ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്നു മുതൽ; എല്ലാ കണ്ണുകളും കോഹ്ലിയിൽ
text_fieldsകേപ്ടൗൺ: മൈതാനത്തും പുറത്തും നായകവേഷത്തിൽ തകർത്താടിയ ഡീൻ എൽഗാർ കൊണ്ടുപോയ രണ്ടാം ടെസ്റ്റിന് മധുരപ്രതികാരം നൽകി പരമ്പരയുമായി മടങ്ങാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കേപ്ടൗണിൽ ചൊവ്വാഴ്ച ഇന്ത്യൻസമയം രണ്ടിന് ആരംഭിക്കും. ജയിക്കാനായാൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാകും. ശാരീരികപ്രശ്നങ്ങളെ തുടർന്ന് പുറത്തിരുന്ന വിരാട് കോഹ്ലി നായകനായി തിരികെയെത്തുമെന്നതാണ് പ്രധാന സവിശേഷത.
99ാം ടെസ്റ്റ് കളിക്കുന്ന കോഹ്ലിയെ രണ്ടു വർഷമായി വിട്ടുനിൽക്കുന്ന സെഞ്ച്വറി വരുംനാളുകളിൽ പിറക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പകരക്കാരനായി കഴിഞ്ഞ ടെസ്റ്റിൽ ഇറങ്ങി ഇന്ത്യൻ ഇന്നിങ്സിന് കരുത്തുപകർന്ന ഹനുമ വിഹാരി സ്വാഭാവികമായും പുറത്തിരിക്കേണ്ടിവരും. ഓപണിങ് ജോടികളായ മായങ്ക് അഗർവാളും കെ.എൽ.
രാഹുലും പ്രകടിപ്പിച്ച മികച്ച ഫോം മൂന്നാം ടെസ്റ്റിലും തുടരാനായാൽ തുടക്കം ഭദ്രമാകും. ചേതേശ്വർ പുജാര, അജിൻക്യ രഹാനെ എന്നിവരും ഇടം നിലനിർത്തും. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വെറുതെ വിക്കറ്റ് കളഞ്ഞ് പഴിയേറെ കേട്ട ഋഷഭ് പന്തിന് നല്ലനടപ്പു കൂടിയാകും കേപ് ടൗണിലേത്. ബൗളിങ്ങിൽ പ്രതീക്ഷയായ മുഹമ്മദ് സിറാജ് പേശിവലിവിനെ തുടർന്ന് പുറത്താകുമെന്നാണ് സൂചന. പകരക്കാരായി ഇശാന്ത് ശർമയോ ഉമേഷ് യാദവോ ഇറങ്ങിയേക്കും.
മറുവശത്ത്, എൽഗാർ നയിച്ച ബാറ്റിങ്ങും റബാദ മുന്നിൽ നിൽക്കുന്ന ബൗളിങ്ങും ഒരേ മൂർച്ച നിലനിർത്തുന്നുണ്ട്. റബാദക്കൊപ്പം ലുങ്കി എൻഗിഡിയും കഴിഞ്ഞ കളിയിൽ ഇന്ത്യൻ ബാറ്റിങ്ങിനെ പിച്ചിച്ചീന്തിയിരുന്നു. ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ സമ്പൂർണ വാഴ്ചയായിരുന്നുവെങ്കിൽ രണ്ടാമത്തേതിൽ അവസരങ്ങൾ നൽകാതെ ആതിഥേയർ മുന്നിൽനിന്നു. നായകൻ എൽഗാറിനെ അതിവേഗം മടക്കാനായാൽ ഇത്തവണ ആധിപത്യം വീണ്ടെടുത്ത് പരമ്പര ജയിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ടീം: ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, അജിൻക്യ രഹാനെ, ചേതേശ്വർ പുജാര, പ്രിയങ്ക് പഞ്ചൽ, ഹനുമ വിഹാരി, ശ്രേയസ് അയ്യർ, മായങ്ക് അഗർവാൾ, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ജയന്ത് യാദവ്, ഇശാന്ത് ശർമ, ഷാർദുൽ ഠാകുർ, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക: ഐഡൻ മർക്രം, കീഗർ പീറ്റേഴ്സൺ, റസി വാൻ ഡർ ഡസൻ, ടെംബ ബാവുമ, സാരെൽ ഇർവീ, ജോർജ് ലിൻഡെ, മാർകോ ജാൻസൺ, വിയാൻ മുഖ്ദർ, പ്രേനേലൻ സുബ്രയേൻ, കൈൽ വെരെയ്ൻ, റിയാൻ റിക്കൽട്ടൻ, കാഗിസോ റബാദ, ലുങ്കി എൻഗിഡി, ബ്യൂറാൻ ഹെൻഡ്രിങ്ക്സ്, കേശവ് മഹാരാജ്, െഗ്ലൻടൺ സ്റ്റൂർമാൻ, സിസാൻഡ മഗാല, ഡുവാൻ ഒളീവിയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.