റൺസുമായി സോർസി കന്നി ശതകത്തിൽ പുറത്താകാതെനിന്നു. ഒന്നാം വിക്കറ്റിൽ റീസ ഹെൻഡ്രിക്സുമായി ചേർന്ന് 130 റൺസ് കൂട്ടുകെട്ടുയർത്തിയപ്പോൾതന്നെ ഇന്ത്യയുടെ കാര്യം ഏറക്കുറെ തീരുമാനമായി. ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ് രണ്ടാമത്തേതിൽ തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയിൽ ഒരു തവണ മാത്രമാണ് ഇന്ത്യ ഏകദിന പരമ്പര നേടിയത്. 2018ൽ വിരാട് കോഹ്ലി നയിച്ച സംഘം ആറിൽ അഞ്ച് മത്സരങ്ങളും ജയിച്ചു. അഞ്ചു വർഷത്തിനു ശേഷം മറ്റൊരു അവസരം കൂടി കൈവന്നിരിക്കുകയാണ് ഇന്ത്യക്ക്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പാട്ടിദാർ, റിങ്കു സിങ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, ആവേഷ് ഖാൻ, അർഷ്ദീപ് സിങ്, ആകാശ് ദീപ്.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, മിഹ്ലാലി എമപോങ്വാന, വിയാൻ മൾഡർ, ബ്യൂറാൻ ഹെൻഡ്രിക്സ്. റാസി വാൻ ഡെർ ഡസൻ, തബ്രൈസ് ഷംസി, ലിസാഡ് വില്യംസ്, കെയ്ൽ വെറെയ്ൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.