ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻറി20: ഫൈനൽ ഡേ; നിർണായക അഞ്ചാം മത്സരം ഇന്ന്
text_fieldsബംഗളൂരു: ആദ്യ രണ്ടു മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക, അടുത്ത രണ്ടു കളികളിൽ ഇന്ത്യ. നാലു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിൽ ടീമുകൾ ഒപ്പത്തിനൊപ്പം. പരമ്പരജേതാക്കളെ നിർണയിക്കുന്ന കളിയാണ് ഞായറാഴ്ച ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങേറുന്നത്.
അവസാന രണ്ടു മത്സരങ്ങളിലെ ജയം നൽകുന്ന മാനസിക മുൻതൂക്കത്തിലായിരിക്കും ഋഷഭ് പന്തും കൂട്ടരുമിറങ്ങുക. എന്നാൽ, നായകന്റെ മോശം ഫോം തന്നെയാവും ഇന്ത്യക്ക് വലിയ തലവേദന. അതേസമയം, മറ്റു ബാറ്റർമാർ ഫോമിലാണെന്നത് ടീമിന് നേട്ടമാണ്. ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിലുള്ള ബൗളർമാരും തരക്കേടില്ലാതെ പന്തെറിയുന്നു. ആദ്യ മത്സരങ്ങളിൽ വിക്കറ്റെടുക്കാനാവാതെ വിഷമിച്ച ആവേശ് ഖാൻ കഴിഞ്ഞ കളിയിൽ നാലു വിക്കറ്റ് വീഴ്ത്തി ഫോം കണ്ടെത്തിയിരുന്നു.
ദക്ഷിണാഫ്രിക്കൻ നിരയിൽ കഴിഞ്ഞ കളിക്കിടെ കൈക്ക് പരിക്കേറ്റ നായകൻ തെംബ ബാവുമ കളിക്കുന്ന കാര്യം ഉറപ്പില്ല. ബാവുമ പുറത്തിരുന്നാൽ റീസ ഹെൻഡ്രിക്സ് തിരിച്ചെത്തും. ക്വിന്റൺ ഡികോക്, ഡേവിഡ് മില്ലർ, റാസി വാൻഡെർ ഡ്യൂസൻ, ഹെന്റിച് ക്ലാസൻ തുടങ്ങിയവരിലാണ് പ്രോട്ടീസിന്റെ ബാറ്റിങ് പ്രതീക്ഷ.
സാധ്യത ടീം
ഇന്ത്യ: ഋതുരാജ് ഗെയ്ക്‍വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡികോക്, റീസ ഹെൻഡ്രിക്സ്, റാസി വാൻഡർ ഡ്യൂസൻ, ഡേവിഡ് മില്ലർ, ഹെന്റിച് ക്ലാസൻ, ഡ്വൈൻ പ്രിട്ടോറിയസ്, മാർകോ യാൻസൺ, വെയ്ൻ പാർനൽ, കാഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച് നോർട്യെ.
കാർദിക് ഷോ
രാജ്കോട്ട്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 പരമ്പരയിലെ നാലാം മത്സരത്തിൽ നിർണായക ജയം സ്വന്തമാക്കാൻ ഇന്ത്യക്കു തുണയായത് ദിനേശ് കാർത്തിക്കിന്റെയും ഹാർദിക് പാണ്ഡ്യയുടെയും ബാറ്റിങ്ങായിരുന്നു. 82 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തിയപ്പോൾ 27 പന്തിൽ 55 റൺസടിച്ച കാർത്തിക്കിന്റെയും 31 പന്തിൽ 46 റൺസെടുത്ത ഹാർദിക്കിന്റെയും ഇന്നിങ്സുകൾ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുകയായിരുന്നു. 13 ഓവറിൽ നാലിന് 81 എന്ന നിലയിൽ തകർച്ച നേരിടുമ്പോഴായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം.
മാസങ്ങൾ മുമ്പുവരെ ഇന്ത്യൻ ടീമിന്റെ ന്യൂക്ലിയസിൽ ഇല്ലാതിരുന്നവരാണ് ഹാർദിക്കും കാർത്തിക്കുമെന്നോർക്കണം. ഐ.പി.എല്ലിലെ തകർപ്പൻ കളിയാണ് ഇരുവർക്കും ദേശീയ ടീമിലേക്ക് വീണ്ടും വഴിതുറന്നത്. ഇവരുടെ ഫോമോടെ ടീം ഇന്ത്യക്ക് ഫിനിഷർമാരുടെ റോളിൽ മറ്റാരെയും നോക്കേണ്ടെന്നായി. ഹാർദിക് പരിക്കേറ്റ് പുറത്തിരുന്ന ഘട്ടത്തിൽ വെങ്കിടേഷ് അയ്യരെയും മറ്റും പരീക്ഷിച്ച് വിജയിക്കാത്ത ആറാം നമ്പർ പൊസിഷനിലാണ് ഇപ്പോൾ ഫോമിന്റെ ഉത്തുംഗതയിൽ നിൽക്കുന്ന കാർത്തിക് എത്തിയത്. വെടിക്കെട്ടിനൊപ്പം ഇന്നിങ്സ് കെട്ടിപ്പടുക്കാനുമാവുമെന്ന് ഐ.പി.എല്ലിൽ തെളിയിച്ച ഹാർദിക് അഞ്ചാം നമ്പറിലുമെത്തിയതോടെ ആ ഭാഗം ക്ലിയറായി.
കാർത്തിക്കിന്റെ ഉയിർത്തെഴുന്നേൽപ് തനിക്കേറെ പ്രചോദനം നൽകിയതായി ഹാർദിക് പറഞ്ഞു. ടീമിൽനിന്ന് പുറത്തായ കാലത്ത് കാർത്തിക് കാണിച്ച നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ഏവർക്കും മാതൃകയാണെന്ന് ഹാർദിക് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.