ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര: ഏകദിന അങ്കത്തിന് ഇന്ന് തുടക്കം
text_fieldsപാൾ (ദക്ഷിണാഫ്രിക്ക): ടെസ്റ്റ് പരമ്പരയിലെ പരാജയത്തിനു പകരം ചോദിക്കാൻ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പോരാട്ടങ്ങൾക്കിറങ്ങുന്നു. മൂന്നു മത്സര പരമ്പരയിലെ ആദ്യ കളിക്കാണ് ബുധനാഴ്ച ഇരുടീമുകളും പാഡുകെട്ടുക. ഏഴു വർഷത്തിനുശേഷം വിരാട് കോഹ്ലി ആദ്യമായി നായകനല്ലാതെ ഇന്ത്യൻ നിരയിൽ ഇറങ്ങുമ്പോൾ ലോകേഷ് രാഹുലാണ് ടീമിനെ നയിക്കുന്നത്.
വൈറ്റ്ബാൾ നായകസ്ഥാനം നേരത്തേ നഷ്ടമായിരുന്ന കോഹ്ലി ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ പരാജയത്തോടെ ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞിരുന്നു. ഏകദിനത്തിൽ രോഹിത് ശർമയാണ് പകരം ക്യാപ്റ്റനായതെങ്കിലും മുംബൈ താരത്തിന് പരിക്കേറ്റതോടെ രാഹുലിന് നറുക്ക് വീഴുകയായിരുന്നു. രോഹിതിന്റെ അഭാവത്തിൽ ശിഖർ ധവാനോടൊപ്പം ഓപൺ ചെയ്യുമെന്ന് രാഹുൽ വ്യക്തമാക്കി. ഇതോടെ ഋതുരാജ് ഗെയ്ക്വാദിന് കാത്തിരിക്കേണ്ടിവരും. കോഹ്ലിതന്നെയാവും മൂന്നാം നമ്പറിൽ. നാലിൽ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരിൽ ഒരാൾ കളിക്കും. അഞ്ചാമനായി ഋഷഭ് പന്ത് വരും. വെങ്കിടേഷ് അയ്യർ ആയിരിക്കും ആറാം നമ്പറിൽ. മീഡിയം പേസർ കൂടിയായ അയ്യർ ആയിരിക്കും ആറാം ബൗളിങ് ഓപ്ഷൻ. പേസർമാരിൽ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരും സ്പിന്നർമാരിൽ രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവരും കളിക്കും. മൂന്നാം പേസറായി ദീപക് ചഹറോ ശർദുൽ ഠാകുറോ വരും.
തെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ ടെസ്റ്റ് മതിയാക്കിയ ക്വിന്റൺ ഡികോക് കളിക്കാനുണ്ടാവും. കാഗിസോ റബാദ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുൻഗി എൻഗിഡി, റാസി വാൻഡർ ഡ്യൂസൻ തുടങ്ങിയവരാണ് പരിചയസമ്പന്നർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.